ബിസിസിഐയ്ക്ക് കനത്ത തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ നൽകണമെന്ന വിധി ബോംബെ ഹൈക്കോടതി ശരിവച്ചു

Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരള ടീമിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) 538 കോടി രൂപ നൽകണമെന്ന ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ശരിവച്ച് ബോംബെ ഹൈക്കോടതി. ബിസിസിഐ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ഒരു സീസൺ കളിച്ച ടസ്കേഴ്സിനെ കരാർ ലംഘനം ആരോപിച്ചാണ് 2011ൽ ബിസിസിഐ ഐപിഎല്ലിൽനിന്നു പുറത്താക്കിയത്.
നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലിൽ കളിക്കാൻ അനുവദിക്കണമെന്നുമുള്ള ടസ്കേഴ്സിന്റെ ആവശ്യം ബിസിസിഐ തള്ളിയതിനു പിന്നാലെയാണു വിഷയം തർക്ക പരിഹാര കോടതിയിലെത്തിയത്. നഷ്ടപരിഹാരം നൽകുന്നതിനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ ബിസിസിഐയ്ക്ക് വിവിധ കോടതികളിൽനിന്നേറ്റ കനത്ത തിരിച്ചടികളുടെ തുടർച്ചയാണ് ഈ വിധിയും.
കേരള ടസ്കേഴ്സിനെ പുറത്താക്കിയതിനെതിരെ രംഗത്തുവന്ന ഏതാനും ബോർഡംഗങ്ങളുടെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ തീരുമാനം. ഐപിഎൽ പ്രവേശനത്തിനു ടസ്കേഴ്സ് നൽകിയ 156 കോടി രൂപയുടെ ബാങ്ക് ഗാരന്റി തുക ബിസിസിഐ ഏകപക്ഷീയമായി ഈടാക്കിയതോടെയാണു പ്രശ്നങ്ങൾക്കു തുടക്കം.
ആറു മാസത്തിനുള്ളിൽ പുതിയ ഗാരന്റി നൽകാനുള്ള നിർദേശം പാലിക്കാൻ ടസ്കേഴ്സ് വിസമ്മതിച്ചതോടെ, കരാർ ലംഘനത്തിന്റെ പേരിൽ 2011 സെപ്റ്റംബറിൽ ടീമിനെ പുറത്താക്കുകയായിരുന്നു. ഇതിനെതിരെയാണ് ടീം ഉടമകളായ റോണ്ടേവൂ സ്പോർട്സ് വേൾഡ് തർക്ക പരിഹാര കോടതിയെ സമീപിച്ചത്. ബാങ്ക് ഗാരന്റി അന്യായമായി ഈടാക്കിയെന്നു കാട്ടിയുള്ള ടസ്കേഴ്സിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി മുൻ ജഡ്ജി ആർ.പി.ലഹോട്ടിയുടെ അധ്യക്ഷതയിലുള്ള സമിതി 2015 ജൂലൈയിലാണ് നഷ്ടപരിഹാരം നൽകാൻ ബിസിസിഐയ്ക്ക് നിർദ്ദേശം നൽകിയത്.
ടസ്കേഴ്സിന് ഐപിഎല്ലിൽ പ്രവേശനം നൽകി, നഷ്ടപരിഹാരത്തിൽനിന്ന് തലയൂരണമെന്നു ബിസിസിഐയിൽ ഒരു വിഭാഗം വാദിച്ചെങ്കിലും നിയമപരമായി ടസ്കേഴ്സിനെ നേരിടാനായിരുന്നു പ്രബല പക്ഷത്തിന്റെ തീരുമാനം.
ഐപിഎല്ലിൽ തുടക്കത്തിൽ 8 ടീമുകളായിരുന്നെങ്കിലും 2011ൽ ലേലത്തിലൂടെ കൊച്ചി, പുണെ ടീമുകളെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു. കൊച്ചി ടസ്ക്കേഴ്സ് ആദ്യ സീസൺ കൊണ്ടു തന്നെ പുറത്തായി. പല വ്യവസായ ഗ്രൂപ്പുകൾ ചേർന്നതായിരുന്നു കൊച്ചി ടസ്ക്കേഴ്സ് മാനേജ്മെന്റ്. ടീം പുറത്തായതോടെ ഈ കൺസോർഷ്യവും ഇല്ലാതായി. 2 വർഷത്തിനു ശേഷം പുണെ വാരിയേഴ്സും കരാർ ലംഘനത്തിന്റെ പേരിൽ പുറത്തായി. ഇതോടെ 2014 മുതൽ വീണ്ടും ടീമുകൾ വീണ്ടും എട്ടായി.
ഐപിഎലിൽ ഒരേയൊരു സീസണിൽ മാത്രം കളിച്ച കൊച്ചി ടസ്കേഴ്സ്, എട്ടാം സ്ഥാനത്താണ് സീസൺ പൂർത്തിയാക്കിയത്. ബ്രണ്ടൻ മക്കല്ലം, മഹേള ജയവർധനെ, മുത്തയ്യ മുരളീധരൻ, എസ്.ശ്രീശാന്ത്, ബ്രാഡ് ഹോജ് തുടങ്ങിയവർ ആ സീസണിൽ കൊച്ചി ടസ്കേഴ്സിനായി കളത്തിലിറങ്ങിയിരുന്നു.
∙ തുടക്കം മുതലേ വിവാദം
2010ലാണ് കൊച്ചി ആസ്ഥാനമായി പുതിയ ടീം ഐപിഎലിലെത്തുന്നത്. എന്നാൽ ടീമിനെ അംഗീകരിച്ചു കൊണ്ടുള്ള രേഖകളിൽ ഒപ്പു വയ്ക്കാൻ അവസാനനിമിഷം വരെ, ഐപിഎൽ കമ്മിഷണർ ലളിത് മോദി തയാറായില്ലെന്ന് പിന്നീട് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. അവസാനം ബിസിസിഐ ചെയർമാൻ ശശാങ്ക് മനോഹറിൽനിന്ന് അർധരാത്രി ഒരു ഫോൺ കോൾ വന്നതിനു ശേഷമാണ് ലളിത് മോദി അയഞ്ഞത്. പുലർച്ചെ 3 മണിക്കായിരുന്നു രേഖകളിൽ ഒപ്പുവയ്ക്കൽ.
സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് 2010 ഐപിഎലിനു ശേഷം ബിസിസിഐയിൽ നിന്നു പുറത്തായ ലളിത് മോദിക്കു പിന്നീട് ആജീവനാന്ത വിലക്കും ലഭിച്ചു. പിന്നാലെ ലളിത് മോദി ഇന്ത്യ വിടുകയും ചെയ്തു.