പഴികേട്ടു മതിയായി, വേവിച്ച പച്ചക്കറികളും കോഴിയിറച്ചിയും മാത്രം കഴിച്ചു; പത്ത് കിലോ ഭാരം കുറച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം

Mail This Article
മുംബൈ∙ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങി യുവതാരം സർഫറാസ് ഖാൻ. കഴിഞ്ഞ വർഷം ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച സർഫറാസിന് ഇതുവരെ വിദേശ മണ്ണിൽ ടെസ്റ്റ് കളിക്കാൻ സാധിച്ചിട്ടില്ല. ഇംഗ്ലണ്ട് ലയൺസിനെതിരായി ഇന്ത്യ എയ്ക്കു വേണ്ടി കളിക്കുന്നതിനായി താരം പത്തു കിലോയാണു കുറച്ചത്. കൃത്യമായ ഭക്ഷണ നിയന്ത്രണവും വ്യായാമവും ശീലമാക്കിയാണ് സർഫറാസ് ശരീരഭാരത്തിൽ വലിയ മാറ്റം കൊണ്ടുവന്നത്.
ഭാരക്കൂടുതലിന്റെ പേരിൽ ഏറെ പഴികേട്ട താരമാണ് സർഫറാസ്. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയിട്ടും സീനിയർ ടീമിൽ താരത്തിന് അർഹിച്ച പരിഗണന ലഭിച്ചതുമില്ല. വേവിച്ച പച്ചക്കറികളും കോഴിയിറച്ചിയുമാണു താരം ഡയറ്റിന്റെ ഭാഗമായി കഴിക്കുന്നത്. രണ്ട് മത്സരങ്ങളാണ് ഇന്ത്യ എ ടീം ഇംഗ്ലണ്ട് ലയൺസിനെതിരെ കളിക്കുന്നത്. ജൂൺ 13 മുതൽ ഇന്ത്യൻ സീനിയര്‍ ടീമിനെതിരെയും എ ടീമിന് മത്സരങ്ങളുണ്ട്.
മലയാളി താരം കരുൺ നായരെയും ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ശുഭ്മൻ ഗിൽ ടെസ്റ്റ് ടീമിനെ നയിക്കുമെന്നാണു കരുതുന്നത്. ടെസ്റ്റിൽ ഇന്ത്യയ്ക്കായി ആറു മത്സരങ്ങൾ കളിച്ച സർഫറാസ് ഖാൻ ഒരു സെഞ്ചറിയും മൂന്ന് അർധ സെഞ്ചറികളും ഉൾപ്പടെ 371 റൺസാണ് ഇതുവരെ നേടിയത്.