2.5 ഓവറിൽ 50 റൺസ്, പവർപ്ലേയിൽ 89 റൺസ്, എന്നിട്ടും രാജസ്ഥാൻ തോറ്റു; പഞ്ചാബിനെ തടയാനാകാതെ സഞ്ജു

Mail This Article
ജയ്പൂർ∙ തുടക്കം യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും ആളിക്കത്തിച്ചിട്ടും ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തിൽ ജയിക്കാനാകാതെ രാജസ്ഥാൻ റോയൽസ്. പഞ്ചാബ് കിങ്സ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. പഞ്ചാബിന് 10 റൺസ് വിജയം.ധ്രുവ് ജുറേലും (31 പന്തിൽ 53), യശസ്വി ജയ്സ്വാളും (25 പന്തിൽ 50) രാജസ്ഥാനു വേണ്ടി അർധ സെഞ്ചറി തികച്ചു. വൈഭവ് സൂര്യവംശി (15 പന്തിൽ 40), ക്യാപ്റ്റൻ സഞ്ജു സാംസൺ (16 പന്തിൽ 20) എന്നിവരാണു രാജസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ. 13 മത്സരങ്ങൾ പൂർത്തിയാക്കിയ രാജസ്ഥാന്റെ പത്താം തോൽവിയാണിത്. 17 പോയിന്റുള്ള പഞ്ചാബ് കിങ്സ് രണ്ടാം സ്ഥാനത്താണ്. ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ ഗുജറാത്ത് വിജയിച്ചതോടെ പഞ്ചാബ് കിങ്സും പ്ലേ ഓഫ് ഉറപ്പിച്ചു.
മറുപടി ബാറ്റിങ്ങിൽ സ്വപ്ന തുല്യമായ തുടക്കമാണു രാജസ്ഥാൻ റോയല്‍സിനു ലഭിച്ചത്. അർഷ്ദീപ് സിങ്ങിന്റെ ആദ്യ ഓവറിൽ ജയ്സ്വാൾ അടിച്ചുകൂട്ടിയത് നാലു ഫോറുകളും ഒരു സിക്സും. 2.5 ഓവറിൽ 50 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. പവർപ്ലേ അവസാനിച്ചപ്പോൾ ടീം സ്കോർ ഒരു വിക്കറ്റ് നഷ്ടത്തിൽ 89 റൺസ്. സ്കോർ 109 ൽ നിൽക്കെ ജയ്സ്വാളിനെ ഹർപ്രീത് ബ്രാർ പുറത്താക്കിയതോടെയാണ് രാജസ്ഥാന്‍ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞത്. വൺഡൗണായിറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണും (16 പന്തിൽ 20), റിയാൻ പരാഗിനും (11 പന്തിൽ 13) മികച്ച തുടക്കം ലഭിച്ചെങ്കിലും ഇരുവർക്കും വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ല.
മധ്യനിരയിൽ ധ്രുവ് ജുറേലിന്റെ ഇന്നിങ്സാണ് രാജസ്ഥാനു കരുത്തായത്. അവസാന രണ്ടോവറുകളിൽ 30 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ നിർണായകമായ 19–ാം ഓവറിൽ രാജസ്ഥാൻ നേടിയത് എട്ടു റൺസ് മാത്രം. മാർകോ യാൻസന്റെ 20–ാം ഓവറിൽ ധ്രുവ് ജുറേലിനെ മിച്ചൽ ഒവൻ ക്യാച്ചെടുത്തു പുറത്താക്കിയതോടെ രാജസ്ഥാൻ തോൽവിയുറപ്പിച്ചു. വാലറ്റത്തെ താരങ്ങൾക്കും കളി മാറ്റുന്ന പ്രകടനങ്ങൾ നടത്താൻ സാധിച്ചില്ല. പഞ്ചാബിനായി ഹർപ്രീത് ബ്രാര്‍ മൂന്നു വിക്കറ്റുകളും മാർകോ യാന്‍സൻ, അസ്മത്തുല്ല ഒമർസായി എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.
പരുക്കേറ്റു പുറത്തുപോയ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗണ്ടറി ലൈനിനു പുറത്തുനിന്നാണു താരങ്ങൾക്കു നിര്‍ദേശങ്ങൾ നൽകിയത്. ഒടുവിൽ 10 റൺസ് വിജയത്തോടെ പഞ്ചാബ് പ്ലേ ഓഫിലെത്തി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. 37 പന്തുകളിൽ അഞ്ചു വീതം സിക്സുകളും ഫോറുകളും പറത്തി 70 റൺസെടുത്ത നേഹൽ വധേരയാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. ശശാങ്ക് സിങ് (30 പന്തിൽ 59) അർധ സെഞ്ചറി നേടി പുറത്താകാതെനിന്നു.

ക്യാപ്റ്റൻ ശ്രേയസ് അയ്യർ (25 പന്തിൽ 30), പ്രബ്സിമ്രൻ സിങ് (10 പന്തിൽ 21), അസ്മത്തുല്ല ഒമർസായി (ഒൻപതു പന്തിൽ 21) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. അവസാന ഓവറുകളിൽ തകർത്തടിച്ച ശശാങ്ക് സിങ്ങും അസ്മത്തുല്ല ഒമർസായിയും ചേർന്നാണ് പഞ്ചാബിനെ 200 കടത്തിയത്. ഐപിഎൽ അരങ്ങേറ്റ മത്സരം കളിക്കുന്ന പഞ്ചാബിന്റെ ഓസ്ട്രേലിയന്‍ ഓൾ റൗണ്ടർ മിച്ചൽ ഒവൻ പൂജ്യത്തിനു പുറത്തായി. രാജസ്ഥാനു വേണ്ടി തുഷാർ ദേശ്പാണ്ഡെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ക്വെന മഫാക, റിയാന്‍ പരാഗ്, ആകാശ് മധ്‍വാൾ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.