ADVERTISEMENT

വിരാട് കോലി ഇന്ത്യയിൽനിന്നു താമസം മാറുമോ?  സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം കോലിയും കുടുംബവും യുകെയിൽ സ്ഥിരതാമസമാക്കുമെന്ന അഭ്യൂഹം വന്നുതുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. കഴിഞ്ഞ ജൂണിൽ ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയാഘോഷം നടന്ന് അധികം താമസിയാതെ ലണ്ടനിലുള്ള കുടുംബത്തെ കാണാൻ കോലി വിമാനം കയറിയിരുന്നു. മുംബൈയിൽ നടന്ന വിക്ടറി പരേഡിനു ശേഷമായിരുന്നു ഈ യാത്ര. 

യുകെയിൽനിന്നുള്ള കുടുംബ ചിത്രങ്ങളാണു കോലി പതിവായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. 2023 ഡിസംബറിൽ സജീവ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്ത് കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ചതു യുകെയിലായിരുന്നു. വെസ്റ്റ് യോർക്‌ഷർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് ലാംപ് എന്ന കമ്പനിയുടെ 3 ഡയറക്ടർമാരിൽ രണ്ടു പേർ കോലിയും ഭാര്യ അനുഷ്ക ശർമയുമാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇങ്ങനെ ഒട്ടേറെ കാര്യങ്ങളാണ് കോലിയുടെ യുകെ ബന്ധത്തിനു ബലം പകരാൻ പശ്ചാത്തലമായുള്ളത്. 

ഇന്ത്യയ്ക്കു പുറത്ത് അധികമാരും തിരിച്ചറിയാതെ നടക്കാൻ സാധിക്കുന്നതിലുള്ള സന്തോഷം വിരാട് കോലി പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനു പറ്റിയ ഇടം യുകെ ആണെന്നു ചിന്തിക്കുന്നവരുമേറെ. മക്കളെ സാധാരണ രീതിയിൽ മാത്രം വളർത്താനാണ് കോലിയും അനുഷ്കയും ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ പ്രശസ്തി, ജീവിതം ആസ്വദിക്കുന്നതിന് വിലങ്ങുതടിയാകുന്നെന്നാണ് കോലി കുടുംബത്തിന്റെ പ്രധാന പരാതി.  

കോലിയുടെ മകൻ അകായ് ജനിച്ചത് യുകെയിലെ ആശുപത്രിയിലാണ്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ഒഴിവാക്കി കോലി യുകെയിലേക്കു പോയെന്നായിരുന്നു റിപ്പോർട്ടുകൾ. കോലി യുകെയിൽ സ്ഥിരതാമസമാക്കുമെന്ന് ബാല്യകാല പരിശീലകൻ രാജ്‌കുമാർ ശർമ ഒരിക്കൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയതും കോലിയുടെ യുകെ സ്ഥിരതാമസത്തിനു ബലം പകരുന്നു.

English Summary:

Virat Kohli's UK Move: Reports suggest that Kohli wants to settle permanently in the UK with his family.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com