ഐസിസി കീരീടമൊന്നും വിജയിച്ചിട്ടില്ല, പക്ഷേ കോലി എന്നും ടീം ഇന്ത്യയുടെ വിജയ നായകൻ

Mail This Article
പരാജയപ്പെട്ട ക്യാപ്റ്റൻ എന്ന പഴി കരിയറിലുടനീളം കോലി കേൾക്കേണ്ടിവന്നിട്ടുണ്ട്. ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു നായകനായി ഒരിക്കൽപോലും കിരീടം ഉയർത്താൻ സാധിക്കാത്തതായിരുന്നു ഈ വിമർശനങ്ങൾക്കു പിന്നിലെ പ്രധാന കാരണം. അണ്ടർ 19 ലോകകിരീടം മാറ്റിനിർത്തിയാൽ ക്യാപ്റ്റൻ എന്ന നിലയിൽ ഒരു ഐസിസി കിരീടം നേടാൻ കോലിക്കു സാധിച്ചിട്ടില്ലെന്നും വാസ്തവം. എന്നാൽ കിരീടങ്ങളില്ല എന്നതു മാറ്റിനിർത്തിയാൽ, ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റൻ കോലിയുടെ കണക്കുകൾ മികച്ചതാണ്.
കോലിയുടെ കീഴിൽ ഇറങ്ങിയ 68 ടെസ്റ്റ് മത്സരങ്ങളിൽ 40ലും ഇന്ത്യ ജയിച്ചു. വിജയശതമാനം 58.82. ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റൻ എന്നതിനു പുറമേ പത്തിൽ അധികം ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച ക്യാപ്റ്റൻമാരിൽ ഏറ്റവും കൂടുതൽ വിജയശതമാനവും കോലിക്കാണ്. 16 ടെസ്റ്റ് മത്സരങ്ങളാണ് കോലിയുടെ കീഴിൽ ഇന്ത്യ വിദേശത്തു ജയിച്ചത്. ഈ റെക്കോർഡിലും കോലി തന്നെ ഒന്നാമൻ.
ടീം ഇന്ത്യയെ തുടർച്ചയായി 42 മാസം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുനിർത്തിയ നായകനും കോലി തന്നെ. ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര ജയിക്കുന്ന ഏഷ്യയിൽ നിന്നുള്ള ആദ്യ ക്യാപ്റ്റൻ എന്ന നേട്ടവും കോലിക്കു സ്വന്തം. പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് ടീം ഇന്ത്യ ഇറങ്ങിയതും കോലിയുടെ നേതൃത്വത്തിൽ തന്നെ.
