ADVERTISEMENT

ലക്നൗ ∙ പ്ലേഓഫിനും പുറത്താകലിനും ഇടയിൽ ആടിനിന്ന ലക്നൗ സൂപ്പർ ജയന്റ്സിനെ ഹൈദരാബാദ് നൈസായൊന്നു തള്ളിവീഴ്ത്തി! ലക്നൗ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം 10 പന്തു ബാക്കിനിൽക്കെ 4 വിക്കറ്റ് നഷ്ടത്തി‍ൽ മറികടന്ന ഹൈദരാബാദ് വിജയത്തിനൊപ്പം ലക്നൗവിനെ പ്ലേഓഫ് പ്രതീക്ഷകളിൽനിന്നു പുറത്താക്കുകയും ചെയ്തു. ഹൈദരാബാദ് നേരത്തേ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. സ്കോർ: ലക്നൗ– 20 ഓവറിൽ 7ന് 205; ഹൈദരാബാദ് – 18.2 ഓവറിൽ 4ന് 206.

20 പന്തിൽ 6 സിക്സും 5 ഫോറും സഹിതം 59 റൺസ് നേടി മിന്നൽ തുടക്കം നൽകിയ അഭിഷേക് ശർമയാണ് ഹൈദരാബാദിന്റെ വിജയശിൽപി. ഇഷാൻ കിഷൻ (28 പന്തിൽ 35), ഹെയ്ൻറിച്ച് ക്ലാസൻ (28 പന്തിൽ 47), കാമിന്ദു മെൻഡിസ് (21 പന്തിൽ 32) എന്നിവരും തിളങ്ങിയതോടെ ഇതുവരെ 200നു മുകളിലുള്ള ടോട്ടൽ ആരും പിന്തുടർന്നു ജയിച്ചിട്ടില്ലെന്ന ലക്നൗ സ്റ്റേഡിയത്തിലെ റെക്കോർഡ് ഹൈദരാബാദ് തിരുത്തുകയും ചെയ്തു. സീസണിൽ ഹൈദരാബാദിന്റെ നാലാം വിജയം മാത്രമാണിത്. 18 പന്തിൽ അർധസെഞ്ചറി തികച്ച അഭിഷേക് ശർമയാണു പ്ലെയർ ഓഫ് ദ് മാച്ച്. ഹൈദരാബാദിനായി 2 വിക്കറ്റ് നേടിയ ദിഗ്‌വേഷ് റാഠി 4 ഓവറിൽ വഴങ്ങിയതു 37 റൺസാണ്; അഭിഷേക് ശർമയുടെ വിക്കറ്റ് നേടിയതിനു പിന്നാലെ താരത്തോടു കയർത്തു സംസാരിച്ചതിന് ദിഗ്‌വേഷ് അച്ചടക്ക നടപടി നേരിടേണ്ടി വന്നേക്കും. 

ലക്നൗ നിരയില‍െ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ഷാർദൂൽ ഠാക്കൂർ ഉൾപ്പെടെ (4 ഓവറിൽ 39 റൺസ് വഴങ്ങി ഒരു വിക്കറ്റ്) എല്ലാവരും തല്ലുവാങ്ങി. ഒരു ഓവർ മാത്രമെറിഞ്ഞ രവി ബിഷ്ണോയി  വഴങ്ങിയത് 26 റൺസാണ്. 

നേരത്തേ, ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ലക്നൗ ഓപ്പണിങ് വിക്കറ്റിൽ മിച്ചൽ മാർഷിന്റെയും (39 പന്തിൽ 65) എയ്ഡൻ മാർക്രത്തിന്റെയും (38 പന്തിൽ 61) വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിലാണ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 205 റൺസിലെത്തിയത്.  ബാറ്റിങ് ഓർഡറിൽ വീണ്ടുമൊരു പരീക്ഷണത്തിനു മുതിർന്ന് നിക്കോളാസ് പുരാനു പകരം വൺഡൗണായി ഇറങ്ങിയ ക്യാപറ്റൻ ഋഷഭ് പന്തിനു പക്ഷേ പതിവു പോലെ കാലിടറി. ഇഷാൻ മലിംഗയ്ക്കു റിട്ടേൺ ക്യാച്ച് നൽകിയ പന്തിനു നേടാനായത് 6 പന്തിൽ 7 റൺസ് മാത്രം. 

പിന്നീടു വന്ന പുരാനു തന്റെ സ്ഥിരം ഷോട്ടുകൾ കളിക്കാ‍ൻ സാധിക്കാതെ വന്നതോടെ ലക്നൗവിന്റെ റണ്ണൊഴുക്കിനു വേഗം കുറഞ്ഞു. 11 മുതൽ 15 വരെ ഓവറുകൾക്കിടെ 2 വിക്കറ്റ് നഷ്ടപ്പെട്ട ലക്നൗവിനു നേടാനായതു 38 റൺസാണ്. 26 പന്തിൽ 6 ഫോറും ഒരു സിക്സും സഹിതം 45 റൺസ് നേടി പുരാൻ പുറത്തായതിനു ശേഷം ലക്നൗ സ്കോർ പിടിവിട്ടു കുതിച്ചത് 20–ാം ഓവറിലാണ്. ഈ സീസണിൽ ആദ്യമായി പന്തെറിഞ്ഞ നിതീഷ് റെഡ്ഡി ആ ഓവറിൽ വഴങ്ങിയത് 20 റൺസ്!

English Summary:

Indian Premier League, Lucknow Super Giants vs Sunrisers Hyderabad Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com