യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി മുഹമ്മദ് ഷമി; ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തം

Mail This Article
ലക്നൗ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഐപിഎൽ തിരക്കുകൾക്കിടെയാണ് യോഗി ആദിത്യനാഥിനെ കാണാൻ ഷമി എത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് താരത്തിനൊപ്പമുള്ള ചിത്രങ്ങൾ യുപി മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച ശേഷം ഷമി രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആലോചിക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. അതിനിടെയാണ് യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച.
ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനു വേണ്ടിയാണു കളിക്കുന്നതെങ്കിലും മുഹമ്മദ് ഷമി ഉത്തർപ്രദേശ് സ്വദേശിയാണ്. ഷമിയുടെ ജന്മനാടായ അംറോഹയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഷമി നേരത്തേ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷമിയെ ബംഗാളിൽനിന്നു മത്സരിപ്പിക്കാൻ ബിജെപി ശ്രമിച്ചിരുന്നു.
ഐപിഎലിൽ സൺറൈസേഴ്സ് ജഴ്സിയിൽ മികച്ച പ്രകടനം നടത്താൻ ഷമിക്കു സാധിച്ചിരുന്നില്ല. ഒന്‍പതു മത്സരങ്ങളിൽ കളിക്കാനിറങ്ങിയ ഇന്ത്യൻ പേസർക്ക് ആറു വിക്കറ്റുകൾ വീഴ്ത്താന്‍ മാത്രമാണു സാധിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഷമിയെ കളിപ്പിക്കുമോയെന്നു വ്യക്തമല്ല. വിരമിക്കൽ അഭ്യൂഹങ്ങൾ താരം തള്ളിയിട്ടുണ്ടെങ്കിലും, രോഹിത്തിനെയും കോലിയെയും പോലെ അപ്രതീക്ഷിതമായി ഷമിയുടെ പ്രഖ്യാപനം വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയ്ക്കായി 64 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഷമി 229 വിക്കറ്റുകൾ ഇതുവരെ വീഴ്ത്തിയിട്ടുണ്ട്.