‘‘ലൈറ്റുകൾ ഓഫാക്കി സ്റ്റേഡിയം മുഴുവൻ ഇരുട്ടിൽ, ഹോട്ടലിലേക്കുള്ള യാത്ര സംഘർഷഭരിതം’’, പരിഭ്രാന്തിയുടെ രാത്രിയെന്ന് ഓസ്ട്രേലിയൻ താരം

Mail This Article
മെൽബൺ ∙ ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തിനിടെ ഡൽഹി ക്യാപിറ്റൽസ്– പഞ്ചാബ് കിങ്സ് ഐപിഎൽ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചപ്പോഴുണ്ടായ പരിഭ്രാന്തിയുടെ നിമിഷങ്ങൾ വെളിപ്പെടുത്തി ഓസ്‍ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം അലീസ ഹീലി. ‘‘മത്സരത്തിനിടെ ഞങ്ങളെ നിർബന്ധിച്ച് സ്റ്റേഡിയത്തിൽനിന്ന് ഇറക്കി ഒരു റൂമിലെത്തിച്ചു. ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിക്ക് ഷൂസ് പോലും ഇടാനുള്ള സാവകാശം കിട്ടിയിരുന്നില്ല. ആശങ്കകകൾ നിറഞ്ഞ ആ രാത്രിയുടെ നടുക്കം വിട്ടുമാറാൻ സമയമെടുത്തെന്നും ഒരു പോഡ്കാസ്റ്റിൽ അലീസ ഹീലി പറഞ്ഞു.
ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഡൽഹി ക്യാപിറ്റൽസ് താരം മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യയുമായ അലീസ ഹീലി ഐപിഎൽ മത്സരങ്ങളിൽ ഗാലറിയിലെ പതിവു സാന്നിധ്യമാണ്. ‘താരങ്ങളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന വലിയൊരു സംഘമായാണ് ഞങ്ങൾ ധരംശാലയിൽ മത്സരം കണ്ടിരുന്നത്. പെട്ടെന്ന് ഫ്ലഡ്‍ലൈറ്റുകൾ ഓഫ് ആയി. സ്റ്റേഡിയത്തിൽ ഇരുട്ടു നിറഞ്ഞു. ഞങ്ങളുടെ സഹായി ആയിരുന്ന ഒരാൾ ഗാലറിയിലേക്ക് ഓടിയെത്തി നമുക്ക് സ്റ്റേഡിയത്തിൽനിന്ന് പുറത്തിറങ്ങാമെന്ന് പറഞ്ഞു. അയാൾ വളരെ അസ്വസ്ഥനായിരുന്നു. പിന്നാലെയെത്തിയ ആൾ കുറച്ചുകൂടി സ്വരംകടുപ്പിച്ച് അവിടെനിന്ന് മാറണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് ആരും ഞങ്ങളോട് പറഞ്ഞില്ല. ’
‘ഗാലറിയിൽനിന്ന് ഒരു റൂമിലേക്ക് ഞങ്ങളെ എത്തിച്ചപ്പോൾ അവിടെ കളിക്കാരുമുണ്ടായിരുന്നു. അവിടെ ഞങ്ങളെല്ലാം അൽപം ഭയത്തോടെയാണു നിന്നത്. എന്താണു സംഭവിച്ചതെന്ന് സ്റ്റാർക്കിനോട് ചോദിച്ചപ്പോഴാണ് പ്രദേശം മുഴുവൻ ബ്ലാക്ക് ഔട്ടിലാണെന്നൊക്കെ അറിയുന്നത്. ആ മുറിയിൽനിന്ന് ഹോട്ടലിക്കുള്ള ഞങ്ങളുടെ യാത്രയും സംഘർഷഭരിതമായിരുന്നു– അലീസ ഹീലി പറഞ്ഞു.