ADVERTISEMENT

ലണ്ടൻ ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ കന്നിക്കിരീടമെന്ന സ്വപ്നത്തിലേക്ക് ഉറച്ച കാൽവയ്പ്പുമായി ലോ‍ഡ്സിൽ ദക്ഷിണാഫ്രിക്കയുടെ പടയോട്ടം. നിലവിലെ ചാംപ്യൻമാർ കൂടിയായ ഓസ്ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്ക, മൂന്നാം ദിനം കളി നിർത്തുമ്പോൾ 56 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എന്ന നിലയിലാണ്. സെഞ്ചറി പൂർത്തിയാക്കിയ ഓപ്പണർ എയ്ഡൻ മാർക്രവും (102) അർധസെഞ്ചറി പിന്നിട്ട ക്യാപ്റ്റൻ ടെംബ ബാവുമയും (65) ക്രീസിൽ. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും സെഞ്ചറി കൂട്ടുകെട്ടും തീർത്തിട്ടുണ്ട്.

157 പന്തുകൾ നേരിട്ട മാർക്രം 11 ഫോറുകളോടെയാണ് സെഞ്ചറി പൂർത്തിയാക്കിയത്. ഇതുവരെ 159 പന്തുകൾ നേരിട്ടാണ് താരം 102 റൺസുമായി ക്രീസിൽ തുടരുന്നത്. ക്യാപ്റ്റന്റെ പ്രകടനവുമായി മാർക്രത്തിനു കൂട്ടുനിൽക്കുന്ന ടെംബ ബാവുമ 121 പന്തിൽ അഞ്ച് ഫോറുകൾ സഹിതമാണ് 65 റൺസെടുത്തത്. ഓപ്പണർ റയാൻ റക്കിൽറ്റൻ (എട്ടു പന്തിൽ ഒരു ഫോർ സഹിതം ആറ്), വിയാൻ മുൾഡർ (50 പന്തിൽ അഞ്ച് ഫോറുകളോടെ 27) എന്നവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ പുറത്തായത്. അവർക്ക് നഷ്ടമായ രണ്ടു വിക്കറ്റും ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് സ്വന്തമാക്കി.

∙ ‘വാലിൽക്കുത്തി’ ഓസീസ് പോരാട്ടം

നേരത്തെ, ലോ‍ഡ്സ് ക്രിക്കറ്റ് മൈതാനത്തെ ആവേശപ്പോരാട്ടത്തിൽ രണ്ടാം ഇന്നിങ്സിൽ 207 റൺസെടുത്തതോടെയാണ് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്‌ക്കു മുന്നിൽ 282 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. രണ്ടാം ഇന്നിങ്സിലെ സ്കോറിനൊപ്പം ഒന്നാം ഇന്നിങ്സിലെ 74 റൺസ് ലീഡുകൂടി ചേർന്നതോടെയാണ് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 282 റൺസായത്. രണ്ടാം ഇന്നിങ്സിൽ കൂട്ടത്തകർച്ച നേരിട്ട ഓസ്ട്രേലിയയ്‌ക്ക്, വാലറ്റം പുറത്തെടുത്ത അസാമാന്യ ചെറുത്തുനിൽപ്പാണ് ഭേദപ്പെട്ട സ്കോർ ഉറപ്പാക്കിയത്. ഒരു ഘട്ടത്തിൽ ഏഴിന് 73 റൺസ് എന്ന നിലയിൽ തകർന്ന ഓസീസിനെ, അവസാന മൂന്നു വിക്കറ്റിൽ 134 റൺസ് കൂട്ടിച്ചേർത്താണ് വാലറ്റം രക്ഷിച്ചത്.

