വൈഭവിന്റെ റെക്കോർഡ് ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം, പരമ്പര; ഫ്ലിന്റോഫിന്റെ മകനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല

Mail This Article
വൂസ്റ്റർ ∙ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ കരുത്തിനു മുന്നില്‍, ഇംഗ്ലണ്ടിനെ റോക്കി ഫ്ലിന്റോഫിന്റെ പോരാട്ടവും രക്ഷിച്ചില്ല. നാലാം ഏകദിനത്തിൽ 55 റൺസ് വിജയമാണ് യുവ ഇന്ത്യൻ ടീം സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 363 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 45.3 ഓവറിൽ 308ന് പുറത്തായി. ഇതോടെ പരമ്പര 3–1ന് ഇന്ത്യ സ്വന്തമാക്കി.
പതിനാലുകാരൻ വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് സെഞ്ചറിയാണ് ഇന്ത്യയെ വമ്പൻ സ്കോറിലെത്തിച്ചത്. 78 പന്തുകൾ നേരിട്ട സൂര്യവംശി 143 റൺസടിച്ചു പുറത്തായി. രാജ്യാന്തര ഏകദിനത്തിൽ വൈഭവിന്റെ കന്നി സെഞ്ചറിയാണിത്. അണ്ടർ 19 ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം, അണ്ടർ 19 വിഭാഗത്തിലെ വേഗമേറിയ സെഞ്ചറി എന്നീ റെക്കോർഡുകളും മത്സരത്തിൽ വൈഭവ് സ്വന്തമാക്കി.
52 പന്തുകളിൽനിന്നാണ് വൈഭവ് സെഞ്ചറിയിലെത്തിയത്. 78 പന്തിൽ 10 സിക്സും 13 ഫോറും അടങ്ങുന്നതാണ് പതിനാലുകാരൻ താരത്തിന്റെ ഇന്നിങ്സ്. വൈഭവിനു പുറമേ വിഹാൻ മൽഹോത്രയും (129) സെഞ്ചറി നേടി. ഇംഗ്ലണ്ടിനായി ജാക് ഹോം നാലു വിക്കറ്റുകളും സെബാസ്റ്റ്യൻ മോർഗൻ മൂന്നു വിക്കറ്റുകളും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ സെഞ്ചറി നേടിയ റോക്കി ഫ്ലിന്റോഫിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ 300 കടത്തിയത്. ഇതിഹാസ താരം ആൻഡ്രു ഫ്ലിന്റോഫിന്റെ മകനാണ് റോക്കി. 91 പന്തുകൾ നേരിട്ട റോക്കി 107 റൺസെടുത്തു. ഓപ്പണർമാരായ ബി.ജെ. ഡോകിങ്സും (67), ജോസഫ് മൂർസും (52) അർധ സെഞ്ചറികൾ നേടി. എന്നാൽ മധ്യനിരയും വാലറ്റവും തിളങ്ങാതെ പോയതോടെ 45.3 ഓവറിൽ ഇംഗ്ലണ്ട് ഓൾഔട്ടാകുകയായിരുന്നു. നാളെയാണ് പരമ്പരയിലെ അവസാന മത്സരം.
Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X@BCCI/ECB എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.