പ്രശ്നം പരിഹരിക്കാൻ പരമാവധി ശ്രമിച്ചു, കോലിയുടെ വിരമിക്കൽ തീരുമാനം നിസഹായതയിൽനിന്ന്: ചർച്ചയായി മുൻ താരത്തിന്റെ വാക്കുകൾ

Mail This Article
ന്യൂഡൽഹി∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു കാത്തുനിൽക്കാതെ വിരാട് കോലി വിരമിക്കൽ പ്രഖ്യാപനവുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചതിനു പിന്നാലെ, ശ്രദ്ധ നേടി മുൻ ഇന്ത്യൻ താരം കൂടിയായ മുഹമ്മദ് കൈഫിന്റെ വാക്കുകൾ. വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്ന കാര്യം ബിസിസിഐയെ അറിയിച്ചെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കൈഫ് നടത്തിയ ചില വിലയിരുത്തലുകളാണ്, വിരമിക്കൽ പ്രഖ്യാപനം വന്നതിനു പിന്നാലെ ശ്രദ്ധേയമാകുന്നത്.
സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ്, ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി കോലി അറിയിച്ചത്. ബാറ്റിങ്ങിൽ ദീർഘനാളായി നേരിടുന്ന പ്രശ്നം പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതുകൊണ്ടാകാം കോലി വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നത് എന്നായിരുന്നു കൈഫിന്റെ വിലയിരുത്തൽ. അതിന്റെ പേരിൽ വിരമിക്കരുതെന്നും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കോലിയും കളിക്കാനുണ്ടാകണമെന്നും കൈഫ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
‘‘ഇന്ത്യയുടെ ബാബർ ഷേർ വിരാട് കോലി ഇനി അൽപം വിശ്രമിക്കാനുള്ള തീരുമാനത്തിലാണ്. അദ്ദേഹം വിരമിക്കലിെനക്കുറിച്ച് ഗൗരവത്തോടെ ആലോചിക്കുന്നു. പക്ഷേ, അദ്ദേഹം ഇംഗ്ലണ്ട് പര്യടനത്തിന് ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം. അവിടെ പോയി കളിച്ച് തന്റെ മികവ് തെളിയിച്ച് നല്ല രീതിയിൽ കളി നിർത്തണം’– കൈഫ് പറഞ്ഞു.
‘‘ട്വന്റി20 ലോകകപ്പിലെ ഉജ്വല പ്രകടനത്തിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചതുപോലെ, കോലി ഏറ്റവും മികച്ച പ്രകടനത്തോടെ ടെസ്റ്റിൽ നിന്നും വിരമിക്കണം. സത്യത്തിൽ ഒരു തരത്തിലുള്ള നിസഹായതയിൽ നിന്നാണോ കോലിയുടെ വിരമിക്കൽ തീരുമാനത്തിന്റെ തുടക്കം? കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി കോലിയെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒരു പന്തുണ്ട്. അതായത് ഓഫ്സൈഡിനു പുറത്തുവരുന്ന പന്തുകൾ’ – കൈഫ് ചൂണ്ടിക്കാട്ടി.
‘‘അവിടെ ബോൾ ചെയ്യുമ്പോൾ കോലി പുറത്തായ ഒട്ടേറെ സന്ദർഭങ്ങളുണ്ട്. ആ പ്രശ്നം ഇനിയും പരിഹരിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്ന് ഏറ്റവും ഒടുവിൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിലും വ്യക്തമായതാണ്. അതിനു മുൻപ് ന്യൂസീലൻഡിനെതിരെ നാട്ടിലും സ്പിന്നിനെതിരെ അദ്ദേഹം പുറത്തായി. ആ പ്രശ്നം പരിഹരിച്ച് മുന്നോട്ടുപോകാൻ അദ്ദേഹം വളരെയധികം പരിശ്രമിച്ചിരുന്നു’ – കൈഫ് പറഞ്ഞു.
‘‘അതിനായി കോലി കഠിനാധ്വാനം ചെയ്തെന്നുതന്നെ പറയേണ്ടി വരും. നൂറല്ല, 200 ശതമാനം കോലി അത്യധ്വാനം ചെയ്തിട്ടുണ്ട്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനായി അദ്ദേഹം കളത്തിലെത്തുമ്പോഴും, അതു മിക്കപ്പോഴും സംഭവിക്കാതെ പോവുകയാണ്. ഓസ്ട്രേലിയയിൽ സെഞ്ചറി നേടിയശേഷം കോലി ഫോംഔട്ടായത് ആദ്യത്തെ സംഭവമാണ്. ഇതിനു മുൻപ് അങ്ങനെയുണ്ടായിട്ടില്ല’ – കൈഫിന്റെ വാക്കുകൾ.
‘‘പരമ്പരയിലെ ആദ്യ ടെസ്റ്റിൽ സെഞ്ചറി നേടിയാൽ മറ്റു ടെസ്റ്റുകളിലും മികച്ച സ്കോറുകൾ കണ്ടെത്തുന്നതാണ് കോലിയുടെ ശീലം. അദ്ദേഹം ആ സ്കോറിങ് മികവ് തുടർന്നുകൊണ്ടേയിരിക്കും. അദ്ദേഹത്തിന്റെ പുറത്താക്കുന്നതും ശ്രമകരമായിരിക്കും. ഇന്ത്യയെ സംബന്ധിച്ച് എക്കാലവും ഒരു യഥാർഥ ഹീറോയാണ് കോലി. ഇംഗ്ലണ്ട് പര്യടനത്തിൽ പങ്കെടുക്കുക, മികച്ച പ്രകടനം കാഴ്ചവച്ച് നല്ല രീതിയിൽ കരിയർ അവസാനിപ്പിക്കുക. അദ്ദേഹത്തിനായുള്ള എന്റെ പ്രാർഥനയും അതാണ്. അദ്ദേഹത്തിന്റെ ആരാധകരും ഇതുതന്നെ പ്രാർഥിക്കും’ – കൈഫ് പറഞ്ഞു.