വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ആത്മീയ വഴിയിൽ കോലിയും അനുഷ്കയും; ഗുരുവിന്റെ അനുഗ്രഹം തേടി ആശ്രമത്തിൽ – വിഡിയോ

Mail This Article
ന്യൂഡൽഹി∙ ടെസ്റ്റ് ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചതിനു പിന്നാലെ, ആത്മീയവഴിയോടുള്ള താൽപര്യം പരസ്യമാക്കി വൃന്ദാവൻ സന്ദർശിച്ച് സൂപ്പർതാരം വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും. ശ്രീ പ്രേമാനന്ദ് ഗോവിന്ദ് ശരൺ ജി മഹാരാജിന്റെ അനുഗ്രഹം തേടിയാണ് ഇരുവരും വൃന്ദാവനിലെ അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തിയത്. ഇരുവരും സ്വാമിജിയുടെ അനുഗ്രഹം തേടി വൃന്ദാവൻ സന്ദർശിക്കുന്നതിന്റെ ഒട്ടേറെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മാസ്കും ധരിച്ചാണ് ഇരുവരും വൃന്ദാവനിലെത്തിയത്. സ്വകാര്യ വാഹനം ഒഴിവാക്കി ടാക്സി കാറിൽ ആശ്രമത്തിലെത്തിയ ഇരുവരും, വാഹനത്തിൽനിന്ന് ഇറങ്ങിയ ഉടനെ അകത്തേക്കു പോകുന്നത് ദൃശ്യങ്ങളിൽ കാണാം. മക്കളായ വാമിക, അകായ് എന്നിവരെ കൂടാതെയായിരുന്നു വിരാട് – അനുഷ്ക ദമ്പതികളുടെ ആശ്രമ സന്ദർശനം.
സ്വാമിയുടെ മുന്നിൽ മുട്ടുകുത്തിനിന്ന് ഇരുവരും അദ്ദേഹത്തെ ശ്രവിക്കുന്നതും വിഡിയോ ദൃശ്യങ്ങളിൽ വ്യക്തം. ‘സന്തോഷമാണോ’ എന്ന് അദ്ദേഹം ആരായുമ്പോൾ, ‘അതേ ഗുരുജി’ എന്ന് വിരാട് കോലി മറുപടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
ആത്മീയ നേതാവായ ശ്രീ പ്രേമാനന്ദ് ഗോവിന്ദ് ശരൺ ജി മഹാരാജിന്റെ അനുഗ്രഹം തേടി ഇരുവരും അദ്ദേഹത്തിന്റെ ആശ്രമമായ വൃന്ദാവൻ സന്ദർശിക്കുന്നത് ഇതാദ്യമല്ല. മുൻപും ഇരുവരും പലകുറി ആശ്രമത്തിലെത്തി സ്വാമിയെ കണ്ടിരുന്നു. ഇത്തവണ മക്കളെ ഒഴിവാക്കിയെങ്കിലും, അവർക്കൊപ്പവും ഇരുവരും മുൻപ് ആശ്രമത്തിലെത്തിയിരുന്നു.