18 വർഷമായി ടീമിനൊപ്പമുണ്ട്, കപ്പില്ലാ യാത്ര തുടരും; എതിർ ടീം ആരാധകരെ വരെ വേദനിപ്പിച്ച് പഞ്ചാബിന്റെ നായികയുടെ കണ്ണീര്

Mail This Article
ആഴമേറിയ ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ഷാറുഖ് ഖാൻ–പ്രീതി സിന്റ ചിത്രം ‘വീർ സാറ’യുടെ രണ്ടാം ഭാഗം 18 വർഷമായി ഐപിഎലിൽ ഹൗസ് ഫുള്ളായി ഓടുന്നുണ്ട്; നായകൻ പഞ്ചാബ് സൂപ്പർ കിങ്സ്, നായിക അതേ പ്രീതി സിന്റ! ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കന്നിക്കിരീടത്തിനു വെറും 6 റൺസ് അകലെ പഞ്ചാബ് പൊരുതി വീണപ്പോൾ കടുത്ത ബെംഗളൂരു ആരാധകരെപ്പോലും വേദനിപ്പിച്ച ഒരു ദൃശ്യമുണ്ട്; ഗാലറിയിലും മൈതാനത്തും നിറകണ്ണുകളുമായി നിന്ന പഞ്ചാബിന്റെ ‘നായിക’ പ്രീതി സിന്റ.
18 വർഷമായി ടീമിന്റെ നെടുംതൂണായ സൂപ്പർ താരം വിരാട് കോലിക്കു കിരീടം എന്നതായിരുന്നു ഇത്തവണ ബെംഗളൂരുവിന്റെ സ്വപ്നമെങ്കിൽ അതേ കിരീടം ടീമിന്റെ മെന്ററിങ് ഫോഴ്സായ പ്രീതി സിന്റയ്ക്കു സമ്മാനിക്കാൻ പഞ്ചാബും അത്രമേൽ ആഗ്രഹിച്ചിരുന്നു. ആ കാത്തിരിപ്പ് തുടരുമെങ്കിലും ആരാധകഹൃദയങ്ങൾ കീഴടക്കിയാണ് പ്രീതിയും പഞ്ചാബും മടങ്ങുന്നത്.
അന്നും ഇന്നും ടീമിനൊപ്പം
2008ലെ ആദ്യ സീസൺ മുതൽ പഞ്ചാബ് എന്നാൽ ‘പ്രീതി സിന്റയുടെ ടീം’ ആണ്. വിജയങ്ങളിൽ ആർപ്പുവിളിച്ചും തോൽവികളിൽ ആശ്വസിപ്പിച്ചും 18 വർഷമായി ടീമിന്റെ മുൻപേയല്ല, ഒപ്പം നടക്കുകയാണ് ഈ ബോളിവുഡ് സുന്ദരി. 17,000 കിലോമീറ്ററിലേറെയാണ് ഈ സീസണിൽ പഞ്ചാബ് സൂപ്പർ കിങ്സ് ടീം വിവിധ മത്സരങ്ങൾക്കായി സഞ്ചരിച്ചത്. അതിലുമേറെ ദൂരം പഞ്ചാബിന്റെ മത്സരങ്ങൾ നേരിൽ കാണാൻ പ്രീതിയും യാത്ര ചെയ്തു.
കോർപറേറ്റ് ബോക്സിലിരുന്ന് കളി കാണുകയും തോൽവിയോട് അടുക്കുമ്പോൾ മടങ്ങുകയും ചെയ്യുന്ന ടീം ഉടമകളെ കണ്ടുപരിചയിച്ച ഗാലറികൾക്ക് ഒരദ്ഭുതമായിരുന്നു പ്രീതി. പരിശീലകൻ റിക്കി പോണ്ടിങ് മുതൽ ഇരുപതുകാരനായ ആഭ്യന്തര താരം മുഷീർ ഖാൻ വരെയുള്ള ടീം അംഗങ്ങളുമായി പ്രീതിക്കുള്ള കെമിസ്ട്രിയാണ് അത്രയൊന്നും താരബലമില്ലാതിരുന്ന ടീമിന്റെ കുതിപ്പിനു മാനസിക പിൻബലമായത്.
മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം ക്വാളിഫയറിൽ ടീമിന്റെ വിജയശിൽപിയായ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ മത്സരശേഷം മൈതാനത്തെത്തി ആശ്ലേഷിക്കുന്ന ദൃശ്യങ്ങൾ ടീം അംഗങ്ങളുമായി പ്രീതിക്കുള്ള ആത്മബന്ധത്തിന്റെ തെളിവായി. 2008ൽ പഞ്ചാബ് ടീമിന്റെ സഹ ഉടമസ്ഥാവകാശത്തിനായി 35 കോടി രൂപയാണ് പ്രീതി മുതൽമുടക്കിയത്. കോടികളുടെ ബിസിനസിലേക്ക് ഇറങ്ങും മുൻപ് ഹാർവഡ് ബിസിനസ് സ്കൂളിൽനിന്നു ക്രാഷ് കോഴ്സ് ചെയ്ത പ്രീതി ഈ ബിസിനസിനെപ്പറ്റി പഠിക്കാവുന്നതെല്ലാം മനസ്സിലാക്കി. ‘ഐപിഎൽ എനിക്ക് ആവേശമായി മാറാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ ബിസിനസ് വശങ്ങളെല്ലാം ഞാൻ മനസ്സിലാക്കി എന്നതാണ്’– ഒരു അഭിമുഖത്തിൽ പ്രീതി സിന്റ പറഞ്ഞു.
‘വീർ സാറ’ സിനിമയിൽ, മരിച്ചെന്നു കരുതിയ വീർ ജീവിച്ചിരിപ്പുണ്ടെന്നു സാറയോടു പറഞ്ഞശേഷം വീറിന്റെ വക്കീൽ കൂട്ടിച്ചേർക്കുന്നതിങ്ങനെയാണ്....‘ദൈവം വിചാരിച്ചാൽ പോലും ഇനി നിങ്ങളെ വേർപെടുത്താൻ കഴിയില്ല’. പഞ്ചാബ് സൂപ്പർ കിങ്സിനെയും പ്രീതി സിന്റയെയും നോക്കി ക്രിക്കറ്റ് പ്രേമികൾ പറയുന്നതും ഇതേ വാക്കുകൾ തന്നെ!