ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്തിയില്ലെങ്കിലും ഇന്ത്യയ്ക്ക് ‘ബംപർ അടിച്ചു’; സമ്മാനമായി ലഭിക്കുക 12.32 കോടിയോളം രൂപ!

Mail This Article
ദുബായ്∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ കാണാതെ പുറത്തായെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രതിഫലമായി ലഭിക്കുക ഏതാണ്ട് 12.32 കോടി രൂപയെന്ന് റിപ്പോർട്ട്. കഴിഞ്ഞ തവണ കിരീടം ചൂടിയ ഓസ്ട്രേലിയൻ ടീമിന് ലഭിച്ച തുകയ്ക്ക് ഏറെക്കുറെ സമാനമാണിത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ നാളെ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടാനിരിക്കെയാണ് ഇന്ത്യയ്‌ക്ക് ലഭിക്കുന്ന സമ്മാനത്തുകയുടെ വിവരം പുറത്തുവന്നത്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ സമ്മാനത്തുക ഉയർത്താനുള്ള ഐസിസി തീരുമാനമാണ്, മുൻ ചാംപ്യൻമാർക്ക് ലഭിച്ചിരുന്ന അതേ തുകയിലേക്ക് ഇത്തവണ മൂന്നാം സ്ഥാനക്കാരായ ഇന്ത്യയെ എത്തിച്ചത്. കഴിഞ്ഞ രണ്ട് ലോക ടെസ്റ്റ് ചാംപ്യൻഷിപ് സീസണുകളിലും രണ്ടാം സ്ഥാനക്കാരായ ഇന്ത്യയ്ക്ക്, ഇത്തവണ ഫൈനലിൽ ഇടംപിടിക്കാനായിരുന്നില്ല. നേരിയ വ്യത്യാസത്തിൽ ഫൈനലിൽ ഇടം നഷ്ടമായ ഇന്ത്യ ഇത്തവണ മൂന്നാം സ്ഥാനത്താണ് ചാംപ്യൻഷിപ്പ് പൂർത്തിയാക്കിയത്.
ഇത്തവണ പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കയ്യടക്കിയാണ് ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഫൈനലിന് യോഗ്യത നേടിയത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡ് ലക്ഷ്യമിട്ടാണ് ഓസ്ട്രേലിയ നാളെ ദക്ഷിണാഫ്രിക്കയെ നേരിടുക. ഇതിനു മുൻപ് കലാശപ്പോരിൽ ഇന്ത്യയെ വീഴ്ത്തിയാണ് ഓസ്ട്രേലിയ ആദ്യമായി കിരീടം ചൂടിയത്.
ഇത്തവണ കിരീടം ചൂടുന്ന ടീമിന് ലഭിക്കുന്ന സമ്മാനത്തുകയിലും ഗണ്യമായ വർധനവുണ്ട്. ലോഡ്സിലെ ആവേശ ഫൈനലിൽ കിരീടം ചൂടുന്നവർക്ക് 30 കോടി രൂപയിലധികമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 18 കോടിയോളം രൂപയാണ് സമ്മാനത്തുക.