ഏഷ്യ കപ്പിൽനിന്ന് ആതിഥേയരായ ഇന്ത്യ പിൻമാറും, കോടികളുടെ നഷ്ടം വരും; പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ നീക്കം

Mail This Article
മുംബൈ∙ ക്രിക്കറ്റിൽ പാക്കിസ്ഥാനെ കൂടുതൽ ഒറ്റപ്പെടുത്താൻ ഉറച്ച് ഇന്ത്യയുടെ നിർണായക നീക്കം. ഏഷ്യ കപ്പിൽനിന്ന് ഇന്ത്യ പിൻമാറും. ഈ വർഷം ഇന്ത്യ ആതിഥേയരാകേണ്ട ടൂർണമെന്റിൽനിന്നാണ് പിൻമാറ്റത്തിന് ഒരുക്കം നടക്കുന്നത്. ഇതോടെ ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടവും ഇല്ലാതാകും. ലോകത്ത് ഏറ്റവും കൂടുതൽ കാഴ്ച്ചക്കാരുള്ള മത്സരങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലുകൾ.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‍വിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവന്‍. ജയ്ഷാ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ആയപ്പോൾ, ഉണ്ടായ ഒഴിവിലാണ് നഖ്‍വി പുതിയ പദവിയിലെത്തിയത്. ഇന്ത്യ ടൂർണമെന്റിൽനിന്നു പിൻമാറിയാൽ ഏഷ്യ കപ്പിന്റെ നിലനിൽപിനെ തന്നെ അതു ബാധിക്കും. ടൂർണമെന്റിനു കൂടുതൽ കാഴ്ചക്കാരുള്ളതും കൂടുതൽ സ്പോൺസർമാരുള്ളതും ഇന്ത്യയിൽനിന്നാണ്. കോടിക്കണക്കിനു രൂപയുടെ നഷ്ടം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനു നേരിടേണ്ടിവരും.
ഇന്ത്യയുടെ പിൻമാറ്റത്തിലൂടെ പാക്കിസ്ഥാനുൾപ്പടെയുള്ള മറ്റു ടീമുകളുടെ വരുമാനത്തിലും വൻ നഷ്ടം വരും. ‘‘പാക്കിസ്ഥാനിലെ ഒരു മന്ത്രി നയിക്കുന്ന എസിസി നടത്തുന്ന ടൂർണമെന്റിൽ കളിക്കാൻ ഇന്ത്യ താൽപര്യപ്പെടുന്നില്ല. അതാണു രാജ്യം ഇപ്പോൾ ആഗ്രഹിക്കുന്നത്. വരാനിരിക്കുന്ന വനിതാ എമർജിങ് ഏഷ്യ കപ്പിൽനിന്ന് പിന്‍മാറുന്ന കാര്യം ഞങ്ങൾ എസിസിയെ അറിയിച്ചിട്ടുണ്ട്. ഭാവിയിൽ ഇത്തരം ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിനും ബുദ്ധിമുട്ടുണ്ട്.’’– ഒരു ബിസിസിഐ പ്രതിനിധി ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
ഏഷ്യ കപ്പിൽ നിലവിലെ ചാംപ്യൻമാരാണ് ഇന്ത്യ. പാക്കിസ്ഥാൻ ആതിഥേയരായ കഴിഞ്ഞ ടൂർണമെന്റ് ഇന്ത്യയുടെ ആവശ്യപ്രകാരം ഹൈബ്രിഡ് ആയാണു നടത്തിയത്. ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണു കളിച്ചത്. പാക്കിസ്ഥാൻ ഫൈനൽ കാണാതെ പുറത്താകുകയും ചെയ്തു.