ലോഡ്സിൽ ‘പേസ് ബാധ’: ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ ആദ്യദിനം വീണത് 14 വിക്കറ്റുകൾ; ഓസീസ് 212ന് പുറത്ത്, ദക്ഷിണാഫ്രിക്ക 4ന് 43

Mail This Article
ലണ്ടൻ ∙ ഈ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് റിസർവ് ദിനം വേണ്ടിവരില്ല. മത്സര ദിവസങ്ങൾ റിസർവ് ആകാനാണ് സാധ്യത!. സ്പിന്നിന് അനുകൂലമാകുമെന്നു പ്രവചിക്കപ്പെട്ട ലോഡ്സിലെ പിച്ചിന് പേസ് ബാധയേറ്റപ്പോൾ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ ആദ്യദിനത്തിൽ നടന്നത് ബാറ്റർമാരുടെ കൂട്ടക്കുരുതി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ 212 റൺസിന് ഓൾഔട്ടാക്കിയ ദക്ഷിണാഫ്രിക്കൻ പേസർമാരാണ് ഫൈനലിൽ ആദ്യം ആഞ്ഞടിച്ചത്.
മറുപടി ബാറ്റിങ്ങിൽ 43 റൺസിനിടെ 4 വിക്കറ്റുകൾ പിഴുത് ഓസീസ് പേസർമാരും തിരിച്ചടിച്ചു. ഒരു ദിവസത്തിനിടെ 14 വിക്കറ്റുകൾ വീണ ആദ്യദിനത്തിനൊടുവിൽ നേരിയ മേൽക്കൈ ലഭിച്ചത് നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയ്ക്ക്. 6 വിക്കറ്റ് ശേഷിക്കെ, ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 169 റൺസ് പിന്നിലാണ് ദക്ഷിണാഫ്രിക്ക. സ്കോർ: ഓസ്ട്രേലിയ– 212. ദക്ഷിണാഫ്രിക്ക– 4ന് 43.
പിച്ച് പ്രവചനാതീത സ്വഭാവം കാട്ടിയ ആദ്യദിനത്തിൽ 5 വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാദയാണ് ഓസ്ട്രേലിയയെ തകർത്തത്. 67 റൺസിനിടെ 4 വിക്കറ്റ് നഷ്ടമായി തുടക്കത്തിൽ പതറിയ ഓസ്ട്രേലിയ, സ്റ്റീവ് സ്മിത്തിന്റെയും (66) ബ്യു വെബ്സ്റ്ററുടെയും (72) പോരാട്ട മികവിൽ മധ്യനിരയിൽ തിരിച്ചടിച്ചു. 5 വിക്കറ്റ് നഷ്ടത്തിൽ 192 എന്ന ഭേദപ്പെട്ട നിലയിലേക്കെത്തിയശേഷം വാലറ്റത്ത് ഓസീസ് നേരിട്ടത് കൂട്ടത്തകർച്ച. ഇരുപത് റൺസ് മാത്രം കൂട്ടിച്ചേർക്കുന്നതിനിടെ, വെറും 34 പന്തുകൾക്കുള്ളിൽ അവസാന 5 വിക്കറ്റുകൾ നഷ്ടമായ അവർ 212 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ബോളറാണ് മുപ്പതുകാരൻ റബാദ. 2021ലെ ഫൈനലിൽ കിവീസ് പേസർ കൈൽ ജയ്മിസനും 5 വിക്കറ്റ് നേടിയിരുന്നു.
∙ റബാദയുടെ ഓപ്പണിങ്
ഐസിസി ടൂർണമെന്റുകളിലെ 14–ാം ഫൈനൽ. ടെസ്റ്റിലും ഏകദിനത്തിലും നിലവിലെ ലോക ചാംപ്യൻമാർ... കണക്കിലും കിരീടങ്ങളിലും ബഹുദൂരം മുന്നിലുള്ള ഓസീസിന് ആ മേധാവിത്വം ഇന്നലെ ഗ്രൗണ്ടിലിറങ്ങിയപ്പോൾ തന്നെ നഷ്ടമായി. 20 പന്തുകൾ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാകാത്ത ഉസ്മാൻ ഖവാജയെ (0) പുറത്താക്കി റബാദ ഏഴാം ഓവറിൽ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.
