ടെസ്റ്റിൽ 10,000 തികയ്ക്കാൻ 770 റൺസ് മാത്രം അകലെ; കോലിയുടെ വിരമിക്കലിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെ?

Mail This Article
ഫിനിഷ് പോയിന്റിനു തൊട്ടടുത്തുവച്ച് പിൻവാങ്ങുന്ന മാരത്തൺ ഓട്ടക്കാരനെപ്പോലെയാണ് ടെസ്റ്റ് ക്രിക്കറ്റിൽനിന്നുള്ള വിരാട് കോലിയുടെ മടക്കം. ടെസ്റ്റിൽ 10,000 റൺസെന്ന നാഴികക്കല്ലിന് 770 റൺസ് മാത്രം അകലെ നിൽക്കുകയാണ് കോലി. ടെസ്റ്റ് സെഞ്ചറികളുടെ എണ്ണത്തിൽ സുനിൽ ഗാവസ്കറിനൊപ്പമെത്താൻ വേണ്ടിയിരുന്നത് 4 സെഞ്ചറികൾ മാത്രം. 3 വർഷം മുൻപ് കൈവിട്ടുപോയ ടെസ്റ്റിലെ 50 റൺസ് ബാറ്റിങ് ശരാശരിയും തിരിച്ചുപിടിക്കാവുന്ന ദൂരത്തിലുണ്ടായിരുന്നു. ബാറ്റിങ്ങിൽ നല്ല തുടക്കം കിട്ടിയാൽ അതു സെഞ്ചറിയിലെത്തുംവരെ പിൻമാറാത്ത കണിശക്കാരനായ കോലി, ‘റിട്ടയേഡ് ഔട്ട്’ തിരഞ്ഞെടുത്ത പോലെ സ്വയം ടെസ്റ്റ് കരിയർ ഉപേക്ഷിക്കുമ്പോൾ അതിനു പിന്നിലെ കാരണം തിരയുകയാണ് ക്രിക്കറ്റ് ലോകം.
കോലിയുടെ വിരമിക്കലിനെച്ചൊല്ലിയുള്ള ആശങ്കകൾ കഴിഞ്ഞ ഒരാഴ്ചയായി സജീവമായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചതിന്റെ ഞെട്ടൽ വിട്ടുമാറും മുൻപാണ്, താനും ടെസ്റ്റിൽനിന്നു വിരമിക്കാൻ ഒരുങ്ങുകയാണെന്ന് കോലി ബിസിസിഐയെ അറിയിച്ചത്. ജൂണിൽ ഇംഗ്ലണ്ടിനെതിരായ പരമ്പര നടക്കാനിരിക്കെ തീരുമാനത്തിൽനിന്നു പിൻമാറണമെന്ന് ആവശ്യപ്പെട്ട ബിസിസിഐയുടെ സമ്മർദങ്ങൾക്കും മുൻതാരങ്ങളുടെ അഭ്യർഥനകൾക്കും വഴങ്ങാതെ ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ കോലി തന്റെ ടെസ്റ്റ് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും അത് പെട്ടെന്നുള്ള തീരുമാനമല്ലെന്ന് ഉറപ്പ്.
സ്വയം തിരിച്ചറിഞ്ഞ കോലി
രോഹിത് ശർമയുടെ വിരമിക്കലിനു പിന്നാലെ ഇന്ത്യ പുതിയൊരു ടെസ്റ്റ് നായകനെ തേടുമ്പോഴാണ് കോലിയുടെ വിരമിക്കൽ. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽനിന്നു തഴയപ്പെടുമെന്ന അറിയിപ്പ് ലഭിച്ചതോടെയാണ് കോലി വിരമിച്ചതെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും അതിന് അടിസ്ഥാനമില്ല. മറിച്ച് ടെസ്റ്റിലെ തന്റെ പ്രതാപകാലത്തിന് അടുത്തെങ്ങുമെത്താതെ വലയുന്ന കോലി ഫോമും ഫിറ്റ്നസും തിരിച്ചറിഞ്ഞെടുത്ത തീരുമാനമാണിതെന്ന് വാദമുണ്ട്. ഒന്നര വർഷം നീണ്ട സെഞ്ചറി വരൾച്ചയ്ക്കുശേഷം കഴിഞ്ഞവർഷം ഓസ്ട്രേലിയൻ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ സെഞ്ചറി നേടിയെങ്കിലും പരമ്പരയിലെ 5 മത്സരങ്ങളിൽനിന്ന് നേടാനായത് 23 റൺസ് ശരാശരിയിൽ 190 റൺസ് മാത്രം.
