ബാറ്റുകൊണ്ടും വാക്കുകൊണ്ടും ഓസ്ട്രേലിയയെ വെല്ലുവിളിച്ചു, ഇന്ത്യൻ ക്രിക്കറ്റിന് മറ്റൊരു മുഖം നൽകിയ ‘കോലിയുഗം’

Mail This Article
ലോകക്രിക്കറ്റിന്റെ മേച്ചിൽപുറങ്ങളിൽ ശാന്തമായി അലഞ്ഞിരുന്ന ഒരു കാട്ടാനക്കൂട്ടമായിരുന്നു 2014 വരെ ടെസ്റ്റ് ക്രിക്കറ്റിൽ ടീം ഇന്ത്യ. ആ കൂട്ടത്തെ കാടിറങ്ങാൻ ശീലിപ്പിച്ച, എതിരാളികളോടു കൊമ്പുകോർത്തു ജയിക്കാൻ പഠിപ്പിച്ച, പടനായകനായ ഒറ്റയാനായിരുന്നു വിരാട് കോലി. 2011ൽ അരങ്ങേറി, 2014ൽ നായകസ്ഥാനം ഏറ്റെടുത്ത് 8 വർഷം ടെസ്റ്റ് ക്രിക്കറ്റിനെ അടക്കിഭരിച്ച് 2022ൽ ക്യാപ്റ്റൻസിയിൽനിന്നു പടിയിറങ്ങിയ കോലി ഇപ്പോഴിതാ 14 വർഷം നീണ്ട തന്റെ ടെസ്റ്റ് കരിയറിനും പൂർണവിരാമം ഇടുന്നു. ടെസ്റ്റിൽ ഒരങ്കത്തിനു കൂടി കോലിക്കു ബാല്യമുണ്ടെന്ന് ആരാധകരും ബിസിസിഐയും ഉറച്ചുവിശ്വസിക്കുമ്പോഴും മുപ്പത്തിയാറുകാരൻ കോലി തന്റെ തീരുമാനം വ്യക്തമാക്കിയിരിക്കുന്നു, തൂവെള്ള ജഴ്സിയിൽ ഇനിയൊരു പകർന്നാട്ടമില്ല.
മങ്ങിയ അരങ്ങേറ്റം
2011ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ കോലിക്ക് ആ വർഷം 9 ഇന്നിങ്സുകളിൽനിന്ന് 22.4 ശരാശരിയിൽ 202 റൺസാണ് നേടാനായത്. ഈ മങ്ങിയ തുടക്കത്തിന്റെ പേരിൽ വിരാട് കോലി കേട്ട വിമർശനങ്ങൾക്ക് കയ്യും കണക്കുമില്ല. ‘കോലിക്ക് ടെസ്റ്റിൽ ഒരു അവസരം കൂടി നൽകൂ, അതോടെ അയാൾ ഈ ഫോർമാറ്റിന് യോജിച്ച ആളല്ലെന്ന് എല്ലാവർക്കും വ്യക്തമാകും’ എന്നായിരുന്നു മുൻ താരം സഞ്ജയ് മഞ്ജരേക്കർ കോലിയുടെ ടെസ്റ്റ് ഫോമിനെ വിമർശിച്ചുകൊണ്ടു സമൂഹമാധ്യമത്തിൽ കുറിച്ചത്. എന്നാൽ തൊട്ടടുത്ത വർഷം നടന്ന ഓസ്ട്രേലിയൻ പര്യടനത്തിലെ അഡ്‌ലെയ്ഡ് ടെസ്റ്റിൽ കോലി തന്റെ കന്നി ടെസ്റ്റ് സെഞ്ചറി കുറിച്ചു. ആ വർഷം 16 ഇന്നിങ്സുകളിൽ നിന്ന് 49.2 ശരാശരിയിൽ 3 സെഞ്ചറിയടക്കം 689 റൺസാണ് കോലി നേടിയത്. ഇതോടെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ മധ്യനിരയിൽ കോലി തന്റെ സ്ഥാനം ഉറപ്പിച്ചു.
മിന്നിയ ക്യാപ്റ്റൻസി
2014ലെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ എം.എസ്.ധോണി അപ്രതീക്ഷിതമായി വിരമിച്ചതോടെയാണ് തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്കു കോലി ഉയർത്തപ്പെടുന്നത്. പരമ്പരയിൽ 2–0ന് ഇന്ത്യ തോറ്റെങ്കിലും ഓസ്ട്രേലിയൻ മണ്ണിൽ ഒരു ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റന്റെ ഏറ്റവും മികച്ച പ്രകടനവുമായാണ് കോലി അന്നു പരമ്പര അവസാനിപ്പിച്ചത്. 4 മത്സരങ്ങളിൽ 86.50 ശരാശരിയിൽ 4 സെഞ്ചറിയടക്കം 692 റൺസാണ് പരമ്പരയിൽ കോലി നേടിയത്. റൺസ് അടിച്ചുകൂട്ടുന്നതിനെക്കാൾ ഓസ്ട്രേലിയൻ മണ്ണിൽ അവരെ വെല്ലുവിളിക്കാൻ കോലി കാണിച്ച ധൈര്യവും ബാറ്റുകൊണ്ടും വാക്കുകൊണ്ടും അവർക്കെതിരെ നടത്തിയ ചെറുത്തുനിൽപുമാണ് അന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ കോലി യുഗത്തിന്റെ ഔദ്യോഗിക തുടക്കം ഓസ്ട്രേലിയൻ പരമ്പരയിലൂടെയായിരുന്നു.
