കോലിയുടെ വിരമിക്കൽ പ്രഖ്യാപനത്തിനിടെ ‘കൺഫ്യൂഷൻ’ സൃഷ്ടിച്ച് കുറിപ്പിലെ 269 എന്ന ‘കോഡ് നമ്പർ’; കാരണം തിരഞ്ഞ് ആരാധകർ

Mail This Article
ന്യൂഡൽഹി∙ ഒന്നര പതിറ്റാണ്ടോളം നീളുന്ന ടെസ്റ്റ് കരിയറിന് വിരാമമിടുന്നതായി വിരാട് കോലി അറിയിച്ചത് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെ. ഇന്ന് 11.45ഓടെ ഇൻസ്റ്റഗ്രാമിലാണ് വിരാട് കോലി വിരമിക്കൽ പ്രഖ്യാപനം ഉൾപ്പെടുന്ന കുറിപ്പ് പോസ്റ്റ് ചെയ്തത്. ബുദ്ധിമുട്ടേറിയതെങ്കിലും, കൃത്യമായ തീരുമാനം എന്ന മുഖവരോടെയാണ് കോലി വിരമിക്കൽ പ്രഖ്യാപിച്ചത്. ഒരു പുഞ്ചിരിയോടെ മാത്രമേ ടെസ്റ്റ് കരിയറിലേക്ക് പിന്തിരിഞ്ഞുനോക്കൂ എന്നെഴുതിയ കോലി, 123 ടെസ്റ്റുകൾ നീണ്ട കരിയറിൽ താൻ പൂർണ തൃപ്തനാണെന്ന് വ്യക്തമാക്കിയാണ് കളമൊഴിയുന്നത്.
അതിനിടെ, വിരമിക്കൽ കുറിപ്പിന്റെ അവസാനം വിരാട് കോലി ഹാഷ്ടാഗാക്കിയ ‘269’ എന്ന നമ്പർ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിതെളിച്ചു. വിരമിക്കൽ കുറിപ്പിലെ ഈ ‘കോഡ് നമ്പർ’ എന്താണെന്നായിരുന്നു അന്വേഷണം. ഒടുവിൽ ആരാധകർ അതു കണ്ടെത്തുകയും ചെയ്തു. വിരാട് കോലിയുടെ ‘ക്യാപ് നമ്പറാ’ണ് 269. അതായത്. ഇന്ത്യയ്‌ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറുന്ന താരങ്ങൾക്ക് ഒരു ക്രമനമ്പറുണ്ടാകും. കോലിയുടെ ക്രമനമ്പറാണ് 269. കോലിക്കു മുൻപ് വിരമിച്ച രോഹിത് ശർമയുടെ ക്യാപ് നമ്പർ 280 ആയിരുന്നു. അതായത് കോലി അരങ്ങേറിയ ശേഷം പതിനൊന്നാമനായാണ് രോഹിത് ടെസ്റ്റിൽ അരങ്ങേറിയതെന്ന് സാരം.
‘‘ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ഇന്ത്യയുടെ നീലത്തൊപ്പി അണിഞ്ഞിട്ട് 14 വർഷമായി. ഈ ഫോർമാറ്റ് എനിക്കായി കാത്തുവച്ച യാത്രയെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. അവിടെ ഞാൻ പരീക്ഷിക്കപ്പെട്ടു, വ്യത്യസ്ത വഴികളിലൂടെ പരുവപ്പെട്ടു, ഈ ജീവിതത്തിലുടനീളം ഓർത്തുവയ്ക്കാവുന്ന ഒട്ടേറെ പാഠങ്ങളും പകർന്നു നൽകി.’ – കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘‘വെള്ള ജഴ്സിയിൽ കളിക്കുന്നത് എക്കാലവും വളരെ വൈകാരികമായ, വ്യക്തിപരമായ ഒരു അനുഭവമാണ്. സുദീർഘമായ മത്സരദിനങ്ങളെങ്കിലും അതിനിടെയുള്ള മറ്റാർക്കും അറിയാത്ത സുന്ദരമായ നിമിഷങ്ങൾ എക്കാലവും എനിക്കൊപ്പമുണ്ടാകും.’
‘‘ഈ ഫോർമാറ്റിൽനിന്ന് വിടപറയുമ്പോൾ, അത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം, തന്നെ ഈ തീരുമാനം ശരിയാണെന്ന് എനിക്ക് ഉറപ്പുണ്ട്. സാധ്യമാകുന്നതെല്ലാം ഈ ഫോർമാറ്റിനായി ഞാൻ നൽകിയിട്ടുണ്ട്, ഞാൻ പ്രതീക്ഷിച്ചതിലുമൊക്കെ എത്രയോ മടങ്ങ് അതെനിക്ക് തിരികെ നൽകിയിട്ടുമുണ്ട്.’’
‘‘കൃതഞ്ജതാഭരിതമായൊരു ഹൃദയത്തോടെയാണ് ഞാൻ ടെസ്റ്റ് കരിയറിന് വിരാമമിടുന്നത്. ഈ കളിയോട്, കളത്തിൽ ഒപ്പമുണ്ടായിരുന്ന സഹതാരങ്ങളോട്, ഇക്കാലമത്രയും കൂടെ നിന്ന എല്ലാവരോടും നന്ദി. എക്കാലവും ഒരു പുഞ്ചിരിയോടെ മാത്രമേ ഞാൻ എന്റെ ടെസ്റ്റ് കരിയറിലേക്ക് തിരിഞ്ഞുനോക്കൂ. നന്ദി’ – കോലി കുറിച്ചു.