അഭിഷേകിനെതിരെ ‘നോട്ട്ബുക്ക്’ തുറന്നു, വാക്കുതർക്കം; ‘സ്ഥിരം പ്രശ്നക്കാരന്’ കണക്കിനു കിട്ടി, ഇനി പുറത്തിരിക്കാം

Mail This Article
ലക്നൗ∙ വിവാദ ആഘോഷ പ്രകടനങ്ങളുടെ പേരിൽ പല തവണ പിഴ ശിക്ഷ ലഭിച്ചിട്ടും പഠിക്കാതെ ലക്നൗ സൂപ്പർ ജയന്റ്സ് സ്പിന്നർ ദിഗ്‍വേഷ് രതി. തിങ്കളാഴ്ച നടന്ന ലക്നൗ സൂപ്പർ ജയന്റ്സ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ സൺറൈസേഴ്സ് ഓപ്പണർ അഭിഷേക് ശർമയുമായി തർക്കിച്ചാണ് ദിഗ്‍വേഷ് വീണ്ടും പണി വാങ്ങിയത്. മത്സരത്തിന്റെ എട്ടാം ഓവറിൽ 20 പന്തിൽ 59 റൺസെടുത്ത അഭിഷേക് ശർമയെ ദിഗ്‍വേഷ് പുറത്താക്കി. ഷാർദൂൽ ഠാക്കൂറിന്റെ ക്യാച്ചിലായിരുന്നു അഭിഷേക് പുറത്തായത്.
വിക്കറ്റു വീഴ്ത്തിയതിനു പിന്നാലെ അഭിഷേകിനെതിരെ ‘നോട്ട് ബുക്ക്’ ആഘോഷവുമായി ദിഗ്‍വേഷ് എത്തി. എന്നാൽ ഇതു രസിക്കാതിരുന്ന അഭിഷേക് രതിയെ ചോദ്യം ചെയ്തു. തുടർന്നു രണ്ടു താരങ്ങളും തമ്മിൽ വാക്കേറ്റമായി. അംപയർമാരും സഹതാരങ്ങളും ഇടപെട്ടാണു പ്രശ്നം പരിഹരിച്ചത്. സംഭവത്തിനു പിന്നാലെ ലക്നൗ സ്പിന്നർക്കെതിരെ ശക്തമായ നടപടിയുമായി ഐപിഎൽ സംഘാടകർ രംഗത്തെത്തി.
മാച്ച് ഫീയുടെ 50 ശതമാനം തുക ദിഗ്‍വേഷ് രതി പിഴയായി അടയ്ക്കേണ്ടിവരും. ഗുജറാത്ത് ടൈറ്റൻസിനെതിരായ ലക്നൗവിന്റെ അടുത്ത മത്സരത്തിൽ താരത്തിനു കളിക്കാനും സാധിക്കില്ല. രണ്ട് ഡിമെറിറ്റ് പോയിന്റുകളാണ് ദിഗ്‍വേഷ് രതിയുടെ പേരിൽ ചുമത്തിയിട്ടുള്ളത്. സൺറൈസേഴ്സ് ബാറ്റർ അഭിഷേക് ശർമയ്ക്കു മാച്ച് ഫീയുടെ 25 ശതമാനവും പിഴയായി ശിക്ഷിച്ചു.
മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ആറു വിക്കറ്റ് വിജയം നേടിയതോടെ ലക്നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു. ആദ്യം ബാറ്റു ചെയ്ത ലക്നൗ ഏഴു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തപ്പോൾ, സൺറൈസേഴ്സ് 18.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയറൺസ് കുറിച്ചു. പത്തു പന്തുകൾ ബാക്കി നിൽക്കെ ഹൈദരാബാദ് വിജയിച്ചപ്പോൾ കളിയിലെ താരമായത് അഭിഷേക് ശർമയാണ്. ഇരു ടീമുകൾക്കും ഐപിഎലിൽ ഇനിയും രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.