കൊൽക്കത്ത പുറത്തായപ്പോൾ ഐപിഎൽ നിയമങ്ങളിൽ നിർണായക മാറ്റം: ബിസിസിഐയെ പ്രതിഷേധമറിയിച്ച് ടീം അധികൃതർ

Mail This Article
മുംബൈ∙ മഴ മൂലം പൂർത്തിയാക്കാനാകാതെ പോയ മത്സരത്തോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ അസ്തമിച്ചതിനു പിന്നാലെ, ഐപിഎലിലെ കളി നിയമങ്ങളിൽ മാറ്റം വരുത്തിയ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) പ്രതിഷേധം അറിയിച്ച് ടീം അധികൃതർ. മഴ മൂലം മത്സരങ്ങൾ തടസപ്പെടുന്ന സാഹചര്യത്തിൽ മത്സരങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സമയത്തിൽ ഉൾപ്പെടെ ബിസിസിഐ വ്യത്യാസം വരുത്തിയിരുന്നു. ഈ നിയമം നേരത്തെ ഉണ്ടായിരുന്നെങ്കിൽ മേയ് 17ന് നടക്കേണ്ടിയിരുന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ കൊൽക്കത്തയുടെ മത്സരം നടത്താനാകുമായിരുന്നുവെന്നാണ് ടീമിന്റെ വാദം. ആ മത്സരം ഉപേക്ഷിച്ച് പോയിന്റ് പങ്കുവച്ചതോടെയാണ് കൊൽക്കത്ത പ്ലേഓഫിലെത്താതെ പുറത്തായത്.
ഐപിഎലിലെ ശേഷിക്കുന്ന ലീഗ് മത്സരങ്ങൾക്ക് ഉൾപ്പെടെ കൂടുതൽ സമയം അനുവദിക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ഓരോ മത്സരങ്ങളും പൂർത്തിയാക്കാൻ രണ്ടു മണിക്കൂർ അധികം അനുവദിച്ചു. ഫലത്തിൽ, മഴമൂലം ഓവറുകൾ നഷ്ടമാകുന്നത് ഒരു പരിധിവരെ തടയാൻ ഈ തീരുമാനം വഴിയൊരുക്കും.
മത്സരങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കാൻ ഈ ഘട്ടത്തിൽ ബിസിസിഐ തീരുമാനിച്ചതാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചൊടിപ്പിച്ചത്. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം നിമിത്തം നിർത്തിവച്ച ഐപിഎൽ മേയ് 17ന് പുനരാരംഭിച്ചപ്പോൾ, ആദ്യ മത്സരത്തിൽ ഏറ്റുമുട്ടേണ്ടിയിരുന്നത് കൊൽക്കത്തയും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവുമാണ്.
ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഈ മത്സരം മഴമൂലം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ പ്ലേഓഫ് സാധ്യതയുണ്ടായിരുന്ന കൊൽക്കത്ത, മത്സരം ഉപേക്ഷിച്ച് പോയിന്റ് പങ്കുവയ്ക്കാൻ തീരുമാനിച്ചതോടെ പുറത്താവുകയായിരുന്നു.
ഈ മത്സരത്തിൽ 120 മിനിറ്റ് അധികം ലഭിച്ചിരുന്നെങ്കിൽ മത്സരം കുറഞ്ഞത് 5 ഓവറെങ്കിലും നടത്താനാകുമായിരുന്നുവെന്നാണ് കൊൽക്കത്തയുടെ ആക്ഷേപം. ഈ മത്സരം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ലീഗ് ഘട്ടത്തിൽത്തന്നെ മത്സരങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ചത് ശരിയല്ലെന്ന് കൊൽക്കത്ത സിഇഒ വെങ്കി മൈസൂർ ഐപിഎൽ സിഒഒ ഹേമാങ് അമീന് അയച്ച ഇമെയിൽ ചൂണ്ടിക്കാട്ടി. ഐപിഎൽ നിയമങ്ങളുടെ കാര്യത്തിൽ ബിസിസിഐ സ്ഥിരത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.