ഓസ്ട്രേലിയൻ പര്യടനത്തിൽ 7 തവണ ഓഫ്സ്റ്റംപിനു പുറത്തേക്കെത്തിയ പന്തിൽ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ കോലിയുടെ സാങ്കേതിക മികവും വിമർശിക്കപ്പെട്ടു. അതിനു തൊട്ടുമുൻപ് ന്യൂസീലൻഡിനെതിരെ നാട്ടിൽ നടന്ന പരമ്പരയിൽ 6 ഇന്നിങ്സുകളിൽനിന്ന് നേടിയതു 93 റൺസ് മാത്രം. 2020 ജനുവരിക്കുശേഷം 39 ടെസ്റ്റുകളിൽ നിന്ന് 30 റൺസ് ശരാശരിയിൽ 2028 റൺസ് മാത്രം നേടിയ കോലിയുടെ അക്കൗണ്ടിലുള്ളത് മൂന്നേ മൂന്ന് സെഞ്ചറികൾ. ബാറ്റിങ്ങിലെ പിന്നോട്ടുപോക്കിനെക്കുറിച്ചുള്ള ഈ തിരിച്ചറിവ് കോലിയുടെ വിരമിക്കലിന്റെ പ്രധാന കാരണങ്ങളിലൊന്നായി മാറി.
ബിസിസിഐ Vs കോലി
2022 ജനുവരിയിൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ കോലി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ക്യാപ്റ്റനായി തുടരാൻ താൽപര്യമറിയിച്ചിരുന്നു. എന്നാൽ 3 ഫോർമാറ്റുകളിലും ഒരു ക്യാപ്റ്റനെന്ന നിർദേശം വച്ച് ബിസിസിഐ കോലിയെ തഴഞ്ഞു. വിരാട് കോലിയും ബിസിസിഐയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായത് അന്നു മുതലാണ്. ഇന്ത്യയുടെ പുതിയ പരിശീലകൻ ഗൗതം ഗംഭീർ ടീമിലെ സീനിയർ താരങ്ങൾക്കെതിരെ പരസ്യ വിമർശനങ്ങൾ ഉന്നയിച്ചതോടെ ഭിന്നത രൂക്ഷമായി. ഓസ്ട്രേലിയൻ പര്യടനത്തിലെ മോശം പ്രകടനത്തിനു പിന്നാലെ കോലി അടക്കമുള്ള സീനിയർ താരങ്ങൾ രഞ്ജി ട്രോഫി കളിക്കണമെന്ന് ബിസിസിഐ നിർദേശം വച്ചു. 13 വർഷത്തെ ഇടവേളയ്ക്കുശേഷം രഞ്ജി ട്രോഫി കളിക്കാൻ കോലി ഇതോടെ നിർബന്ധിതനായി. ഇന്ത്യൻ ടീമിന്റെ പര്യടനങ്ങളിൽ കളിക്കാരുടെ കുടുംബാംഗങ്ങളെ നിയന്ത്രിച്ച ബിസിസിഐ നടപടിക്കെതിരെയും പരസ്യമായി കോലി രംഗത്തെത്തിയിരുന്നു.
ലക്ഷ്യം ഏകദിന ലോകകപ്പ്
ടെസ്റ്റ് ക്രിക്കറ്റിലെ കയറ്റിറക്കങ്ങൾക്കിടയിലും കോലി കാര്യമായ വെല്ലുവിളിയില്ലാതെ മുന്നേറുന്ന ഫോർമാറ്റാണ് ഏകദിനം. ഏകദിന ക്രിക്കറ്റിൽ കൂടുതൽ സെഞ്ചറികളെന്ന നേട്ടത്തിൽ കോലി സച്ചിൻ തെൻഡുൽക്കറെ മറികടന്ന് ഒന്നാമതെത്തിയത് (51) കഴിഞ്ഞ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനിടെയാണ്. ഏകദിനത്തിൽ 14,181 റൺസുമായി മൂന്നാമതുള്ള കോലിക്ക് ഇനി കീഴടക്കാനുള്ളത് സച്ചിന്റെയും (18,426) കുമാർ സംഗക്കാരയുടെയും (14,234) നേട്ടങ്ങൾ മാത്രം. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസെന്ന നേട്ടം ത്യജിച്ച കോലിയുടെ യാത്ര ഇനി 2027ലെ ഏകദിന ലോകകപ്പ് കിരീടം എന്ന ലക്ഷ്യത്തിനുവേണ്ടിയാകും. 2 ഏകദിന ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോർഡ് കോലിയെ മോഹിപ്പിക്കുന്നുണ്ടാകില്ലേ?