ഇന്ത്യയ്‌ക്കെതിരായ പരമ്പര ആഷസിനുള്ള പരിശീലന വേദിയെന്ന് സ്വാൻ, വിവാദം; ഇന്ത്യൻ ടീമിനെ അപമാനിക്കുന്ന പ്രസ്താവനയെന്ന് വിമർശനം

Mail This Article
ലണ്ടൻ∙ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനെ സംബന്ധിച്ച് ആഷസ് പരമ്പരയ്‌ക്കുള്ള പരിശീലന വേദിയാണെന്ന മുൻ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാനിന്റെ പ്രസ്താവന വിവാദത്തിൽ. ഇന്ത്യൻ ടീമിനെ അപമാനിക്കുന്നതാണ് സ്വാനിന്റെ പ്രസ്താവനയെന്ന വിമർശനവുമായി ആരാധകർ കൂട്ടത്തോടെ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഈ മാസം 20ന് ലീഡ്സിൽ തുടക്കമാകാനിരിക്കെയാണ് സ്വാനിന്റെ പ്രസ്താവന വിവാദമായത്. ഈ നൂറ്റാണ്ടിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ സ്വാൻ, ഇംഗ്ലിഷ് വിക്കറ്റ് വേട്ടക്കാരിൽ ഏഴാമനാണ്.
‘‘ആഷസ് പരമ്പരയ്ക്കുള്ള നല്ലൊരു ഒരുക്കമാണ് ഈ പരമ്പര. ഇന്ത്യ കരുത്തുറ്റ എതിരാളികളാണ്. അവസാനത്തെ രണ്ടോ മൂന്നോ തവണ അവിടെ പര്യടനത്തിനു പോയപ്പോൾ ഇന്ത്യ ഞങ്ങളെ തകർത്തുകളഞ്ഞു. അതുകൊണ്ട് ഇവിടെ വരുമ്പോൾ അവരെ തോൽപ്പിക്കാൻ വേണ്ടതെല്ലാം ഞങ്ങൾ ചെയ്യും’ – ഗ്രെയിം സ്വാൻ പറഞ്ഞു.
അതേസമയം, സ്വാനിന്റെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഇന്ത്യൻ ടീമിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് ഗ്രെയിം സ്വാൻ നടത്തിയതെന്നാണ് പ്രധാന വിമർശനം. ഇംഗ്ലിഷ് ക്രിക്കറ്റിന്റെ ധാർഷ്ഠ്യമാണ് സ്വാനിന്റെ വാക്കുകളിൽ തെളിയുന്നതെന്നും വിമർശനം ഉയർന്നു.
‘‘ആഷസിന്റെ പിടിയിൽനിന്ന് ഇവർ പുറത്തുവരേണ്ട സമയം അതിക്രമിച്ച’തായി ഒരു ആരാധകൻ എക്സിൽ കുറിച്ചു. ഇംഗ്ലിഷ് താരങ്ങളുടെ മനോഭാവം മാറേണ്ട സമയമായെന്നും അഭിപ്രായം ഉയർന്നു.
2018നു ശേഷം ഒരു ഫോർമാറ്റിലും ഇന്ത്യയ്‌ക്കെതിരെ പരമ്പര വിജയം നേടാൻ ഇംഗ്ലണ്ടിനായിട്ടില്ല. മാത്രമല്ല, 2015നുശേഷം ആഷസ് പരമ്പര നേടാനും അവർക്കു കഴിഞ്ഞിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയും സ്വാനിനെതിരെ വിമർശനം ഉയരുന്നുണ്ട്.