അതേ ഓവറിലെ അവസാന പന്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകി കാമറൂൺ ഗ്രീനും മടങ്ങി (4). മാർനസ് ലബുഷെയ്നും (17) ട്രാവിസ് ഹെഡും (11) മാർക്കോ യാൻസന് വിക്കറ്റ് നൽകിയതോടെ 4ന് 67 എന്ന സ്കോറിലാണ് ഓസീസ് ഉച്ചഭക്ഷണത്തിന് പിരിഞ്ഞത്.
∙ മധ്യനിരയിലെ രക്ഷകർ
പ്രതിസന്ധിയുടെ ആഴക്കടലിലേക്കുവീണ ഓസീസിനെ സ്റ്റീവ് സ്മിത്ത്– ബ്യു വെബ്സ്റ്റർ കൂട്ടുകെട്ട് കരകയറ്റി. പേസർമാർക്ക് മുൻപിൽ പ്രതിരോധ കോട്ടക്കെട്ടി സ്മിത്ത് ക്രീസിൽ നിലയുറപ്പിച്ചപ്പോൾ മോശം പന്തുകളെ തിരഞ്ഞു പിടിച്ച് ആക്രമിച്ച് വെബ്സ്റ്റർ സ്കോറുയർത്തി. അഞ്ചാം വിക്കറ്റിൽ ഇവർ ചേർന്നു നേടിയത് 79 റൺസ്.
സ്മിത്ത് പുറത്തായശേഷം വെബ്സ്റ്റർ സ്കോർ 192 റൺസ് വരെയെത്തിച്ചെങ്കിലും അവസാന നിമിഷത്തെ കൂട്ടത്തകർച്ച ആ അധ്വാനത്തെ നിഷ്ഫലമാക്കി. തന്റെ അവസാന 4 ഓവറുകൾക്കിടെ വെബ്സ്റ്ററുടേത് അടക്കം 3 വിക്കറ്റ് വീഴ്ത്തിയ റബാദയാണ് ഓസ്ട്രേലിയൻ ഇന്നിങ്സ് ക്ലോസ് ചെയ്തത്.
∙ ഓസീസ് തിരിച്ചടി
ഇന്നിങ്സിന്റെ ആദ്യ ഓവറിലെ അവസാന പന്തിൽ എയ്ഡൻ മാർക്രത്തിന്റെ (0) വിക്കറ്റ് തെറിപ്പിച്ച മിച്ചൽ സ്റ്റാർക്കാണ് ഓസീസ് തിരിച്ചടിക്ക് തിരികൊളുത്തിയത്. 8 ഓവറുകൾക്കുശേഷം സഹ ഓപ്പണർ റയാൻ റിക്കൽറ്റനെയും (16) സ്റ്റാർക് വീഴ്ത്തി. ഭാഗ്യത്തിന്റെ കൂടെ അകമ്പടിയോടെ പിടിച്ചുനിന്ന വിയാൻ മുൾഡർ (44 പന്തിൽ 6), ട്രിസ്റ്റൻ സ്റ്റബ്സ് (13 പന്തിൽ 2) എന്നിവരെ ഹെയ്‌സൽവുഡും കമിൻസും ചേർന്ന് മടക്കിയയച്ചു.
37 പന്തുകളിൽ 3 റൺസുമായി ക്രീസിൽ തുടരുന്ന ക്യാപ്റ്റൻ ടെംബ ബാവുമ തീർത്ത പ്രതിരോധമാണ് കൂടുതൽ നഷ്ടങ്ങളില്ലാതെ ഒന്നാംദിനം അവസാനിപ്പിക്കാൻ ദക്ഷിണാഫ്രിക്കയെ സഹായിച്ചത്.
∙ റെക്കോർഡ് ബുക്കിൽ ഇവർ
∙ ലോഡ്സ് ഗ്രൗണ്ടിൽ കൂടുതൽ ടെസ്റ്റ് റൺസ് നേടുന്ന വിദേശ ബാറ്ററെന്ന നേട്ടം സ്റ്റീവ് സ്മിത്തിന് സ്വന്തമായി. 576 റൺസാണ് ലോഡ്സിൽ ഇതുവരെയുള്ള സ്മിത്തിന്റെ നേട്ടം.
∙ ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ കഗീസോ റബാദ (332) അലൻ ഡൊണാൾഡിനെ (330) മറികടന്നു. 439
വിക്കറ്റുകൾനേടിയ ഡെയ്‌ൽ സ്റ്റെയ്ൻ നയിക്കുന്ന പട്ടികയിൽ നാലാം സ്ഥാനത്താണ് റബാദ.