അഫ്രീദിയുടെ ലക്ഷ്യം പ്രധാനമന്ത്രി പദം? ഇന്ത്യ–പാക്ക് വെടിനിർത്തലിനു പിന്നാലെ നടത്തിയ കറാച്ചിയിലെ വിജയാഘോഷ റാലിക്ക് ട്രോൾ– വിഡിയോ

Mail This Article
ന്യൂഡൽഹി∙ വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി സംഘർഷത്തിന് അയവു വന്നതിനു പിന്നാലെ കറാച്ചിയിൽ വിജയാഘോഷ റാലിക്ക് നേതൃത്വം നൽകിയ പാക്കിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് വ്യാപക ട്രോൾ. ഇമ്രാൻ ഖാനു ശേഷം ക്രിക്കറ്റ് കളത്തിൽനിന്ന് പാക്കിസ്ഥാന്റെ പ്രധാനമന്ത്രി പദത്തിലേക്ക് എത്താനുള്ള ശ്രമമാണ് അഫ്രീദി നടത്തുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നു. റാലിക്കിടെ ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അഫ്രീദി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.
ഇന്ത്യയുടെ പ്രകോപനങ്ങൾക്ക് ‘ബുൻയാനു മർസൂസ്’ എന്നു പേരിട്ട സൈനിക നടപടിയിലൂടെ പാക്ക് സൈന്യം മറുപടി നൽകിയത് ആഘോഷിക്കാൻ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് രാജ്യവ്യാപകമായി റാലികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കറാച്ചിയിലെ സീ വ്യൂവിൽ സംഘടിപ്പിച്ച റാലിയിലാണ് ഷാഹിദ് അഫ്രീദി ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
‘ഞങ്ങൾ തിരിച്ചടിച്ചാൽ അത് ഈ ലോകം മുഴുവൻ അറിയുമെന്ന് നമ്മുടെ സൈന്യം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഇതാ ഈ ലോകം മുഴുവൻ അത് കാണുന്നു. പകൽ വെളിച്ചത്തിൽ ഇക്കാര്യം നാം ലോകത്തിനു മുന്നിൽ കാണിച്ചുകൊടുത്തിരിക്കുന്നു. പോരാടാനാണ് തീരുമാനമെങ്കിൽ ഞങ്ങളുടെ സൈന്യവുമായി മുഖാമുഖം വന്ന് സ്വന്തം കരുത്ത് തിരിച്ചറിയുക.’ – അഫ്രീദി പറഞ്ഞു.
‘‘പാക്കിസ്ഥാനെ സംബന്ധിച്ച് നാളെയുടെ പ്രതീക്ഷകളായ ഞങ്ങളുടെ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ നിങ്ങൾ കൊലപ്പെടുത്തി. സാധാരണക്കാരായ പാക്കിസ്ഥാൻ പൗരൻമാരെയും ലക്ഷ്യമിട്ടു. എന്റെ പേരിലും എന്റെ കുടുംബത്തിന്റെ പേരിലും സുഹൃത്തുക്കളുടെ പേരിലും പാക്ക് ജനതയുടെ പേരിലും വിദേശത്തുള്ള പാക്ക് പൗരൻമാരുടെ പേരിലും നമ്മുടെ സൈന്യത്തിന് ഞാൻ നന്ദി അറിയിക്കുന്നു’ – അഫ്രീദി പറഞ്ഞു.
‘‘ഇന്ന് നമ്മളെല്ലാവരും സമാധാനത്തിനായി ഒറ്റക്കെട്ടായി ഇവിടെ ഒന്നിച്ചുകൂടിയിരിക്കുന്നു. സമാധാനത്തിന്റെ വഴിയാണ് ഈ രാജ്യം നമ്മെ പഠിപ്പിക്കുന്നത്. യാതൊരു തെളിവുമില്ലാതെ പാക്കിസ്ഥാനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ദീർഘകാലമായി ഭീകരവാദത്തിന്റെ ഇരകളാണ് ഞങ്ങൾ. ഭീകരവാദത്തിന്റെ ഇരകളായി ജീവൻ വെടിഞ്ഞ ഒട്ടേറെപ്പേർ ഇവിടെയുണ്ട്. ഒരു ആക്രമണം നടന്ന് 10 മിനിറ്റുപോലും തികയും മുൻപേ പാക്കിസ്ഥാനെതിരെ എങ്ങനെയാണ് നിങ്ങൾക്ക് ആരോപണം ഉന്നയിക്കാനാകുക?’ – അഫ്രീദി ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുദ്ധവെറി ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിടുകയാണെന്ന് അഫ്രീദി ആരോപിച്ചിരുന്നു. പാക്കിസ്ഥാന്റെ പ്രതിരോധം തകർക്കാനാകില്ലെന്ന് അവകാശപ്പെട്ട അഫ്രീദി, പാക്കിസ്ഥാനോടു കളിച്ചാൽ എന്തായിരിക്കും അവസ്ഥയെന്ന് മോദി മനസ്സിലാക്കിക്കാണുമെന്നും പറഞ്ഞു.