ചിയർ ലീഡേഴ്സും ഡിജെയും വേണ്ട, ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ഗാവസ്കർ; നിർദേശം നടപ്പാക്കാൻ ഐപിഎൽ

Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ വീണ്ടും ആരംഭിക്കുമ്പോൾ ചിയർ ലീഡേഴ്സിനെയും ഡിജെയും ഒഴിവാക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്തുമ്പോൾ മറ്റു വിനോദ ഉപാധികളൊന്നും സ്റ്റേഡിയങ്ങളിൽ വേണ്ടെന്നാണു ഗാവസ്കറുടെ നിലപാട്. നിലവിലെ സാഹചര്യം പരിഗണിച്ച് ഗാവസ്കറുടെ നിർദേശം ബിസിസിഐ അംഗീകരിക്കുമെന്നാണു പുറത്തുവരുന്ന വിവരം. അതിർത്തിയിൽ ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായതോടെയാണ് ഐപിഎൽ ഒരാഴ്ചത്തോളം നിർത്തിവച്ചത്.
പഞ്ചാബ് കിങ്സ്– ഡൽഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. പുതുക്കിയ മത്സര ക്രമം അനുസരിച്ച് മേയ് 17നാണ് ഐപിഎൽ വീണ്ടും തുടങ്ങുക. ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേരാണു മരിച്ചത്. തുടര്‍ന്ന് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ മിന്നലാക്രമണം നടത്തുകയും, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.
‘‘പല കുടുംബങ്ങളും പ്രിയപ്പെട്ടവരെ നഷ്ടമായ സങ്കടത്തിലായിരിക്കും. അതുകൊണ്ടു തന്നെ ആഘോഷങ്ങൾ ഒഴിവാക്കി മത്സരങ്ങൾ നടത്തുക. ഓവറുകൾക്കിടയിലെ ഡിജെ സംഗീതം ഒഴിവാക്കുക. പെൺകുട്ടികളെ നൃത്തം ചെയ്യിക്കുന്നതും വേണ്ട.’’– സുനിൽ ഗാവസ്കർ പ്രതികരിച്ചു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ്– മുംബൈ ഇന്ത്യൻസ് മത്സരത്തിൽ ചിയർ ലീഡേഴ്സിനെ ഒഴിവാക്കിയിരുന്നു.