136 പന്തിൽ അഞ്ച് ഫോറുകളോടെ 58 റൺസുമായി പുറത്താകാതെ നിന്ന മിച്ചൽ സ്റ്റാർക്കാണ് ഓസീസിന്റെ ടോപ് സ്കോറർ. അലക്സ് ക്യാരി 50 പന്തിൽ അഞ്ച് ഫോറുകളോടെ 43 റൺസെടുത്തു. നേഥൻ ലയോൺ (13 പന്തിൽ രണ്ട്), ജോഷ് ഹെയ്‌സൽവുഡ് (53 പന്തിൽ 17) എന്നിവരാണ് ഇന്നു പുറത്തായ ഓസീസ് താരങ്ങൾ. അലക്സ് ക്യാരിക്കും മിച്ചൽ സ്റ്റാർക്കിനും ഹെയ്സൽവുഡിനും പുറമേ ഓസീസ് നിരയിൽ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രമാണ്. 64 പന്തിൽ രണ്ടു ഫോറുകളോടെ 22 റൺസെടുത്ത ഓപ്പണർ മാർനസ് ലബുഷെയ്ൻ, 25 പന്തിൽ ഒരു ബൗണ്ടറി സഹിതം 13 റൺസെടുത്ത സ്റ്റീവ് സ്മിത്ത് എന്നിവർ. ഉസ്മാൻ ഖവാജ (6), കാമറോൺ ഗ്രീൻ (0), ട്രാവിസ് ഹെഡ് (9), ബ്യൂ വെബ്സ്റ്റർ (9), ക്യാപ്റ്റൻ പാറ്റ് കമിൻസ് (6) എന്നിവർ നിരാശപ്പെടുത്തി.

ദക്ഷിണാഫ്രിക്കയ്‌ക്കായി കഗീസോ റബാദ നാലു വിക്കറ്റ് വീഴ്ത്തി. 18 ഓവറിൽ 59 റൺസ് വഴങ്ങിയാണ് റബാദ നാലു വിക്കറ്റ് പിഴുതത്. റബാദ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ലുങ്കി എൻഗിഡി മൂന്നും മാർക്കോ യാൻസൻ, വിയാൻ മുൾഡർ, എയ്ഡൻ മാർക്രം എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

∙ കമിൻസ് ഡേ!

ആകെ 14 വിക്കറ്റുകൾ വീണ രണ്ടാംദിനം, രണ്ടാം ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 144 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. 4ന് 43 എന്ന സ്കോറിൽ ഇന്നലെ ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനഃരാരംഭിച്ച ദക്ഷിണാഫ്രിക്കയെ 138 റൺസിൽ ഓൾഔട്ടാക്കിയ ഓസ്ട്രേലിയൻ പേസർമാരാണ് രണ്ടാം ദിനം ആദ്യം കരുത്തുകാട്ടിയത്. 6 വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ പന്തുകൾക്കു മുന്നിൽ വട്ടംകറങ്ങിയ ദക്ഷിണാഫ്രിക്ക 74 റൺസിന്റെ ലീഡ‍ും വഴങ്ങി.

ലീഡുയർത്തി വിജയമുറപ്പിക്കാനിറങ്ങിയ ഓസീസ് രണ്ടാം ഇന്നിങ്സിൽ നേരിട്ടത് അപ്രതീക്ഷിത ബാറ്റിങ് തകർച്ച. ഉസ്മാൻ ഖവാജയും (6) മാർനസ് ലബുഷെയ്നും (22) ചേർന്നുള്ള 28 റൺസ് കൂട്ടുകെട്ടുമായാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയത്. എന്നാൽ 11–ാം ഓവറിൽ 2 പന്തുകളുടെ വ്യത്യാസത്തിൽ ഖവാജയെയും കാമറൂൺ ഗ്രീനിനെയും (0) പുറത്താക്കിയ കഗീസോ റബാദ ഓസീസിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടു. ഒന്നാം ഇന്നിങ്സിൽ രക്ഷകരായ സ്റ്റീവ് സ്മിത്തിനും (13) ബ്യു വെബ്സ്റ്റർക്കും (9) തിളങ്ങാനായില്ല. 25 ഓവറിനുള്ളിൽ 7 വിക്കറ്റുകൾ പിഴുത ദക്ഷിണാഫ്രിക്കൻ പേസർമാരെ അടുത്ത 13 ഓവറുകളിൽ അപ്രസക്തരാക്കി.

73 റൺസിനിടെ 7 വിക്കറ്റുകൾ നഷ്ടമായ നിലവിലെ ചാംപ്യൻമാർ മൂന്നക്കം കടക്കില്ലെന്നു കരുതിയപ്പോഴാണ് എട്ടാം വിക്കറ്റിൽ 61 റൺസ് നേടിയ അലക്സ് ക്യാരി (43)– മിച്ചൽ സ്റ്റാർക് (16 നോട്ടൗട്ട്) കൂട്ടുകെട്ട് രക്ഷയ്ക്കെത്തിയത്.

English Summary:

South Africa vs Australia, ICC World Test Championship 2025, Final, Day 3 - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com