ADVERTISEMENT

ബർമിങ്ങാം∙ സമനിലയുറപ്പിക്കാൻ അഞ്ചാം ദിനം ഇറങ്ങിയ ഇംഗ്ലണ്ട് ബാറ്റർമാരെ തകർത്തെറിഞ്ഞ് അർഹിച്ച വിജയം ഇന്ത്യയ്ക്കു നേടിക്കൊടുത്ത് ബോളർമാർ. രണ്ടാം ടെസ്റ്റിൽ  337 റൺസ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ ഡബിള്‍ സെഞ്ചറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ചറിയും സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണു കളിയിലെ താരം. അവസാന ദിനത്തിന്റെ ആദ്യ സെഷനിൽ കുറച്ചു നേരം കളി മുടങ്ങിയെങ്കിലും മഴ ദൈവങ്ങളും ഇംഗ്ലണ്ടിനെ കാത്തില്ല. ജസ്പ്രീത് ബുമ്രയ്ക്കു പകരം ടീമിലെത്തിയ പേസർ ആകാശ്ദീപ് രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റുകൾ വീഴ്ത്തി കളി പിടിച്ചെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിലെ നാലു വിക്കറ്റുകൾ കൂടി ചേരുമ്പോൾ ബർമിങ്ങാമിൽ 10 വിക്കറ്റുകളാണ് ആകാശ്ദീപ് വീഴ്ത്തിയത്. 608 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 271 റൺസെടുത്തു പുറത്തായി.

റൺസ് അടിസ്ഥാനത്തിൽ വിദേശ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ക്യാപ്റ്റനെന്ന നിലയിൽ ഗില്ലിന്റെയും എജ്ബാസ്റ്റനിൽ ഇന്ത്യയുടേയും ആദ്യ വിജയം കൂടിയാണിത്. 99 പന്തിൽ 88 റൺസെടുത്ത ജെയ്മി സ്മിത്താണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ ജെയ്മി സ്മിത്തിന്റെ പുറത്താകലോടെ തന്നെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ ഏറക്കുറെ അവസാനിച്ചിരുന്നു. ഒലി പോപ് (50 പന്തിൽ 24), ഹാരി ബ്രൂക്ക് (32 പന്തിൽ 23), ബെന്‍ സ്റ്റോക്സ് (73 പന്തിൽ 33), ക്രിസ് വോക്സ് (ഏഴ്), ബ്രൈഡൻ കാഴ്സ് (48 പന്തിൽ 38), ജോഷ് ടോങ് (രണ്ട്) എന്നിവരാണ് അവസാന ദിനം പുറത്തായ മറ്റ് ഇംഗ്ലണ്ട് ബാറ്റർമാർ. മഴ കാരണം ഒരു മണിക്കൂറിലേറെ വൈകിയാണ് അഞ്ചാം ദിവസത്തെ കളി തുടങ്ങിയത്. ഒലി പോപിനെയും ഹാരി ബ്രൂക്കിനെയും പുറത്താക്കി പേസർ ആകാശ് ദീപാണ് അവസാന ദിനം ഇന്ത്യയ്ക്ക് ആദ്യ പ്രതീക്ഷകൾ നൽകിയത്. ബെൻ സ്റ്റോക്സും ജെയ്മി സ്മിത്തും സമനിലയ്ക്കായി പ്രതിരോധിച്ചു നിന്നതോടെ ഇന്ത്യ അപകടം മണത്തു. എന്നാൽ സ്പിന്നർ വാഷിങ്ടൻ സുന്ദറിന്റെ 41–ാം ഓവറിൽ സ്റ്റോക്സിനു പിഴച്ചു. പന്തിനു മേൽ നിയന്ത്രണം നഷ്ടമായപ്പോൾ സ്റ്റോക്സ് എൽബിഡബ്ല്യു ആയി മടങ്ങി.

CRICKET-ENG-IND
പത്തു വിക്കറ്റു വീഴ്ത്തിയ ആകാശ്ദീപിനെ അഭിനന്ദിക്കുന്ന കെ.എല്‍. രാഹുൽ. Photo: DARREN STAPLES / AFP

56–ാം ഓവറിൽ ജെയ്മി സ്മിത്തിനെ ആകാശ്ദീപ് വാഷിങ്ടന്‍ സുന്ദറിന്റെ കൈകളിലെത്തിച്ചു. പിന്നീട് ബാക്കിയുള്ളത് വാലറ്റക്കാർ മാത്രം. ഒരു സിക്സും അഞ്ചു ഫോറുകളും ബൗണ്ടറിയിലേക്കു പായിച്ച ബ്രൈ‍ഡൻ കാഴ്സ് പ്രതിരോധിച്ചെങ്കിലും ആകാശ്ദീപിന്റെ 69–ാം ഓവറിൽ താരം പുറത്തായി. നാലാം ദിനം ബാറ്റിങ് അവസാനിപ്പിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ബെൻ ഡക്കറ്റ് (15 പന്തിൽ 25), സാക് ക്രൗലി (പൂജ്യം), ജോ റൂട്ട് (16 പന്തിൽ ആറ്) എന്നിവര്‍ നാലാം ദിനം തന്നെ പുറത്തായിരുന്നു.  ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടന്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റു വിജയമാണു നേടിയത്. രണ്ടാം മത്സരത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 1–1 എന്ന നിലയിലായി. മൂന്നാം ടെസ്റ്റ് ജൂലൈ  പത്തിന് ലോഡ്സ് സ്റ്റേഡിയത്തിൽ ആരംഭിക്കും. 

