450ന് എങ്കിലും ഡിക്ലയർ ചെയ്യുമോ?, സമനിലയാകും:‘കൺവിൻസ്’ ചെയ്യാൻ ബ്രൂക്ക്; ഇന്ത്യയുടെ ദൗർഭാഗ്യമെന്ന് ഗിൽ– വിഡിയോ

Mail This Article
ബർമിങ്ങാം∙ ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ബാറ്റിങ്ങിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മന്‍ ഗില്ലിനോട് മത്സരം സമനിലയാകുമെന്നു പറഞ്ഞ് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. നാലാം ദിനം ഇംഗ്ലണ്ട് ബോളർമാരെ തകർത്തടിച്ച ഗിൽ 162 പന്തിൽ 161 റൺസെടുത്താണു പുറത്തായത്. ആദ്യ ഇന്നിങ്സിൽ താരം ഡബിൾ സെഞ്ചറി തികച്ചിരുന്നു. ഇന്ത്യയുടെ ലീഡ് 450ന് അടുത്ത് എത്തുമ്പോഴായിരുന്നു ഗില്ലിനു സമീപത്തു ഫീൽഡ് ചെയ്തിരുന്ന ബ്രൂക്ക് സംശയം ഉന്നയിച്ചത്. 450 ൽ ഡിക്ലയർ ചെയ്യുമോ എന്നായിരുന്നു ബ്രൂക്കിന്റെ ചോദ്യം.
‘‘ഞായറാഴ്ച മഴ പെയ്യാൻ സാധ്യതയുണ്ട്. അര ദിവസമാണു ബാക്കിയുള്ളത്. ഉറപ്പായും മഴ പെയ്യും.’’– ബ്രൂക്ക് ശുഭ്മന്‍ ഗില്ലിനോടു പറഞ്ഞു. ഞങ്ങളുടെ ദൗർഭാഗ്യം എന്നായിരുന്നു ഗില്ലിന്റെ മറുപടി. തുടർന്ന് മത്സരം സമനിലയാകുമെന്നും ബ്രൂക്ക് പ്രവചിച്ചു. മത്സരത്തിനിടയിലെ ഇരുവരുടേയും സംസാരം സ്റ്റംപ് മൈക്കിൽ പതിഞ്ഞു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇന്ത്യയുടെ ലീഡ് 600 കടന്നപ്പോഴായിരുന്നു ഗിൽ ഡിക്ലയർ ചെയ്തത്. ആറു വിക്കറ്റ് നഷ്ടത്തിൽ 427 എന്ന നിലയിലായിരുന്നു രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിനെതിരെ മുഹമ്മദ് സിറാജും ആകാശ് ദീപും തിളങ്ങിയതോടെ, നാലാം ദിനം തന്നെ ഇംഗ്ലണ്ടിനു മൂന്നു വിക്കറ്റുകളും നഷ്ടമായി. എജ്ബാസ്റ്റനിൽ എട്ടു ടെസ്റ്റുകൾ കളിച്ചിട്ടുള്ള ഇന്ത്യ ഏഴും തോറ്റതാണു ചരിത്രം. ഒരു മത്സരം സമനിലയിൽ കലാശിച്ചു. അവസാന ദിവസം ഏഴു വിക്കറ്റ് കയ്യിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 556 റൺസ് കൂടി വേണം.
Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X@Sonylive എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.