ഔട്ടിൽ അതൃപ്തി, ഡിആർഎസും ബാക്കിയില്ല; വനിതാ അംപയറോട് കയർത്തും ഗ്ലൗസ് ഊരിയെറിഞ്ഞും അശ്വിന്റെ ‘ഷോ’, പിഴശിക്ഷ– വിഡിയോ

Mail This Article
ചെന്നൈ∙ തമിഴ്നാട് പ്രീമിയർ ലീഗ് മത്സരത്തിനിടെ വനിതാ അംപയയറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കയർക്കുകയും ഗ്ലൗസ് ഉൾപ്പെടെ ഊരിയെറിഞ്ഞ് പ്രതിഷേധിക്കുകയും ചെയ്ത മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിന് പിഴശിക്ഷ. അശ്വിന്റെ ഭാഗത്തുനിന്ന് പിഴവു സംഭവിച്ചതായി കണ്ടെത്തിയ മാച്ച് റഫറി അർജുൻ കൃപാൽ സിങ്ങാണ് താരത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയത്. അംപയറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചതിനാണ് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തിയത്. ഗ്ലൗസ് ഊരിയെറിഞ്ഞത് ഉൾപ്പെടെ ക്രിക്കറ്റ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്തതിനാണ് 20 ശതമാനം പിഴ കൂടി വിധിച്ചത്.
തമിഴ്നാട് പ്രിമിയർ ലീഗിൽ ദിണ്ഡിഗൽ ഡ്രാഗൺസ് ടീമിന്റെ ക്യാപ്റ്റനായ അശ്വിനെതിരെ അംപയർ എൽബിഡബ്ല്യു വിധിച്ചതോടെയാണ് താരം അവരോട് തട്ടിക്കയറിയത്. തിരുപ്പൂർ തമിഴൻസിനെതിരായ മത്സരത്തിന്റെ അഞ്ചാം ഓവറിൽ സായ് കിഷോറിന്റെ പന്തില്‍ അശ്വിൻ ഔട്ടാകുകയായിരുന്നു. സായ് കിഷോറിന്റെ അഞ്ചാം പന്തിലാണ് അശ്വിൻ വിക്കറ്റിനു മുന്നിൽ കുടുങ്ങിയത്. തിരുപ്പൂർ താരങ്ങൾ അപ്പീൽ ചെയ്തതോടെ അംപയർ ഔട്ട് അനുവദിച്ചു.
എന്നാൽ ഔട്ടല്ലെന്ന നിലപാടിലായിരുന്നു അശ്വിൻ. അംപയറോട് അശ്വിൻ തർക്കിച്ചു നോക്കിയെങ്കിലും താരത്തെ ഗൗനിക്കാതെ നടന്നു നീങ്ങുകയാണ് അംപയർ ചെയ്തത്. ഇതോടെ രോഷത്തോടെ ഗ്രൗണ്ടിൽനിന്ന് മടങ്ങിയ അശ്വിൻ ബാറ്റു കൊണ്ട് പാഡിൽ അടിച്ച് കോപം തീർത്തു. പിന്നാലെ ഗ്ലൗസ് ഊരിയെറിഞ്ഞും പ്രതിഷേധിച്ചു. മത്സരത്തിൽ 18 റൺസാണ് താരം നേടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇത്തവണ ഐപിഎലിൽ അശ്വിൻ കളിച്ച ചെന്നൈ സൂപ്പർ കിങ്സ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായി പുറത്തായിരുന്നു. 38 വയസ്സുകാരനായ അശ്വിന് ഈ സീസണിൽ ഏഴു വിക്കറ്റുകളും 33 റൺസും മാത്രമാണു നേടാൻ സാധിച്ചത്. ഐപിഎലിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനു ശേഷമാണു താരം തമിഴ്നാട് പ്രിമിയർ ലീഗിൽ കളിക്കാനെത്തിയത്.