ഐപിഎലിൽ ധോണിക്കൊപ്പം കളിച്ചു; നോബോൾ എറിഞ്ഞ് സേവാഗിന്റെ സെഞ്ചറി തടഞ്ഞു; ഇന്ന് ജീവിക്കാൻ ബസ് ഓടിച്ച് ലങ്കൻ സ്പിന്നർ

Mail This Article
കൊളംബോ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന സൂരജ് രണ്‍ദീവ് ജീവിക്കാനായി ബസ് ഓടിക്കുന്നു. 2011 ഐപിഎലിൽ ധോണിക്കു കീഴിൽ കളിച്ചിട്ടുള്ള ശ്രീലങ്കൻ താരമാണ് ഓസ്ട്രേലിയയിലേക്കു കുടിയേറിയ ശേഷം ബസ് ഓടിച്ച് ജീവിക്കുന്നത്. ക്രിക്കറ്റ് വിട്ട ശേഷം ജീവിക്കാനായി വഴി തേടിയ സൂരജ് ഓസ്ട്രേലിയയിലേക്കു താമസം മാറുകയായിരുന്നു.
ഇന്ത്യയ്ക്കെതിരായ 2010 ത്രിരാഷ്ട്ര പരമ്പരയിൽ സേവാഗിന് സെഞ്ചറി ലഭിക്കാതിരിക്കാൻ നോബോൾ എറിഞ്ഞ് വിവാദത്തിലായ താരം കൂടിയാണ് സൂരജ്. ഇന്ത്യയ്ക്ക് ജയിക്കാൻ ഒരു റൺ മാത്രം വേണ്ടിയിരിക്കെ ശ്രീലങ്കൻ സ്പിന്നർ ക്രീസ് വിട്ടിറങ്ങി പന്തെറിയുകയായിരുന്നു. ഈ പന്ത് സേവാഗ് സിക്സർ പറത്തിയെങ്കിലും നോബോളിലെ ഒരു റണ്ണിലൂടെ ഇന്ത്യ കളി ജയിക്കുകയായിരുന്നു. ഇതോടെ സേവാഗിന് 100 പന്തിൽ 99 റൺസുമായി ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്നു. സംഭവം വിവാദമായതോടെ ശ്രീലങ്കൻ ക്രിക്കറ്റ് ടീം മാപ്പു പറഞ്ഞ് തലയൂരി.
2011 ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഫൈനൽ കളിച്ച ശ്രീലങ്കൻ ടീമിലെ അംഗമായിരുന്നു. ശ്രീലങ്കയ്ക്കായി 31 ഏകദിനവും 12 ടെസ്റ്റുകളും ഏഴു ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ്. കരിയർ അവസാനിപ്പിച്ച ശേഷം ഓസ്ട്രേലിയയിൽ നെറ്റ് ബോളറായി പന്തെറിയാനും ശ്രീലങ്കൻ താരം പോയിരുന്നു. 36.8 ലക്ഷം രൂപയ്ക്കാണു താരം ഐപിഎൽ കളിക്കാനെത്തിയത്. 2011 ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനായി എട്ടു മത്സരങ്ങള്‍ കളിച്ച രൺദീവ് ആറു വിക്കറ്റുകള്‍ ഈ സീസണിൽ വീഴ്ത്തി.