ADVERTISEMENT

അമിത പ്രതീക്ഷയുടെ സമ്മർദ്ദമായാലും ‘ ഇതാണ് സമയം’ എന്ന ഉൾവിളിയായാലും കോലിയുടെ വിരമിക്കലോടെ ടെസ്റ്റ് ക്രിക്കറ്റിലെ ഉജ്വലമായൊരു അധ്യായം അവസാനിക്കുകയാണ്. മുപ്പത്തിയാറാം വയസ്സിലും നിലനിർത്തുന്ന ഫിറ്റ്നസ് ലെവലും ഐപിഎലിലെ മിന്നുന്ന ഫോമും കണക്കിലെടുത്താൽ ഒരു സീസൺ കൂടിയെങ്കിലും കോലിക്ക് ടെസ്റ്റ് കളത്തിലും തുടരാമായിരുന്നു. വിരമിക്കൽ തീരുമാനം ഒഴിവാക്കാൻ ബിസിസിഐയുടെ ഭാഗത്തുനിന്നു സമ്മർദ്ദവും ആരാധകരുടെ അഭ്യർഥനയും ഉണ്ടായിരുന്നു. പക്ഷേ, കോലി സ്വന്തം തീരുമാനത്തിൽ ഉറച്ചുനിന്നു; കളിക്കളത്തിലെപ്പോലെ ജീവിതത്തിലും.

ടെസ്റ്റ് ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു വിരാട് കോലി. ക്രിക്കറ്റിന്റെ ദീർഘമായ ഫോർമാറ്റിലെ വെല്ലുവിളികളെ സ്വാഭാവിക സിദ്ധിയും അപാരമായ മനക്കരുത്തും കൊണ്ടു മറികടന്ന പ്രതിഭ. ടെസ്റ്റിൽ സമാഹരിച്ച റൺസിന്റെ കണക്കിൽ മാത്രമല്ല കോലിയുടെ സംഭാവനകൾ വിലയിരുത്തേണ്ടത്. കോലി നേരിട്ട സമ്മർദ്ദവും പ്രതികൂല സാഹചര്യങ്ങളും കൂടി കണക്കിലെടുക്കണം. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ കരുത്തരായ എതിരാളികൾക്കെതിരെ മികവാർന്ന സെഞ്ചറികൾ. ദക്ഷിണാഫ്രിക്കയിൽ അൻപതിലേറെയാണ് കോലിയുടെ ബാറ്റിങ് ശരാശരി; ഏഴു സെ‍ഞ്ചറികളുള്ള ഓസ്ട്രേലിയയിൽ 43.76, ഇംഗ്ലണ്ടിൽ 42.36. വിദേശമണ്ണിലെ വെല്ലുവിളികൾ നിറഞ്ഞ പിച്ചിലാണ് കോലിയുടെ പ്രതിഭാവിലാസം ഏറെ പ്രകടമായത്.

ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനെന്നതിലുപരി, ആക്രമണോത്സുകരായ ഒരു കൂട്ടം കളിക്കാരുടെ സംഘമായി ടീമിനെ വളർത്തിയെടുത്തതാണ് കോലിയുടെ മികച്ച സംഭാവന. ഇന്ത്യ അതുവരെ കളിച്ചുവന്ന ക്രിക്കറ്റിന്റെ ഫിലോസഫി തന്നെ ഈ ഡൽഹിക്കാരൻ മാറ്റിയെഴുതി. ഫിറ്റ്നസിന്റെ പ്രാധാന്യം എന്തെന്നു കളിക്കാരെ സ്വന്തം അനുഭവത്താൽ പഠിപ്പിച്ചു. വിക്കറ്റിനിടയിലൂടെ റണ്ണിനായി അതിവേഗം പാഞ്ഞു.

‘അഗ്രഷൻ’ എന്നതിനു കളിക്കളത്തിലെ മറ്റൊരു പേരായി കോലി. വിദേശമണ്ണിൽ എതിരാളികളെ ഒരു മയവുമില്ലാതെ ആക്രമിച്ചു. ഫാസ്റ്റ് ബോളർമാരെ കയറൂരി വിട്ടു. നിലയ്ക്കാത്ത ഊർജവുമായി ഫീൽഡിൽ പറന്നു നടന്ന് റൺ സേവ് ചെയ്തു. ആ നായക മികവിൽ 2018–19 ൽ ഓസ്ട്രേലിയയിൽ ആദ്യമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഓസീസ് മണ്ണിൽ പരമ്പര നേടുന്ന ആദ്യ ഏഷ്യൻ നായകനുമായി. 2021ൽ ആദ്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലുമെത്തി.

കരിയറിൽ പതിനായിരം റൺസിനു വിളിപ്പാടകലെ വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു പാഡഴിക്കാൻ എന്താവും കാരണം? സമീപകാലത്തെ ഫോം നഷ്ടവും സീനിയർ താരങ്ങളോടുള്ള ബിസിസിഐയുടെ സമീപനവും ആരാധകരും കളിവിദഗ്ധരും നൽകുന്ന അമിതശ്രദ്ധയുടെ സമ്മർദ്ദവുമൊക്കെ ആ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. കളിക്കാരനും ക്യാപ്റ്റനുമെന്ന നിലയിൽ ലഭിക്കുന്ന അമിതശ്രദ്ധമൂലമാണ് ട്വന്റി20യിലും ടെസ്റ്റിലും ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നു കോലി അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. 

 പക്ഷേ നായകസ്ഥാനം ഒഴിഞ്ഞാലും ആ ബാറ്റിൽ ഇനിയും നിറയെ റൺസ് ഉണ്ടായിരുന്നു. കണ്ണുകളിൽ പോരാട്ടത്തിന്റെ കനലും അണഞ്ഞിട്ടുണ്ടായിരുന്നില്ല. പക്ഷേ, അപ്രതീക്ഷിതമായി നിലച്ചുപോയൊരു ഗാനം പോലെ കോലി എല്ലാവരെയും അമ്പരപ്പിച്ച് ബാറ്റു താഴ്ത്തി. എക്കാലവും സ്വന്തം തീരുമാനങ്ങൾ കളിക്കളത്തിൽ നടപ്പാക്കിയ ലീഡറുടെ മറ്റൊരു ക്ലാസിക്കൽ ഷോട്ട്.

English Summary:

Virat Kohli's Retirement: The End of an Era in Test Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com