തുടർച്ചയായി അഞ്ച് പന്തിൽ അഞ്ച് വിക്കറ്റെടുത്ത് ദിഗ്‌വേഷ് രതി; അഞ്ചിന് 151 റൺസിൽനിന്ന് അതേ സ്കോറിൽ ഓൾഔട്ടായി എതിർ ടീം– വിഡിയോ

Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിനിടെ തുടർച്ചയായി അച്ചടക്ക നടപടികൾക്കു വിേധയനായി വാർത്തകളിൽ ഇടംപിടിച്ച ദിഗ്‌വേഷ് രതി, ഒരു ഓവറിലെ ആദ്യ അഞ്ച് പന്തുകളിലും വിക്കറ്റെടുത്ത് വീണ്ടും വാർത്തകളിൽ. ഒരു പ്രാദേശിക ട്വന്റി20 ലീഗിലാണ് അഞ്ച് പന്തിൽ അഞ്ച് വിക്കറ്റെടുത്ത് ദിഗ്‌വേഷ് രതിയുടെ ഐതിഹാസിക പ്രകടനം. എതിർ ടീം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന നിലയിൽ നിൽക്കെ ബോളിങ്ങിനെത്തിയാണ് ദിഗ്‌വേഷ് ശേഷിച്ച അഞ്ച് വിക്കറ്റുകളും സ്വന്തമാക്കിയത്. മത്സരത്തിലാകെ താരം ഏഴു വിക്കറ്റ് വീഴ്ത്തി.
ദിഗ്‌വേഷ് രതിയുടെ ഐതിഹാസിക പ്രകടനത്തിന്റെ വിഡിയോ അദ്ദേഹത്തിന്റെ ഐപിഎൽ ടീമായ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഉടമ സഞ്ജീവ് ഗോയങ്ക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ആദ്യ നാലു പന്തുകളിൽ ബാറ്റർമാരെ ക്ലീൻ ബൗൾഡാക്കിയ ദിഗ്‌വേഷ്, അവസാന ബാറ്ററെ എൽബിയിൽ കുരുക്കിയാണ് വിക്കറ്റ് വേട്ട പൂർത്തിയാക്കിയത്.
‘‘ഒരു പ്രാദേശിക ട്വന്റി20 മത്സരത്തിൽ ദിഗ്‌വേഷ് രതി അഞ്ച് പന്തിൽ അഞ്ച് വിക്കറ്റെടുക്കുന്ന ഈ ദൃശ്യം കണ്ട് സ്തബ്ധനായിപ്പോയി. ഐപിഎൽ 2025 സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ സൂപ്പർതാരമാക്കി ദിഗ്‌വേഷിനെ മാറ്റിയ കഴിവിന്റെ തെളിവാണ് ഈ ദൃശ്യങ്ങൾ’ – വിഡിയോ പങ്കുവച്ച് സഞ്ജീവ് ഗോയങ്ക കുറിച്ചു.
∙ ഐപിഎലിൽ വിവാദ നായകൻ
ഡൽഹി സ്വദേശിയായ ദിഗ്‌വേഷിനെ കഴിഞ്ഞ താരലേലത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിലെടുത്തതു 30 ലക്ഷം രൂപയ്ക്കാണ്. എന്നാൽ 10 ലക്ഷം രൂപയോളമാണ് പെരുമാറ്റദൂഷ്യത്തിനു പിഴയായി ഇരുപത്തിയഞ്ചുകാരനായ ദിഗ്‌വേഷ് അടച്ചത്. അച്ചടക്കനടപടിയുടെ പേരിൽ ഐപിഎലിന്റെ നോട്ട്ബുക്കിൽ ഇത്രയധികം ചുവപ്പുമഷി വീണ മറ്റൊരു താരവുമില്ല. ബാറ്റർമാരെ പുറത്താക്കുമ്പോൾ നടത്തുന്ന നോട്ട്ബുക്ക് ആഘോഷമാണ് (പുറത്താക്കിയ ബാറ്ററുടെ പേര് നോട്ട്ബുക്കിൽ എഴുതുന്ന പോലെ ആംഗ്യം കാണിക്കുക) ദിഗ്‌വേഷിനെ സ്ഥിരം പ്രശ്നക്കാരനാക്കിയത്.
പിഴയും വിലക്കും കിട്ടിയെങ്കിലും ഈ സീസണിലെ 13 മത്സരങ്ങളിൽനിന്നു 14 വിക്കറ്റുകൾ നേടിയിട്ടുണ്ട് ലെഗ് സ്പിന്നറായ ദിഗ്‌വേഷ്. ഡൽഹി പ്രിമിയർ ലീഗിലെ (ഡിപിഎൽ) മികച്ച പ്രകടനമാണ് താരത്തിന് ഐപിഎലിലേക്കു വഴിതുറന്നത്. സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസിന്റെ താരമായിരുന്ന ദിഗ്‌വേഷ് 10 കളികളിൽനിന്ന് 7.82 ആവറേജിൽ 14 വിക്കറ്റുകൾ നേടി. ഋഷഭ് പന്ത് അടക്കം ഒട്ടേറെ മുൻനിര ബാറ്റർമാർ താരത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ആകെ കളിച്ചത് 2 മത്സരങ്ങളാണങ്കിലും 3 വിക്കറ്റുകൾ നേടി. മണിപ്പുരിനെതിരെയുള്ള നിർണായക മത്സരത്തിൽ 11 റൺസ് മാത്രം വഴങ്ങി നേടിയ 2 വിക്കറ്റുകളാണ് ടീമിനെ രക്ഷിച്ചത്.
പന്ത് കയ്യിലൊളിപ്പിച്ച പോലെ ആക്‌ഷനിൽ പന്തെറിയുന്ന ദിഗ്‌വേഷിനെ ഇക്കാര്യത്തിൽ വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്‌നുമായാണ് പലരും താരതമ്യപ്പെടുത്തുന്നത്. കളിക്കളത്തിലെ അച്ചടക്കത്തിൽ അൽപം പിന്നിലാണെങ്കിലും പന്തെറിയുന്നതിൽ നേരേ തിരിച്ചാണ്. വലംകൈ ബാറ്റർമാരെ ഗൂഗ്ലിയും കാരംബോളുമെറിഞ്ഞ് വട്ടംകറക്കിയും ഇടംകൈ ബാറ്റർമാരെ ഗൂഗ്ലിയിൽ കുരുക്കിയും മികവു പുറത്തെടുക്കുന്ന ദിഗ്‌വേഷ് മികച്ച ലൈനും ലെങ്തും കണ്ടെത്തുകയും ചെയ്യുന്നു.