സത്യസന്ധമായി പറയട്ടെ, കോലിയും രോഹിത്തും 2027ലെ ഏകദിന ലോകകപ്പിൽ കളിക്കാൻ സാധ്യതയില്ല: തുറന്നുപറഞ്ഞ് ഗാവസ്കർ

Mail This Article
ന്യൂഡൽഹി∙ ട്വന്റി20ക്കു പിന്നാലെ ടെസ്റ്റിൽനിന്നും വിരമിച്ച വിരാട് കോലിയും രോഹിത് ശർമയും ലക്ഷ്യമിടുന്നത് 2027ലെ ഏകദിന ലോകകപ്പാണെന്ന അഭ്യൂഹങ്ങൾക്കിടെ, ഇരുവരും ലോകകപ്പിൽ കളിക്കില്ലെന്ന പ്രഖ്യാപനവുമായി മുൻ താരം സുനിൽ ഗാവസ്കർ. പ്രായവും ഫോമും ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ്, ഇരുവരും ലോകകപ്പ് കളിച്ചേക്കില്ലെന്ന ഗാവസ്കറിന്റെ പരാമർശം. അടുത്തിടെ പാക്കിസ്ഥാനിലും യുഎഇയിലുമായി നടന്ന ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടം ചൂടിയിരുന്നു. എന്നാൽ, 2027 ലോകകപ്പ് ആകുമ്പോഴേയ്ക്കും രോഹിത്തിന് 40 വയസ്സാകും, കോലിക്ക് 38 വയസും.
കഴിഞ്ഞ മൂന്നു വർഷമായി തുടരുന്ന ഫോം ഇനിയും തുടരാനാകുമോ എന്നതാണ് പ്രധാനമെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി. ‘‘ഏകദിനത്തിൽ ഐതിഹാസികമായ കരിയറിന് ഉടമകളാണ് രണ്ടുപേരും. നിലവിലെ സാഹചര്യത്തിൽ സിലക്ഷൻ കമ്മിറ്റി ലക്ഷ്യമിടുന്നത് 2027ലെ ഏകദിന ലോകകപ്പ് ആയിരിക്കും. ലോകകപ്പ് കളിക്കാനുള്ള മികവ് 2027 ആകുമ്പോഴും ഇരുവർക്കും ഉണ്ടാകുമോ എന്നത് തീർച്ചയായും സിലക്ടർമാർ കണക്കിലെടുക്കും’ – ഗാവസ്കർ പറഞ്ഞു.
‘‘ഇപ്പോഴത്തെ ഫോം അന്നും തുടരാൻ ഇരുവർക്കും കഴിയുമോ എന്നതും പ്രധാനമാണ്. സിലക്ഷൻ കമ്മിറ്റിയെ സംബന്ധിച്ച് വലിയൊരു തലവേദനയാകും ഇക്കാര്യത്തിലുള്ള തീരുമാനം. അവർക്കു കഴിയും എന്നാണ് സിലക്ഷൻ കമ്മിറ്റിക്കു തോന്നുന്നതെങ്കിൽ ലോകകപ്പ് കളിക്കാൻ അവരുണ്ടാകും’ – ഗാവസ്കർ പറഞ്ഞു.
അതേസമയം, ഇരുവരും ലോകകപ്പ് ടീമിൽ ഉണ്ടാകില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഗാവസ്കർ വ്യക്തമാക്കി. ‘‘അവർ ടീമിലുണ്ടാകുമെന്ന് വ്യക്തിപരമായി എനിക്കു തോന്നുന്നില്ല. ഇക്കാര്യത്തിൽ എന്റെ നിലപാട് സത്യസന്ധമാണ്. പക്ഷേ, അടുത്ത വർഷം ആകുമ്പോഴേയ്ക്കും ഇരുവരും കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്ക് ഉയരില്ലെന്ന് ആരു കണ്ടു? ഇരുവരും തുടർച്ചയായി സെഞ്ചറികൾ നേടിക്കഴിഞ്ഞാൽ ദൈവം വിചാരിച്ചാലും അവരെ പുറത്തിരുത്താനാകില്ലല്ലോ’ – ഗാവസ്കർ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിലെ കയറ്റിറക്കങ്ങൾക്കിടയിലും കോലിയും രോഹിത്തും കാര്യമായ വെല്ലുവിളിയില്ലാതെ മുന്നേറുന്ന ഫോർമാറ്റാണ് ഏകദിനം. ഏകദിന ക്രിക്കറ്റിൽ കൂടുതൽ സെഞ്ചറികളെന്ന നേട്ടത്തിൽ കോലി സച്ചിൻ തെൻഡുൽക്കറെ മറികടന്ന് ഒന്നാമതെത്തിയത് (51) കഴിഞ്ഞ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനിടെയാണ്. ഏകദിനത്തിൽ 14,181 റൺസുമായി മൂന്നാമതുള്ള കോലിക്ക് ഇനി കീഴടക്കാനുള്ളത് സച്ചിന്റെയും (18,426) കുമാർ സംഗക്കാരയുടെയും (14,234) നേട്ടങ്ങൾ മാത്രം. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസെന്ന നേട്ടം ത്യജിച്ച കോലിയുടെ യാത്ര ഇനി 2027ലെ ഏകദിന ലോകകപ്പ് കിരീടം എന്ന ലക്ഷ്യത്തിനുവേണ്ടിയാകുമെന്ന അഭ്യൂഹം ശക്തമാണ്.