ഓസ്ട്രേലിയ vs ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനു നാളെ തുടക്കം; കപ്പിലേക്കൊരു സ്പിൻ വഴി!

Mail This Article
ലണ്ടൻ∙ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ നടക്കുന്നത് ഇംഗ്ലണ്ടിലെ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണെങ്കിലും, മത്സരിക്കുന്നത് പേസ് ബോളിങ്ങിനു പേരുകേട്ട ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണെങ്കിലും, ഇത്തവണ ഫൈനലിന്റെ ഫലം നിർണയിക്കുക സ്പിന്നർമാരായിരിക്കും. നാളെ തുടങ്ങാനിരിക്കുന്ന ഫൈനലിനായി ഒരുക്കിയ പിച്ച് പരിശോധിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്, ഫൈനലിൽ സ്പിന്നർമാർ നിർണായക പങ്കുവഹിക്കുമെന്ന് പ്രവചിച്ചു കഴിഞ്ഞു.
ലണ്ടനിൽ ഇപ്പോൾ വരണ്ട കാലാവസ്ഥയായതിനാൽ പിച്ചിൽ ഈർപ്പത്തിന്റെ സാന്നിധ്യം കുറയാനും പേസർമാർക്കു പ്രതീക്ഷിച്ച സ്വിങ്ങും വേഗവും ലഭിക്കാതിരിക്കാനും ഇടയുണ്ട്. പിച്ചിന്റെ സ്വഭാവത്തിൽ അപ്രതീക്ഷിത മാറ്റം ഉണ്ടാകാൻ ഇടയുള്ളതിനാൽ ടീമുകളുടെ ഫൈനൽ ഇലവനിലും ഇതനുസരിച്ചുള്ള അഴിച്ചുപണികൾക്കു സാധ്യതയുണ്ട്.
∙ മഹാരാജ് vs ലയൺ
ടെസ്റ്റ് ക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച രണ്ടു സ്പിന്നർമാരുടെ പോരാട്ടത്തിനു കൂടിയാണ് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ അരങ്ങൊരുക്കുക; കേശവ് മഹാരാജും നേഥൻ ലയണും. ഇംഗ്ലണ്ടിൽ ഇതുവരെ 7 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ദക്ഷിണാഫ്രിക്കക്കാരൻ മഹാരാജ്, 29.95 ശരാശരിയിൽ 21 വിക്കറ്റ് നേടിയിട്ടുണ്ട്.
മറുവശത്ത് 16 മത്സരങ്ങളിൽ നിന്ന് 29.61 ശരാശരിയിൽ 59 വിക്കറ്റാണ് ഓസീസ് താരം ലയണിന്റെ നേട്ടം. പിച്ച് സ്പിന്നർമാർക്ക് അനുകൂലമാകാൻ സാധ്യത വർധിച്ചതോടെ മഹാരാജ്, ലയൺ എന്നിവരുടെ പ്രകടനം ഫൈനലിൽ നിർണായകമാകും.