‘ജയ് ഷാ എത്ര റൺസെടുത്തു?’; ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ വിഡിയോയിൽ ബവൂമയെയും കമിൻസിനെയുമെല്ലാം ‘തോൽപ്പിച്ച്’ ജയ് ഷാ, വിവാദം- വിഡിയോ

Mail This Article
ന്യൂഡൽഹി∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനോട് അനുബന്ധിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുറത്തിറക്കിയ വിഡിയോയ്‌ക്കെതിരെ വ്യാപക വിമർശനം. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ കലാശപ്പോരാട്ടത്തിന്റെ വിഡിയോയിൽ, ഇരു ടീമുകളിലെയും താരങ്ങളേക്കാൾ കൂടുതൽ ഇടം ഐസിസി ചെയർമാൻ ജയ് ഷായ്ക്ക് നൽകിയെന്നാണ് വിമർശനം. ‘എന്റെ തല, എന്റെ ഫുൾ ഫിഗർ’ എന്ന ശ്രീനിവാസൻ ഡയലോഗിനെ ഓർമിപ്പിക്കുന്ന വിധത്തിലാണ് വിഡിയോ ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി ഒട്ടേറെ ആരാധകരാണ് രംഗത്തെത്തിയത്. ഐസിസി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെയും വിമർശനവും ട്രോളുകളും നിറയുകയാണ്.
ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ വിഡിയോയാണെങ്കിലും, ജയ് ഷാ സ്റ്റേഡിയത്തിലേക്കു വരുന്ന സ്ലോ മോഷനിലുള്ള ദൃശ്യങ്ങളോടെയാണ് ഇത് ആരംഭിക്കുന്നത്. 45 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ആകെയുള്ളത് 23 ഷോട്ടുകളാണ്. ഇതിൽ 11 എണ്ണവും ജയ് ഷായുടേതാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. വിമർശനം കടുത്തതോടെ ആദ്യം വിഡിയോ സമൂഹമാധ്യമങ്ങളിൽനിന്ന് ഡിലീറ്റ് ചെയ്ത ഐസിസി, പിന്നീട് പ്രത്യേക വിശദീകരണങ്ങളൊന്നും കൂടാതെ തന്നെ അതേ വിഡിയോ വീണ്ടും പോസ്റ്റ് ചെയ്തു.
‘‘ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ജയ് ഷാ എത്ര റൺസെടുത്തു? അദ്ദേഹത്തിന് എത്ര വിക്കറ്റ് ലഭിച്ചു’ – ഷായ്ക്ക് ലഭിച്ച അമിത പ്രാധാന്യം കണ്ട് ഒരു ആരാധകൻ എക്സിൽ കുറിച്ചു. ‘ഒന്നു കണ്ണു ചിമ്മിപ്പോയാൽ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമിൻസിനെ നിങ്ങൾക്ക് കാണാനാകില്ല. പക്ഷേ ജയ് ഷാ നിറഞ്ഞുനിൽപ്പുണ്ട്’ – മറ്റൊരു ആരാധകൻ കുറിച്ചു.
‘‘ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഏറ്റുമുട്ടിയതും ജയ് ഷായും ജയ് ഷായുമാണെന്ന് അറിഞ്ഞിരുന്നില്ല. ഐസിസി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ കണ്ടാൽ, ജയ് ഷായുടെ ആരാധകരാണ് അതു തയാറാക്കിയതെന്നു തോന്നും. അദ്ദേഹം ഐസിസി ചെയർമാനാണെന്നു സമ്മതിക്കുന്നു. പക്ഷേ ഈ വിഡിയോ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലുമായി ബന്ധപ്പെട്ടാണ്’ – ഒരു സ്പോർട്സ് ജേണലിസ്റ്റ് കുറിച്ചു.
അനാവശ്യമായി ശ്രദ്ധ നേടാൻ ശ്രമിച്ച് ജയ് ഷാ വിമർശനം ക്ഷണിച്ചുവരുത്തുന്നത് ഇത് ആദ്യമല്ല. മുൻപ് ഇന്ത്യൻ ടീം ചാംപ്യൻസ് ട്രോഫി കിരീടം നേടിയപ്പോഴും സമാനമായ വിമർശനം ഉയർന്നിരുന്നു. അന്ന് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കുള്ള ഫോട്ടോഷൂട്ടിൽ ഒപ്പം ചേർന്നാണ് ജയ് ഷാ വിമർശനങ്ങേറ്റു വാങ്ങിയത്.