മധ്യനിരയില്‍ മാറിമാറിക്കളിച്ച് രോഹിത് ശർമയ്ക്കു ബോറടിച്ചു, അതുകൊണ്ട് ഞാൻ പിടിച്ച് ഓപ്പണറാക്കി; വെളിപ്പെടുത്തി ശാസ്ത്രി

Mail This Article
ദുബായ് ∙ മധ്യനിരയിൽ ബാറ്റു ചെയ്ത് ബോറടിച്ച രോഹിത് ശർമയെ 2019ൽ താൻ ഓപ്പണർ സ്ഥാനത്തേക്ക് പ്രമോട്ട് ചെയ്യുകയായിരുന്നുവെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. 2019 ഏകദിന ലോകകപ്പിൽ ഓപ്പണറായി രോഹിത് തകർത്തടിക്കുന്നത് കണ്ടപ്പോഴാണ് ടെസ്റ്റിലും ആ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാമെന്ന ചിന്ത തനിക്കുണ്ടായതെന്നും ശാസ്ത്രി പറഞ്ഞു.
‘‘ടെസ്റ്റിൽ മധ്യനിരയിലെ ബാറ്റിങ് പൊസിഷനുകളിൽ മാറിമാറി കളിച്ച് രോഹിത്തിനു ബോറടിച്ചു തുടങ്ങിയിരിക്കുന്നു എന്നെനിക്കു മനസ്സിലായി. ഇക്കാര്യം ക്യാപ്റ്റൻ വിരാട് കോലിയോടും ഞാൻ ചർച്ച ചെയ്തു. അദ്ദേഹത്തിനും രോഹിത്തിനെ ഓപ്പണറാക്കുന്നതിന് സമ്മതമായിരുന്നു. ഓപ്പണറായുള്ള ആദ്യ ടെസ്റ്റിൽ 2 ഇന്നിങ്സിലും സെഞ്ചറിയടിച്ച് രോഹിത് ടീമിന്റെ തീരുമാനം ശരിവയ്ക്കുകയും ചെയ്തു’’- ശാസ്ത്രി പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ച രോഹിത് ശർമ ഏകദിന ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി തുടരും. ടെസ്റ്റിൽ രോഹിതിനു പകരം പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള ചർച്ചകളിലാണു ബിസിസിഐ. ശുഭ്മൻ ഗിൽ ഇന്ത്യൻ ടീമിനെ നയിച്ചേക്കുമെന്നാണു വിവരം. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിനു പിന്നാലെ ട്വന്റി20 ഫോര്‍മാറ്റിൽനിന്നും രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.