ഇത്രത്തോളം അപമാനിക്കപ്പെട്ട വേറൊരു ക്യാപ്റ്റനുണ്ടോ? ഒടുവിൽ ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം സമ്മാനിക്കാനുള്ള നിയോഗം ‘ലോർഡ് ബവൂമയ്ക്ക്’!

Mail This Article
ലണ്ടൻ∙ 1998ന് ശേഷം ഒരു ഐസിസി കിരീടമെന്ന ദക്ഷിണാഫ്രിക്കയുടെ കാത്തിരിപ്പിന് വിരാമമിട്ട് ക്യാപ്റ്റൻ ടെംബ ബവൂമ. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 84–ാം ഓവറിലെ നാലാം പന്തിൽ സിംഗിൾ ഇട്ട് കൈൽ വെരെയ്നെ വിജയ റൺസ് കുറിക്കുമ്പോൾ ലോഡ്സ് സ്റ്റേഡിയത്തിന്റെ ബാൽക്കണിയിലായിരുന്നു ടെംബ ബവൂമയുടെ സ്ഥാനം. മറ്റു ദക്ഷിണാഫ്രിക്കൻ താരങ്ങളും സപ്പോർട്ട് സ്റ്റാഫുകളും ഡ്രസിങ് റൂമിലും ഗ്രൗണ്ടിലുമൊക്കെയായി വിജയം ആഘോഷിച്ചപ്പോൾ ടെംബ ബവൂമ ഗാലറിയിൽനിന്ന് ആകാശത്തേക്ക് കയ്യുയർത്തി, ഇതുവരെയും കേട്ട പരിഹാസങ്ങളെയും വിമർശനങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ടെന്നപോലെ!.
വിജയ റൺസ് പിറക്കുന്നതിനു തൊട്ടുമുൻപ് ബാൽക്കണിയിൽ മുഖം താഴ്ത്തിയിരിക്കുകയായിരുന്ന ബവൂമ, തൊട്ടുപിന്നാലെ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു. തുടർന്ന് സഹപ്രവർത്തകർക്ക് കൈ കൊടുത്തു. അതിനു ശേഷമായിരുന്നു ഗാലറിയെ നോക്കിയുള്ള താരത്തിന്റെ ആഘോഷ പ്രകടനം. 27 വർഷങ്ങളായുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് അവസാനമാകുമ്പോൾ, ക്യാപ്റ്റനെന്ന നിലയിൽ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരങ്ങളുടെ നിരയിലേക്ക് ഉയരുകയാണു ബവൂമ.
2014ലാണ് ബവൂമ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. അന്നു മുതൽ ഗ്രൗണ്ടിലെ പ്രകടനത്തിന്റെ പേരിലും ശരീരപ്രകൃതിയുടെ പേരിലും ക്യാപ്റ്റൻസി ലഭിച്ചപ്പോൾ അതിന്റെ പേരിലുമെല്ലാം ഈ 35 വയസ്സുകാരൻ കേട്ട പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ചെറുതൊന്നുമല്ല. ദക്ഷിണാഫ്രിക്കൻ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ കറുത്ത വർഗക്കാരനായ ബാറ്റർ എന്നതായിരുന്നു കരിയറിന്റെ തുടക്കകാലത്ത് ബവൂമയുടെ വിശേഷണം.
2014 ഡിസംബറിൽ വിൻഡീസിനെതിരായ ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തിൽ 10 റൺസ് മാത്രമായിരുന്നു ബവൂമ നേടിയത്. ഡീന്‍ എല്‍ഗാർ സ്ഥാനമൊഴിഞ്ഞതോടെയാണ് ബവൂമ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്. കിരീടനേട്ടത്തിനൊപ്പം ക്യാപ്റ്റൻസിയിലും റെക്കോർഡിട്ടാണ് ബവൂമ ഇംഗ്ലണ്ടിൽനിന്നു മടങ്ങുന്നത്. 10 മത്സരങ്ങളിൽ തോൽവിയറിയാതെ ഒൻപതു കളികളും വിജയിച്ച ക്യാപ്റ്റനെന്ന റെക്കോർഡ് ഇനി ബവൂമയ്ക്കു സ്വന്തം. 1902-1921 കാലത്ത് തോൽവിയറിയാതെ പത്തിൽ എട്ടു മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയക്കാരൻ വാർവിക് ആംസ്ട്രോങ്ങിന്റെ റെക്കോർഡാണ് ബവൂമ പഴങ്കഥയാക്കിയത്. 2023 മുതൽ ഇതുവരെ ബവൂമ നയിച്ച 10 മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് ദക്ഷിണാഫ്രിക്ക സമനിലയിൽ അവസാനിപ്പിച്ചത്.