ആഗ്രഹിച്ച പോലെയല്ല ഐപിഎൽ അവസാനിച്ചത്, പക്ഷേ പഞ്ചാബ് തിരിച്ചുവരും: താരങ്ങൾക്ക് പ്രീതി സിന്റയുടെ സന്ദേശം

Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിലെ തോൽവിക്കു പിന്നാലെ പഞ്ചാബ് കിങ്സ് താരങ്ങൾക്ക് ആശ്വാസ വാക്കുകളുമായി ടീം ഉടമ പ്രീതി സിന്റ. ആഗ്രഹിച്ച പോലെയല്ല ഐപിഎൽ അവസാനിച്ചതെങ്കിലും ഗംഭീരമായൊരു സീസണാണ് കടന്നുപോയതെന്ന് പ്രീതി സിന്റ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു. ‘‘ആളുകളെ അദ്ഭുതപ്പെടുത്തിയും ആനന്ദിപ്പിച്ചും പ്രചോദിപ്പിച്ചുമാണ് ഈ യാത്ര. ഈ യുവനിരയുടെ പോരാട്ട വീര്യവും നമ്മുടെ ക്യാപ്റ്റൻ ടീമിനെ നയിച്ച രീതിയും അൺകാപ്ഡ് താരങ്ങളുടെ ആധിപത്യവും ഹൃദ്യമായിരുന്നു.’’– പ്രീതി സിന്റ പ്രതികരിച്ചു.
‘‘ഈ വർഷം വേറിട്ടതാണ്. പ്രധാനപ്പെട്ട താരങ്ങളെ നമുക്കു നഷ്ടമായി, പരുക്കുകളും ടൂർണമെന്റ് നിർത്തിവയ്ക്കലും കണ്ടു. ഹോം മത്സരങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റേണ്ടിവന്നു. സ്റ്റേഡിയം തന്നെ ഒഴിപ്പിക്കേണ്ടിവന്നു, എന്നിട്ടും റെക്കോർഡുകളുമായാണ് പഞ്ചാബിന്റെ മടക്കം. പോയിന്റ് ടേബിളിൽ ആധിപത്യം സ്ഥാപിച്ചു. ഫൈനല്‍ പോരാട്ടത്തിന്റെ അവസാനം വരെ പൊരുതി. പഞ്ചാബിന്റെ ഓരോ താരങ്ങളെക്കുറിച്ചും എനിക്ക് അഭിമാനമുണ്ട്.’’
‘‘സപ്പോർട്ട് സ്റ്റാഫുകൾക്കും ആരാധകർക്കും ഈ സീസൺ മനോഹരമാക്കിയതിലുള്ള നന്ദിയുണ്ട്. ജോലി പൂർത്തീകരിക്കാൻ ഞങ്ങൾ മടങ്ങിവരുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. അടുത്ത വർഷം നമുക്കു വീണ്ടും കാണാം.’’– പ്രീതി സിന്റ വ്യക്തമാക്കി. ഐപിഎൽ ഫൈനലിൽ ആറു റൺസ് വിജയവുമായാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു കിരീടം ഉയർത്തിയത്. 18 വർഷങ്ങൾക്കു ശേഷമാണ് ആർസിബിയുടെ കിരീട വിജയം.