കണ്ണിന് കണ്ണ്, പല്ലിനു പല്ല്
അതുവരെ സൗമ്യതയുടെ ആൾരൂപമായ സച്ചിൻ തെൻഡുക്കറെയും രാഹുൽ ദ്രാവിഡിനെയുമൊക്കെ കണ്ടുശീലിച്ച ഇന്ത്യൻ ക്രിക്കറ്റിനു കോലിയുഗം നൽകിയത് മറ്റൊരു മുഖമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ ആക്രമണോത്സുകതയ്ക്കു തിരികൊളുത്തിയത് സൗരവ് ഗാംഗുലിയാണെങ്കിലും അത് ആളിക്കത്തിച്ചത് വിരാട് കോലിയായിരുന്നു. സ്ലഡ്ജിങ്ങിനു പേരുകേട്ട ഓസ്ട്രേലിയ ഉൾപ്പെടെയുള്ള ടീമുകളെ അവരുടെ മണ്ണിൽ ചെന്ന് വെല്ലുവിളിക്കാനും തോൽപിക്കാനും ടീം ഇന്ത്യ ശീലിച്ചു തുടങ്ങിയത് കോലി ക്യാപ്റ്റനായി വന്നതിൽ പിന്നെയാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം 2018– 2019ലെ ബോർഡർ– ഗാവസ്കർ ട്രോഫിയായിരുന്നു. ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയൻ മണ്ണിൽ അന്ന് ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര ജയിച്ചു. കളിക്കരുത്തിലും സ്ലഡ്ജിങ്ങിലും ഓസ്ട്രേലിയയോട് ഇന്ത്യ ബലാബലം പിടിച്ചുനിന്ന പരമ്പരയായിരുന്നു അത്. ഇതിനെല്ലാം മുന്നിൽ നിന്നതാവട്ടെ വിരാട് കോലിയും. ‘എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർ വിരാട് കോലിയാണ്’ എന്നായിരുന്നു പരമ്പരയ്ക്കു ശേഷം ഓസ്ട്രേലിയൻ പരിശീലകനായ ജസ്റ്റിൻ ലാംഗർ ഇന്ത്യൻ ക്യാപ്റ്റനെ വിശേഷിപ്പിച്ചത്.
പതിയെ മടക്കം
ഓസ്ട്രേലിയയ്ക്കു പുറമേ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലുമടക്കം വിജയക്കൊടി പാറിച്ചെങ്കിലും തന്റെ വ്യക്തിഗത ഫോമിനേറ്റ മങ്ങലും 2021ലെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ന്യൂസീലൻഡിനോടേറ്റ തോൽവിയും വിരാട് കോലിയുടെ ക്യാപ്റ്റൻസി വിമർശിക്കപ്പെടാൻ കാരണമായി. 2019 വരെ തുടർച്ചയായി 4 വർഷം 50നു മുകളിൽ ടെസ്റ്റ് ബാറ്റിങ് ശരാശരി നിലനിർത്തിയ കോലിക്ക് 2020 മുതൽ 3 വർഷത്തേക്കു ശരാശരി 30നു മുകളിലേക്ക് ഉയർത്താൻ സാധിച്ചില്ല. 2023ൽ ശരാശരി 55ലേക്ക് ഉയർന്നെങ്കിലും 2024ൽ അത് 24ലേക്ക് വീണു. ഈ വർഷം നടന്ന രണ്ടു ടെസ്റ്റ് മത്സരങ്ങളിൽ 11.5 ആണ് കോലിയുടെ ബാറ്റിങ് ശരാശരി. ടെസ്റ്റ് ക്രിക്കറ്റിലെ ഈ തുടർച്ചയായ തിരിച്ചടികൾക്കു പിന്നാലെ കോലി ഈ ഫോർമാറ്റ് വിടണമെന്നും യുവതാരങ്ങൾക്ക് അവസരമൊരുക്കണമെന്നും മുറവിളികൾ ഉയർന്നു. ഈ വിമർശനങ്ങളിൽ കോലിക്ക് ഒപ്പം നിന്നത് സഹതാരം രോഹിത് ശർമയായിരുന്നു. എന്നാൽ, രോഹിത് ടെസ്റ്റ് അവസാനിപ്പിച്ചതോടെ, ടീമിൽ ഒരു തലമുറ മാറ്റം അനിവാര്യമാണെന്നു കോലിക്കും തോന്നിയിരിക്കാം.