അവസാന അഞ്ചോവറിൽ ഏഴു വിക്കറ്റ് കയ്യിലിരിക്കെ 65 റൺസ് മതിയായിരുന്നു, ബെംഗളൂരുവിന് പതിനാറിൽ പിഴച്ചു!

Mail This Article
ലക്നൗ∙ ആദ്യ മത്സരത്തിലെ ആളിക്കത്തലിനു ശേഷം അണഞ്ഞുപോയ ഇഷാൻ കിഷൻ (48 പന്തിൽ 94 നോട്ടൗട്ട്) ഇന്നലെ വീണ്ടും തീപ്പന്തമായപ്പോൾ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 42 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് നേടിയപ്പോൾ ബെംഗളൂരുവിന്റെ പോരാട്ടം 189 അവസാനിച്ചു. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 6ന് 231. ബെംഗളൂരു 19.5 ഓവറിൽ 189ന് പുറത്ത്. തോൽവിയോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നേടാനുള്ള ബെംഗളൂരുവിന്റെ മോഹത്തിന് മങ്ങലേറ്റു. ഹൈദരാബാദ് നേരത്തെ തന്നെ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു.
അടിതെറ്റി ബെംഗളൂരു
കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്നതുകൊണ്ടുതന്നെ തുടക്കം മുതൽ ആക്രമിച്ചു കളിക്കാനായിരുന്നു ബെംഗളൂരുവിന്റെ തീരുമാനം. ഫിൽ സോൾട്ട് (32 പന്തിൽ 62) തുടക്കത്തിൽ താളം കണ്ടെത്താൻ പ്രയാസപ്പെട്ടപ്പോൾ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്ത വിരാട് കോലി (25 പന്തിൽ 43) പവർപ്ലേയിൽ ബെംഗളൂരു ടോട്ടൽ 72ൽ എത്തിച്ചു. ഒന്നാം വിക്കറ്റിൽ സോൾട്ടിനൊപ്പം 43 പന്തിൽ 80 റൺസ് കൂട്ടിച്ചേർത്ത കോലിയെ സ്പിന്നർ ഹർഷ് ദുബെയാണ് പുറത്താക്കിയത്. കോലി വീണെങ്കിലും പിന്നാലെയെത്തിയ മയാങ്ക് അഗർവാളിനെ (10 പന്തിൽ 11) കൂട്ടുപിടിച്ച് സോൾട്ട് ടീം സ്കോർ 100 കടത്തി. എന്നാൽ 11–ാം ഓവറിൽ മയാങ്കിനെ നിതീഷ് കുമാർ റെഡ്ഡി വീഴ്ത്തി. അടുത്ത ഓവറിൽ സോൾട്ടിനെ പാറ്റ് കമിൻസും പുറത്താക്കിയതോടെ ബെംഗളൂരു പതറി. നാലാം വിക്കറ്റിൽ ഒന്നിച്ച രജത് പാട്ടിദാർ (16 പന്തിൽ 18)– ജിതേഷ് ശർമ (15 പന്തിൽ 24) കൂട്ടുകെട്ടാണ് ബെംഗളൂരുവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 15 ഓവറിൽ ഇരുവരും ചേർന്ന് സ്കോർ 167ൽ എത്തിച്ചു. അവസാന 5 ഓവറിൽ 65 റൺസായിരുന്നു ബെംഗളൂരുവിന് ജയിക്കാൻ ആവശ്യം. 16–ാം ഓവറിലെ നാലാം പന്തിൽ രജത് റണ്ണൗട്ട് ആയതോടെ വീണ്ടും മത്സരം മുറുകി. അവസാന പന്തിൽ റൊമാരിയോ ഷെപ്പേഡിനെയും (0) വീഴ്ത്തിയ ഇഷാൻ മലിംഗ ബെംഗളൂരുവിനെ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറിൽ ജിതേഷും വീണതോടെ മത്സരം ഹൈദരാബാദിന്റെ നിയന്ത്രണത്തിലായി.
നേരത്തെ, ഇഷാൻ കിഷന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിലാണ് ഹൈദരാബാദ് കൂറ്റൻ സ്കോർ കണ്ടെത്തിയത്. 48 പന്തിൽ 5 സിക്സും 7 ഫോറും അടങ്ങുന്നതാണ് ഇഷാന്റെ ഇന്നിങ്സ്. ഇഷാനു പുറമേ, അഭിഷേക് ശർമ (17 പന്തിൽ 34), ഹെയ്ൻറിച് ക്ലാസൻ (13 പന്തിൽ 24), അനികേത് വർമ (9 പന്തിൽ 26) എന്നിവരും തിളങ്ങി. ബെംഗളൂരുവിനായി റൊമാരിയോ ഷെപ്പേഡ് 2 വിക്കറ്റ് വീഴ്ത്തി.
പതിനാറിൽ പിഴച്ചു
ബെംഗളൂരു ബാറ്റിങ്ങിന്റെ 16–ാം ഓവറായിരുന്നു മത്സരത്തിന്റെ ഗതി നിർണയിച്ചത്. അവസാന 5 ഓവറിൽ 7 വിക്കറ്റ് കയ്യിലിരിക്കെ 65 റൺസായിരുന്നു ബെംഗളൂരുവിന് ജയിക്കാൻ ആവശ്യം. 16–ാം ഓവർ എറിയാനെത്തിയത് പേസർ ഇഷാൻ മലിംഗ. ആദ്യ പന്തിൽ ഫോർ. അടുത്ത രണ്ടു പന്തുകളിലും സിംഗിൾ. നാലാം പന്തിൽ ഇഷാൻ മലിംഗയുടെ നേരിട്ടുള്ള ത്രോയിൽ രജത് പാട്ടിദാർ റണ്ണൗട്ട്. തൊട്ടടുത്ത പന്തിൽ സിംഗിൾ നേടിയ ജിതേഷ് ശർമ സ്ട്രൈക്ക് റൊമാരിയോ ഷെപ്പേഡിന് കൈമാറി. വമ്പനടിക്കാരൻ ഷെപ്പേഡിലായിരുന്നു ബെംഗളൂരുവിന്റെ ബാക്കിയുള്ള പ്രതീക്ഷ. എന്നാൽ നേരിട്ട ആദ്യ പന്തിൽ തന്നെ ഷെപ്പേഡിനെ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയ ഇഷാൻ മലിംഗ ബെംഗളൂരുവിന്റെ വിജയപ്രതീക്ഷ ഊതിക്കെടുത്തി. നിർണായകമായ 16–ാം ഓവറിൽ പിറന്നത് 7 റൺസും നഷ്ടപ്പെട്ടത് 2 വിക്കറ്റും.