ADVERTISEMENT

ബെംഗളൂരൂ∙ കിരീടവിജയം ആഘോഷിക്കുന്നതിനിടെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. ആർസിബിയെ സമൂഹമാധ്യമങ്ങളിൽ ഐപിഎലിന്റെ ഔദ്യോഗിക അക്കൗണ്ട് ‘അൺഫോളോ’ ചെയ്തതായും, അടുത്ത സീസണിൽ ആർസിബിക്ക് വിലക്ക് ഏർപ്പെടുത്തിയേക്കുമെന്നതിന്റെ സൂചനയാണ് ഇതെന്നുമാണ് പ്രധാന പ്രചാരണം.

18 വർഷത്തെ കാത്തിരിപ്പിനു ശേഷം കിരീടം ചൂടിയതിനു തൊട്ടുപിന്നാലെ, ആർസിബിക്ക് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്താൻ നീക്കം നടക്കുന്നതായി വിവിധ കോണുകളിൽനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ആർസിബിയുടെ ഔദ്യോഗിക പേജ് ഐപിഎൽ ‘അൺഫോളോ’ ചെയ്തുവെന്ന പ്രചാരണം വ്യാജമാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ആർസിബിക്ക് ഒരു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹത്തിനും ഇപ്പോഴും സ്ഥിരീകരണമില്ല.

അതിനിടെ, 11 പേരുടെ ജീവനെടുത്ത അപകടത്തിന്റെ പശ്ചാത്തലത്തിൽ കർണാടക ക്രിക്കറ്റിലെ കൂടുതൽ പേർ കഴിഞ്ഞ ദിവസങ്ങളിൽ രാജിവച്ചിരുന്നു. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനിലെ (കെ‌എസ്‌സി‌എ) ഉന്നത ഉദ്യോഗസ്ഥരാണ് രാജിവച്ചത്. ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. 

ക്രിക്കറ്റ് ബോഡിന്റെ സെക്രട്ടറി എ.ശങ്കറും, ട്രഷറർ ഇ.എസ്.ജയറാമുമാണ് രാജിവച്ചത്. കെഎസ്‌സിഎ പ്രസിഡന്റ് രഘുറാം ഭട്ടിനാണ് ഇരുവരും രാജി സമർപ്പിച്ചത്. ആരാധകരെ നിയന്ത്രിക്കുന്നതിന്റെ ഉത്തരവാദിത്തം അസോസിയേഷനില്ലെന്നും വിധാൻ സൗധയിൽ ആർ‌സി‌ബി നടത്തിയ ആഘോഷപരിപാടിക്ക് മുൻകൂട്ടി അനുമതി തേടിയിരുന്നതായും ഇരുവരും കർണാടക ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിൽ നൽകിയിരുന്നു. ഇതിനു പിന്നാലെയാണു രാജിവച്ചത്.

ദുരന്തത്തെ തുടർന്ന് ബെംഗളൂരു പൊലീസ് കമ്മീഷണർ ബി.ദയാനന്ദ ഉൾപ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ സർക്കാർ നിയോഗിച്ച ഏകാംഗ കമ്മീഷന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്ത പൊലീസ് ആർ‌സി‌ബിയിലെയും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡി‌എൻ‌എയിലെയും നാല് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു.

English Summary:

RCB banned from IPL 2026? Bengaluru stampede at Chinnaswamy stadium sparks speculation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com