ബിസിസിഐയുടെ ഇടപെടലും ഫലിച്ചില്ല; രോഹിത്തിനു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലി

Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിലെ ഒരു യുഗം കൂടി അവസാനിക്കുന്നു; ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായ സൂപ്പർതാരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ശരിവച്ചാണ് കോലിയുടെ വിരമിക്കൽ പ്രഖ്യാപനം. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് നേട്ടത്തോടെ ട്വന്റി20 ക്രിക്കറ്റിനോടും വിടപറഞ്ഞ 37കാരനായ വിരാട് കോലിയെ ഇനി രാജ്യാന്തര ക്രിക്കറ്റിൽ കാണാനാകുക ഏകദിന ക്രിക്കറ്റിൽ മാത്രം. ബിസിസിഐ ഉന്നതർ ഉൾപ്പെടെ ഇടപെട്ടിട്ടും തീരുമാനത്തിൽ ഉറച്ചുനിന്നാണ് കോലി ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പയ്ക്കുള്ള ടീം പ്രഖ്യാപനത്തിനു മുന്നോടിയായുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ്, കോലിയുടെ വിരമിക്കൽ പ്രഖ്യാപനം. ഇന്ത്യൻ നായകൻ രോഹിത് ശർമയ്‌ക്കു പിന്നാലെ കോലി കൂടി വിരമിക്കൽ പ്രഖ്യാപിച്ചതോടെ, ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ച് ഇതൊരു യുഗാന്ത്യം കൂടിയാണ്.
ഒന്നര പതിറ്റാണ്ടോളം നീളുന്ന കരിയറിന്, സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് കോലി വിരാമമിട്ടത്. ഇന്ത്യയ്ക്കായി 123 ടെസ്റ്റുകൾ കളിച്ച കോലി, അതിൽ 68 എണ്ണത്തിലും ടീമിന്റെ നായകനായിരുന്നു. 123 ടെസ്റ്റുകളിലായി 210 ഇന്നിങ്സുകളിൽനിന്ന് 46.85 ശരാശരിയിൽ 9230 റൺസാണ് കോലിയുടെ സമ്പാദ്യം. ഇതിൽ 30 സെഞ്ചറികളും 31 അർധസെഞ്ചറികളും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 254 റൺസാണ് ഉയർന്ന സ്കോർ. കരിയറിലാകെ 1027 ഫോറുകളും 30 സിക്സറുകളും നേടി.
11 ഇന്നിങ്സുകളിൽ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും വിക്കറ്റുകളൊന്നും ലഭിച്ചിട്ടില്ല. ആകെ 175 പന്തുകൾ ബോൾ ചെയ്ത കോലി 84 റൺസാണ് വിട്ടുകൊടുത്തത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീൽഡർമാരിൽപ്പെടുന്ന കോലി, ടെസ്റ്റിൽ 121 ക്യാച്ചുകളും സ്വന്തമാക്കിയിട്ടുണ്ട്.
നായകനെന്ന നിലയിലും ഇന്ത്യൻ ക്രിക്കറ്റിൽ സമാനതകളില്ലാത്ത പുതിയൊരു അധ്യായം കൂട്ടിച്ചേർത്താണ് കോലി പാഡഴിക്കുന്നത്. കോലി നയിച്ച 68 ടെസ്റ്റുകളിൽ 40 എണ്ണത്തിലും ഇന്ത്യ ജയിച്ചു. തോറ്റത് 17 ടെസ്റ്റുകളിൽ മാത്രം. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻമാരിൽ ഏറ്റവും ഉയർന്ന വിജയശതമാനവും കോലിക്കു തന്നെ. മഹേന്ദ്രസിങ് ധോണി നയിച്ച 60 ടെസ്റ്റുകളിൽ ഇന്ത്യ ജയിച്ചത് 27 എണ്ണത്തിലാണ്. സൗരവ് ഗാംഗുലി നയിച്ച 49 ടെസ്റ്റുകളിൽ 21 എണ്ണത്തിലും ഇന്ത്യ ജയിച്ചു.
രാജ്യാന്തര ക്രിക്കറ്റിൽത്തന്നെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളുള്ള നായകൻമാരിൽ നാലാമനാണ് കോലി. ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത് (109 ടെസ്റ്റുകളിൽനിന്ന് 53 വിജയം), റിക്കി പോണ്ടിങ് (77 ടെസ്റ്റുകളിൽനിന്ന് 48 വിജയം), സ്റ്റീവ് വോ (57 ടെസ്റ്റിൽനിന്ന് 41 ജയം) എന്നിവർ മാത്രം മുന്നിൽ.