നാഴികക്കല്ലുകൾ നേടാൻ സമയമുണ്ടായിരുന്നു, ‘ദയവിനു’ കാത്തിരിക്കാതെ ഇന്ത്യയുടെ നെഞ്ചുറപ്പുള്ള പോരാളി മടങ്ങി

Mail This Article
2025 ജൂൺ 20. അന്നാണു വിരാട് കോലിയും രോഹിത് ശർമയുമില്ലാതെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് പുതിയൊരു പിച്ചിലേക്കു പിച്ച വയ്ക്കുന്ന ദിനം! ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയുടെ ആദ്യ മത്സരം ആരംഭിക്കുന്നത് അന്നാണ്; ലീഡ്സിലെ ഹെഡിങ്‌ലി മൈതാനത്ത്. ഒരു ദശകത്തിലേറെയായി ഇന്ത്യൻ ക്രിക്കറ്റിനെ നയിച്ച രണ്ടു മഹാപ്രതിഭകളില്ലാതെ അന്നാരംഭിക്കും ഇന്ത്യയുടെ പുതിയ ടെസ്റ്റ് ഇന്നിങ്സ്.
കോലിയും രോഹിത്തും ടെസ്റ്റിൽനിന്നു വിട പറയുമ്പോൾ ഇന്ത്യൻ ടീമിന്റെ നഷ്ടം അവർ ഇരുവരും ചേർന്നു നേടിയ 13,531 റൺസ് മാത്രമല്ല, 190 ടെസ്റ്റുകളുടെ അനുഭവ സമ്പത്തു കൂടിയാണ്! അവരില്ലാത്ത ടീം ഇന്ത്യയുടെ അക്കൗണ്ടിലൂടെ ബാറ്റോടിച്ചാൽ അറിയാം ടീമിന്റെ ‘ചെറുപ്പം.’ ഇരുവരും ഒന്നിച്ചു കളിച്ച അവസാന മത്സരം കഴിഞ്ഞ ഡിസംബർ 26ന് ഓസ്ട്രേലിയയ്ക്കെതിരെ മെൽബണിലായിരുന്നു. അവർ ഉൾപ്പെടെ അന്നു കളത്തിലിറങ്ങിയ 11 കളിക്കാരുടെ ആകെ ടെസ്റ്റ് റൺസ് നേട്ടം 26,216 റൺസ്. അതിൽ 13,531 റൺസും കോലിയുടെയും രോഹിത്തിന്റെയും വക. ശേഷിച്ച 9 പേരുടെ ആകെ സമ്പാദ്യം 12,685 റൺസ് മാത്രം. ഇന്ത്യൻ ടെസ്റ്റ് ബാറ്റിങ്ങിൽ കഴിഞ്ഞ ദശകം അവരുടെയായിരുന്നു എന്നതിനു മറ്റെന്തു വേണം സാക്ഷ്യം.
പക്ഷേ, പടിയിറക്കം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന തോന്നൽ ചുരുങ്ങിയതു രണ്ടു വർഷമായെങ്കിലും ചർച്ചകളിലുണ്ടായിരുന്നു. കടുത്ത ആരാധകർക്കു പക്ഷേ, തെല്ലു സങ്കടം ബാക്കി നിൽക്കും. 10,000 റൺസ് എന്ന അപൂർവ നേട്ടത്തിലെത്താൻ കോലിക്കു വെറും 770 റൺസ് മാത്രം മതിയായിരുന്നു. 5,000 റൺസ് തികയ്ക്കാൻ രോഹിത്തിനു വേണ്ടതാകട്ടെ, 699 റൺസും. പക്ഷേ, അതിനായി കാത്തിരിക്കാതെ ഇരുവരും പാഡഴിച്ചു. ഇപ്പോഴും, ടീമിലെ ഏറ്റവും കായികക്ഷമതയും പ്രതിഭയുമുള്ള താരമായ കോലിക്ക് ഇനിയും കളിക്കാൻ അവസരം കിട്ടുമായിരുന്നു. പക്ഷേ, അത്തരമൊരു ‘ദയവിനു’ കാത്തിരിക്കേണ്ട എന്നാണു ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും നെഞ്ചുറപ്പുള്ള പോരാളിയുടെ തീരുമാനം.