ആറിന് 427, ഗില്ലിന് സെഞ്ചറി

ഒന്നാം ഇന്നിങ്സില്‍ വലിയ ലീഡ് ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യാൻ ഇറങ്ങിയത്. രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 427 റൺസെടുത്ത് ഇന്ത്യ ഡിക്ലയർ ചെയ്തു. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ സെഞ്ചറി നേടി. എട്ട് സിക്സുകളും 13 ഫോറുകളും ബൗണ്ടറി കടത്തിയ ഗിൽ 162 പന്തുകളിൽ 161 റൺസാണെടുത്തത്. ഇംഗ്ലിഷ് സ്പിന്നർ ശുഐബ് ബഷീർ സ്വന്തം പന്തിൽ ക്യാച്ചെടുത്തു ഗില്ലിനെ പുറത്താക്കുമ്പോൾ ഇന്ത്യ സുരക്ഷിതമായ നിലയിലെത്തിയിരുന്നു. രവീന്ദ്ര ജഡേജ (69), ഋഷഭ് പന്ത് (65), കെ.എൽ. രാഹുൽ (55) എന്നിവർ അർധ സെഞ്ചറികളുമായി തിളങ്ങി. യശസ്വി ജയ്സ്വാളും കെ.എൽ. രാഹുലും ചേർന്ന് 55 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കു നൽകിയത്. 

gill-cele
സെഞ്ചറി നേടിയ ശുഭ്മൻ ഗില്ലിന്റെ ആഹ്ലാദം

28 റൺസെടുത്ത ജയ്സ്വാളിനെ എൽബിഡബ്ല്യുവിൽ കുരുക്കി ജോഷ് ടോങ് ഈ കൂട്ടുകെട്ടു പൊളിച്ചു. മലയാളി താരം കരുൺ നായർ ഒരിക്കൽ കൂടി നിരാശപ്പെടുത്തി. സ്കോർ 96ൽ നിൽക്കെ 26 റൺസെടുത്ത കരുണിനെ ബ്രൈഡൻ കാഴ്സ് വിക്കറ്റ് കീപ്പർ ജെയ്മി സ്മിത്തിന്റെ കൈകളിലെത്തിച്ചു. ഋഷഭ് പന്ത് ഗില്ലിനൊപ്പം ചേർന്നപ്പോൾ സ്കോർ 200 ഉം കടന്നു മുന്നേറി. അർധ സെഞ്ചറി തികച്ച പന്തിനെ (65) ശുഐബ് ബഷീറിന്റെ പന്തിൽ ബെൻ ഡക്കറ്റ് ക്യാച്ചെടുത്തു മടക്കി. രവീന്ദ്ര ജഡേജയും (118 പന്തിൽ 69), വാഷിങ്ടൻ സുന്ദറും (ഏഴു പന്തിൽ 12) പുറത്താകാതെ നിന്നു. ലീഡ് 600 കടന്നതോടെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇന്ത്യൻ ബാറ്റർമാരെ തിരികെ വിളിച്ചു. ഇംഗ്ലണ്ടിനായി ജോഷ് ടോങ്കും ശുഐബ് ബഷീറും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ബ്രൈഡൻ കാഴ്സിനും ജോ റൂട്ടിനും ഓരോ വിക്കറ്റുകൾ വീതമുണ്ട്.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 180 റണ്‍സിന്റെ ലീ‍ഡ് സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 587 റൺസടിച്ചപ്പോൾ, ഇംഗ്ലണ്ടിന്റെ മറുപടി 407 ൽ അവസാനിച്ചു. ഡബിൾ സെഞ്ചറി തികച്ച ശുഭ്മൻ ഗില്ലാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോർ സമ്മാനിച്ചത്. 387 പന്തുകൾ നേരിട്ട ഗിൽ 269 റൺസ് അടിച്ചെടുത്തു. യശസ്വി ജയ്സ്വാളും (87), രവീന്ദ്ര ജഡേജയും (89) അർധ സെഞ്ചറിയുമായി തിളങ്ങി. 19.3 ഓവറുകൾ പന്തെറിഞ്ഞ് മുഹമ്മദ് സിറാജ് ഒന്നാം ഇന്നിങ്സിൽ‍ ആറു വിക്കറ്റുകൾ വീഴ്ത്തി.

English Summary:

India vs England Second Test, Day Five Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com