ഓപറേഷൻ സിന്ദൂർ ആരംഭിച്ചപ്പോൾ രക്ഷിതാക്കൾ പാക്ക് അധിനിവേശ കശ്മീരിൽ; വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം

Mail This Article
മുംബൈ∙ പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യൻ സൈന്യം ‘ഓപറേഷൻ സിന്ദൂർ’ നടത്തുമ്പോൾ രക്ഷിതാക്കൾ പാക്ക് അധിനിവേശ കശ്മീരിലുണ്ടായിരുന്നെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയീൻ അലി. രക്ഷിതാക്കൾ ഉണ്ടായിരുന്ന സ്ഥലത്തുനിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താൽ എത്താവുന്ന ഇടങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതായി മൊയീൻ അലി ഒരു പോഡ്കാസ്റ്റിൽ പ്രതികരിച്ചു. ഇന്ത്യ– പാക്കിസ്ഥാൻ വെടിനിര്‍ത്തലിനു പിന്നാലെ ഐപിഎൽ വീണ്ടും തുടങ്ങിയിട്ടും മൊയീൻ അലി ഇന്ത്യയിലേക്കു വരാൻ തയാറായിരുന്നില്ല. ഐപിഎലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് മൊയീൻ അലി.
‘‘രക്ഷിതാക്കൾ വിമാനം കയറി അവിടെനിന്നു പോകുകയായിരുന്നു. അതിൽ എനിക്കു സന്തോഷമുണ്ട്. അന്ന് സാഹചര്യങ്ങളെല്ലാം വളരെ പെട്ടെന്നാണു മാറിമറിഞ്ഞത്. ഞങ്ങൾ പ്രത്യേകിച്ച് ശബ്ദങ്ങളൊന്നും കേട്ടില്ല. പക്ഷേ യുദ്ധത്തിനു നടുവിലാണെന്നതു പോലെയായിരുന്നു അന്നത്തെ അവസ്ഥ. രാജ്യത്തിനു പുറത്തു പോകണമെന്നും കുടുംബത്തെ സുരക്ഷിതമാക്കണം എന്നുമാണ് അപ്പോൾ ചിന്തിച്ചിരുന്നത്. എന്താണു സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ല. വിമാനങ്ങൾ റദ്ദാക്കുമോയെന്നായിരുന്നു വിദേശ താരങ്ങളുടെയെല്ലാം ഭയം.’’– മൊയീൻ അലി പ്രതികരിച്ചു.
പാക്കിസ്ഥാനിൽ വേരുകളുള്ളയാളാണ് 37 വയസ്സുകാരനായ മൊയീൻ അലി. മൊയീൻ അലിയുടെ അമ്മ പാക്കിസ്ഥാനിലാണു ജനിച്ചത്. മേയ് ഏഴിന് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലാണ് മൊയീൻ അവസാനമായി ഐപിഎലിൽ കളിച്ചത്. ഇന്ത്യ– പാക്ക് സംഘർഷത്തെ തുടർന്ന് ഐപിഎലിൽ ഒരാഴ്ച ഇടവേള വന്നപ്പോൾ താരം നാട്ടിലേക്കു പോയി. മൊയീൻ അലി തിരിച്ചുവരില്ലെന്നു പറഞ്ഞതോടെ, താരത്തിന്റെ പകരക്കാരനെ കണ്ടെത്താൻ കൊൽക്കത്തയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.