ഗുജറാത്തിന്റെ ഇരട്ടച്ചങ്ക്, ഓപ്പണർമാരിൽ ഒരാൾക്ക് സെഞ്ചറി തികയ്ക്കാൻ റൺസ് ബാക്കിയില്ല

Mail This Article
ന്യൂഡൽഹി ∙ ഡൽഹി ക്യാപിറ്റൽസ് ടീമിനോട് ഗുജറാത്ത് ആരാധകർക്ക് പരിഭവം കാണും; ബാറ്റു ചെയ്തപ്പോൾ കുറച്ചുകൂടി റൺസ് നേടാമായിരുന്നില്ലേ..! സെഞ്ചറി നേടിയ സായ് സുദർശനും (61 പന്തിൽ 108 നോട്ടൗട്ട്) സെഞ്ചറിക്കരികിലെത്തിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (53 പന്തിൽ 93 നോട്ടൗട്ട്) ഒന്നിച്ചു നിലയുറപ്പിച്ചപ്പോൾ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 10 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. കെ.എൽ.രാഹുലിന്റെ (65 പന്തിൽ 112*) സെഞ്ചറിക്കരുത്തിൽ 199 റൺസെടുത്ത ഡൽഹിക്ക് ബോളിങ്ങിൽ ഒരു വിക്കറ്റിന്റെ നേരിയ ആശ്വാസം പോലും നൽകാതെയാണ് 6 പന്തുകൾ ബാക്കിനിൽക്കെ ഗുജറാത്ത് ജയമുറപ്പിച്ചത്. ബാറ്റിങ്ങിന്റെ തുടക്കം മുതൽ ലക്ഷ്യത്തിലേക്ക് കണക്കുകൂട്ടി മുന്നേറിയ ഓപ്പണർമാരിൽ ഒരാൾക്ക് സെഞ്ചറി തികയ്ക്കാൻ റൺസ് ബാക്കിയുണ്ടായില്ല എന്നതു മാത്രമാണ് ഗുജറാത്ത് ടീമിന്റെ ഏക നിരാശ. സ്കോർ: ഡൽഹി–20 ഓവറിൽ 3ന് 199. ഗുജറാത്ത്– 19 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 205.
ചേസിങ്ങിൽ വിക്കറ്റ് നഷ്ടമില്ലാതെ ഒരു ടീം ഇരുനൂറു കടക്കുന്നത് ഐപിഎൽ ചരിത്രത്തിൽ ഇതാദ്യമാണ്. ജയത്തോടെ ഗുജറാത്ത് ഈ സീസണിൽ പ്ലേഓഫിലെത്തുന്ന ആദ്യ ടീമായി മാറി. ഗുജറാത്തിന്റെ ജയത്തിന്റെ പിൻബലത്തിൽ ബെംഗളൂരു, പഞ്ചാബ് ടീമുകളും പ്ലേഓഫിൽ സ്ഥാനമുറപ്പിച്ചു. കഴിഞ്ഞ 4 ഐപിഎൽ സീസണുകളിലായി മൂന്നാം തവണയാണ് ഗുജറാത്ത് പ്ലേഓഫിലെത്തുന്നത്.
ഒപ്പത്തിനൊപ്പം
ഈ ഐപിഎലിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുള്ള ഗുജറാത്തിനു മുന്നിൽ ഒരു സ്കോറും സുരക്ഷിതമല്ലെന്ന് ഡൽഹി ടീം ഇന്നലെ തിരിച്ചറിഞ്ഞു. തുടക്കത്തിൽ ഗിൽ പതുങ്ങിനിന്നപ്പോൾ ആക്രമണ ചുമതലയേറ്റെടുത്തത് സായ് സുദർശനാണ്. 9–ാം ഓവറിൽ സായ് അർധ സെഞ്ചറി പിന്നിട്ടപ്പോൾ 21 റൺസായിരുന്നു ഗില്ലിന്റെ നേട്ടം. തുടർന്ന് ഗില്ലും ആക്രമണത്തിലേക്കു തിരിഞ്ഞതോടെ സ്കോറിങ്ങിന്റെ വേഗം കൂടി. 11–ാം ഓവറിൽ 100 റൺസ് പിന്നിട്ട സായ്– ഗിൽ കൂട്ടുകെട്ട് അടുത്ത 8 ഓവറിനുള്ളിൽ ടീമിന്റെ ജയവുമുറപ്പിച്ചു. 12 ഫോറും 4 സിക്സും ഉൾപ്പെടെയാണ് സായ് സുദർശൻ ഐപിഎലിലെ തന്റെ രണ്ടാം സെഞ്ചറി നേടിയത്. 3 ഫോറും 7 സിക്സും പറത്തിയ ഗിൽ സീസണിലെ ആറാം അർധ സെഞ്ചറിയും കുറിച്ചു.
കെ.എൽ.ക്ലാസിക്
ഡൽഹി ടീമിനായുള്ള കന്നി സെഞ്ചറിയും ഐപിഎൽ കരിയറിലെ അഞ്ചാം സെഞ്ചറിയും കുറിച്ച കെ.എൽ.രാഹുലിന്റെ (65 പന്തിൽ 122 നോട്ടൗട്ട്) അധ്വാനമാണ് ഗുജറാത്ത് ഓപ്പണർമാരുടെ അപരാജിത കൂട്ടുകെട്ടിലൂടെ നിഷ്ഫലമായത്. ഓപ്പണറായെത്തി അവസാന പന്തുവരെ ക്രീസിലുറച്ചുനിന്ന രാഹുലിനെ കേന്ദ്രീകരിച്ചായിരുന്നു ഡൽഹി സ്കോറിങ്ങിന്റെ കുതിപ്പ്. ഐപിഎലിൽ 3 വ്യത്യസ്ത ടീമുകൾക്കായി സെഞ്ചറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തമാക്കിയാണ് രാഹുൽ ഇന്നലെ ക്രീസ് വിട്ടത്.