സഞ്ജു സാംസണും സഹോദരനും ഒരുമിച്ചു കളിക്കും, സാലി സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

Mail This Article
തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും സഹോദരന്‍ സാലി സാംസണും കേരള ക്രിക്കറ്റ് ലീഗിൽ ഒരുമിച്ചു കളിക്കും. കെസിഎൽ താരലേലത്തിൽ സാലി സാംസണെ അടിസ്ഥാന വിലയായ 75,000 രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് വാങ്ങി. കഴിഞ്ഞ സീസണിലും കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ താരമായിരുന്നു സാലി സാംസണ്‍. സഞ്ജു കെസിഎലിന്റെ ആദ്യ സീസണിൽ കളിച്ചിരുന്നില്ല.
ഓൾ റൗണ്ടറായ സാലി പ്ലേയർ ഡ്രാഫ്റ്റിൽ സി കാറ്റഗറിയിലാണ് ഉൾപ്പെട്ടിരുന്നത്. സാലിയുടെ പേരു വിളിച്ചപ്പോൾ, അവതാരകനായ ചാരു ശർമയോട് സഞ്ജു സാംസണിന്റെ സഹോദരനാണെന്നു വേദിയിൽനിന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. തൊട്ടുപിന്നാലെ മുൻ താരത്തിൽ താൽപര്യം അറിയിച്ച് കൊച്ചി തന്നെ വീണ്ടും രംഗത്തെത്തി. താരത്തിനു വേണ്ടി മറ്റു ടീമുകളൊന്നും മുന്നോട്ടുവരാതിരുന്നതോടെ അടിസ്ഥാന വിലയ്ക്കു സാലി സാംസൺ വിറ്റുപോയി.
ഓൾറൗണ്ടറായ താരം അണ്ടർ 16 വിഭാഗത്തിൽ സൗത്ത് സോണിനു വേണ്ടി കളിച്ചിട്ടുണ്ട്. കേരളത്തിന്റെ അണ്ടർ 23, 25 ടീമുകളിലും അംഗമായിരുന്നു. 34 വയസ്സുകാരനായ സാലി ലിസ്റ്റ് എയിൽ ആറു മത്സരങ്ങളിൽ കളിക്കാനിറങ്ങി. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.
സഞ്ജുവിനെ വാങ്ങാൻ തുടക്കം മുതൽ കൊച്ചി ശ്രമം തുടങ്ങിയിരുന്നു. തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയൽസും താരത്തിനായി മത്സരിച്ചതോടെ വില അതിവേഗം കൂടി. ഒടുവിൽ 26.80 ലക്ഷമെന്ന റെക്കോർഡ് തുകയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കുകയായിരുന്നു.
Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Instagram/SalySamson എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.