ADVERTISEMENT

ധാക്ക∙ ബംഗ്ലദേശ് പേസ് ബോളർ മുസ്തഫിസുർ റഹ്മാൻ ഐപിഎൽ കളിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം. ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ലെന്ന് ഓസീസ് താരം ജേക് ഫ്രേസർ മഗ്രുക് നിലപാടെടുത്തതോടെയാണ്, ബംഗ്ലദേശ് പേസ് ബോളറെ ‍ഡൽഹി ക്യാപിറ്റൽസ് പകരക്കാരനായി ‘സൈൻ’ ചെയ്തത്. മുസ്തഫിസുർ ഐപിഎൽ കളിക്കുമെന്ന് ഡൽഹി ക്യാപിറ്റൽസ് എക്സ് പ്ലാറ്റ്ഫോമിൽ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മുസ്തഫിസുറിനെ ഐപിഎൽ കളിപ്പിക്കുന്ന കാര്യത്തിൽ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു.

മുസ്തഫിസുർ ബംഗ്ലദേശ് ടീമിനൊപ്പം യുഎഇയിലേക്കു പോകുമെന്ന് ബംഗ്ലദേശ് ബോർ‍ഡ് സിഇഒ നിസാമുദ്ദീൻ ചൗധരി പ്രതികരിച്ചു. ഈ മാസം അവസാനം ബംഗ്ലദേശ് യുഎഇക്കെതിരെ രണ്ട് ട്വന്റി20 മത്സരങ്ങൾ കളിക്കുന്നുണ്ട്. ‘‘ഐപിഎൽ സംഘാടകരിൽനിന്നോ, ഫ്രാഞ്ചൈസിയിൽനിന്നോ യാതൊരു അറിയിപ്പും ഞങ്ങൾക്കു ലഭിച്ചിട്ടില്ല. മുസ്തഫിസുർ നേരത്തേ തീരുമാനിച്ചപോലെ യുഎഇയിലേക്കു തന്നെ പോകും. ഐപിഎല്‍ കളിക്കുന്ന കാര്യം മുസതഫിസുറും എന്നെ അറിയിച്ചിട്ടില്ല.’’– നിസാമുദ്ദീൻ ഒരു സ്പോർട്സ് മാധ്യമത്തോടു വ്യക്തമാക്കി.

മേയ് 17, 19 തീയതികളിലാണ് ബംഗ്ലദേശ് യുഎഇയിൽ ട്വന്റി20 മത്സരങ്ങൾ കളിക്കുന്നത്. അതിനു ശേഷം പാക്കിസ്ഥാനിൽ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയും കളിക്കാനുണ്ട്. സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് പാക്കിസ്ഥാൻ പര്യടനത്തിനു പോകുന്ന കാര്യത്തിൽ ബംഗ്ലദേശ് അന്തിമ തീരുമാനം എടുത്തിട്ടില്ല. 2022, 2023 സീസണുകളിൽ ‍ഡൽഹിയുടെ താരമായിരുന്നു മുസ്തഫിസുർ. ഐപിഎലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയും മുസ്തഫിസുർ കളിച്ചിട്ടുണ്ട്. നിലവിലെ സീസണിനു മുൻപു നടന്ന ഐപിഎൽ മെഗാലേലത്തിൽ ബംഗ്ലദേശ് താരങ്ങളെ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല.

English Summary:

Delhi Capitals' latest signing Mustafizur Rahman triggers fresh controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com