പാഡിൽ കുടുങ്ങിയ പന്ത് താഴേക്കിട്ട് ദക്ഷിണാഫ്രിക്കൻ ബാറ്റർ, പിടിക്കാൻ ശ്രമിച്ച് കീപ്പർ, അപ്പീൽ ചെയ്തെങ്കിലും നിരാശ മാത്രം- വിഡിയോ

Mail This Article
ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനിടെ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് ബെഡിങ്ങാം പന്ത് ‘നിയമവിരുദ്ധമായി’ കൈകാര്യം ചെയ്തതിന് വിക്കറ്റിനായി അപ്പീൽ ചെയ്ത് ഓസ്ട്രേലിയൻ താരങ്ങൾ. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിടെ വെബ്സ്റ്റർ എറിഞ്ഞ 49–ാം ഓവറിലായിരുന്നു സംഭവം. ബ്യൂ വെബ്സറ്ററുടെ പന്തു നേരിട്ട ബെഡിങ്ങാം ബാറ്റു വച്ച് പ്രതിരോധിക്കാൻ ശ്രമിച്ചു.
പന്ത് ദക്ഷിണാഫ്രിക്കൻ ബാറ്ററുടെ പാഡിനും കാലിനും ഇടയിൽ കുടുങ്ങിപ്പോകുകയായിരുന്നു. എന്നാൽ ബെഡിങ്ങാം പന്ത് എടുത്ത് താഴേക്ക് ഇട്ടു. ഈ സമയത്ത് പന്ത് പിടിച്ചെടുക്കാൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി മുന്നോട്ടുവരുന്നുണ്ടായിരുന്നു. ഇതോടെയാണ് താരങ്ങൾക്ക് ആശയക്കുഴപ്പമുണ്ടായത്.
ദക്ഷിണാഫ്രിക്കൻ ബാറ്റർ നിയമവിരുദ്ധമായി പന്ത് കൈകാര്യം ചെയ്തതിന് ഓസ്ട്രേലിയൻ താരങ്ങളായ ഉസ്മാൻ ഖവാജയും സ്റ്റീവ് സ്മിത്തും അംപയറെ നോക്കി അപ്പീല്‍ ചെയ്യുന്നുണ്ടായിരുന്നു. തുടർന്ന് അംപയർ റിച്ചഡ് ഇല്ലിങ‍്‍വർത്ത് പരിശോധനകൾക്കു ശേഷം അത് ‘ഡെഡ് ബോൾ’ ആണെന്നു വിധിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 40 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ് രണ്ടാം ഇന്നിങ്സില്‍ ഓസീസ് ഉള്ളത്. വാലറ്റത്ത് മിച്ചൽ സ്റ്റാർക്കും (47 പന്തിൽ 16), നേഥൻ ലയണുമാണ് (നാലു പന്തിൽ ഒന്ന്) ബാറ്റിങ് തുടരുന്നത്. ഓസ്ട്രേലിയയ്ക്ക് നിലവിൽ 218 റൺസിന്റെ ലീഡുണ്ട്. അലക്സ് ക്യാരി (50 പന്തിൽ 43), മാർനസ് ലബുഷെയ്ൻ (64 പന്തിൽ 22), സ്റ്റീവ് സ്മിത്ത് (25 പന്തിൽ 13) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ പ്രധാന സ്കോറർമാർ. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 212 റൺസെടുത്തപ്പോൾ, ദക്ഷിണാഫ്രിക്കയുടെ മറുപടി 57.1 ഓവറിൽ 138 ൽ അവസാനിച്ചിരുന്നു.