ഞാനൊരു കോപക്കാരൻ, ഡഗ് ഔട്ടിൽ എന്നോടൊപ്പം ഇരുന്നാൽ മനസ്സിലാകും: പ്രീതി സിന്റയെ തിരുത്തി പോണ്ടിങ്

Mail This Article
മുംബൈ∙ ഡഗ്ഔട്ടിൽ താൻ ഇരിക്കുന്നതു ശാന്തനായല്ലെന്നു വെളിപ്പെടുത്തി പഞ്ചാബ് കിങ്സ് പരിശീലകന്‍ റിക്കി പോണ്ടിങ്. ഐപിഎൽ ഫൈനലിലെ തോൽവിക്കു ശേഷം ടീം ഉടമ പ്രീതി സിന്റയുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു പോണ്ടിങ്ങിന്റെ പ്രതികരണം. ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് ചടുലമായ പ്രതികരണങ്ങളുമായി കളം നിറഞ്ഞ പോണ്ടിങ്, പരിശീലകനായപ്പോൾ എങ്ങനെയാണ് ഇത്ര ശാന്തനായി ഇരിക്കുന്നതെന്നായിരുന്നു പ്രീതി സിന്റയുടെ ചോദ്യം. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്ന് പോണ്ടിങ് മറുപടി നൽകി.
‘‘ചിലപ്പോഴെങ്കിലും നിങ്ങൾ താഴെ വന്ന് എന്നോടൊപ്പം ഡഗ്ഔട്ടിൽ ഇരിക്കണം. ഞാൻ എപ്പോഴും ശാന്തതയോെടയല്ല ഇരിക്കുന്നതെന്നു മനസ്സിലാകും. ഞാനൊരു കോപക്കാരനായ വ്യക്തിയാണ്. പ്രത്യേകിച്ച് ക്രിക്കറ്റിന്റെ സമയത്ത്. ക്രിക്കറ്റ് പരിശീലകനെന്ന നിലയ്ക്ക് ടീമിന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തുകൊണ്ടുവരേണ്ടത് എന്റെ ചുമതലയാണ്. ക്രിക്കറ്റ് ഇല്ലാത്ത സമയത്ത് ആരുമായും എത്രനേരം വേണമെങ്കിലും ചിരിച്ചുകൊണ്ടു സംസാരിക്കാൻ ഞാന്‍ തയാറാണ്.’’
‘‘ഒരു പരിശീലന സെഷന്‍ വേണ്ടെന്നു വയ്ക്കാൻ ഞാൻ തയാറല്ല. ഏറ്റവും മികച്ച ക്രിക്കറ്റ് പരിശീലകനാകാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്റെ കൂടെയുള്ള ഓരോ താരത്തെയും അവരുടെ ലെവലിൽ മികച്ചവർ ആക്കി മാറ്റാനാണു ഞാൻ ശ്രമിക്കുന്നത്.’’– പോണ്ടിങ് പ്രതികരിച്ചു. ഐപിഎൽ ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിങ്സിനെതിരെ ആറു റൺസ് വിജയമാണു നേടിയത്.