Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിസിസിഐ: ഇടക്കാല ഭാരവാഹികളെ നിർദേശിക്കാം

BCCI Logo

ന്യൂഡൽഹി∙ ലോധ കമ്മിഷൻ ശുപാർശകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ക്രിക്കറ്റ് ബോർഡിന്റെ ഇടക്കാല ഭരണസമിതിയിലേക്ക് പേരുകൾ ശുപാർശ ചെയ്യാൻ കേന്ദ്ര സർക്കാരിനും ബിസിസിഐയ്ക്കും സുപ്രീം കോടതി അനുമതി നൽകി. കേസിൽ അമിക്കസ്‌ക്യൂറിമാരായ ഗോപാൽ സുബ്രഹ്മണ്യവും അനിൽ ദിവാനും നിർദേശിച്ച പേരുകൾ മാത്രം ഇടക്കാല ഭരണസമിതിയിലേക്ക് പരിഗണിക്കുന്നത് ഏകപക്ഷീയമാണെന്ന വാദം അംഗീകരിച്ചാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അനുമതി നൽകിയത്. 70 വയസ്സ് പിന്നിട്ടവരെ ഇടക്കാല ഭാരവാഹികളായും പരിഗണിക്കില്ല.

ലോധ സമിതി ശുപാർശകൾ അംഗീകരിച്ച സുപ്രീംകോടതി വിധി പുനഃപരിശോധിച്ചേക്കുമെന്നുള്ള വാർത്തകൾ കോടതി തള്ളിക്കളഞ്ഞു. വിധി പുറപ്പെടുവിച്ചാൽ നടപ്പാക്കുക മാത്രമാണ് വഴിയെന്നും കോടതി വ്യക്തമാക്കി. അടുത്ത മാസം നടക്കുന്ന ഐസിസി യോഗത്തിൽ പങ്കെടുക്കാൻ ബിസിസിഐയുടെ മൂന്ന് പ്രതിനിധികൾക്ക് കോടതി അനുമതി നൽകി. ആരാണ് പങ്കെടുക്കുന്നതെന്നു കോടതിയെ അറിയിക്കണം.

ബിസിസിഐയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലും കേന്ദ്രത്തിനു വേണ്ടി അറ്റോർണി ജനറൽ മുകുൾ റോഹ്‌തഗിയുമാണ് പേരുകൾ സമർപ്പിക്കാൻ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. മുദ്രവച്ച കവറിൽ 27ന് മുൻപാണ് പേരുകൾ സമർപ്പിക്കേണ്ടത്. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും. അന്ന് ഭാരവാഹികളെ തീരുമാനിക്കും. സുപ്രീംകോടതി പുറപ്പെടുവിച്ച പ്രധാന ഉത്തരവിലെ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ടായിരിക്കും ഭരണസമിതിയിലേക്ക് പുതിയ ഭാരവാഹികളെ നിയമിക്കുക.

ബന്ധപ്പെട്ട കക്ഷികളുടെയെല്ലാം നിർദേശങ്ങൾ പരിഗണിക്കും. ബിസിസിഐയുടെയും കേന്ദ്ര സർക്കാരിന്റെയും ശുപാർശകളും പരിഗണിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ലോധ സമിതി ശുപാർശകൾ നടപ്പാക്കുന്നത് തടസ്സപ്പെടുത്തിയതിന് ബിസിസിഐ ഭാരവാഹികളായ അനുരാഗ് താക്കൂറിനെയും അജയ് ഷിർക്കേയും കോടതി ഇടപെട്ട് സ്ഥാനത്ത് നിന്നു നീക്കിയിരുന്നു.

തുടർന്ന്, ഇടക്കാല ഭരണസമിതിയിലേക്ക് അമിക്കസ്‌ക്യൂറിമാർ ഒമ്പത് പേരുകൾ നിർദേശിച്ചു. ഈ പേരുകളിൽ തൃപ്തിയില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
ഈ സാഹചര്യത്തിലാണ്, ബിസിസിഐയുടെയും സർക്കാരിന്റെയും കൂടി നാമനിർദേശങ്ങൾ പരിഗണിക്കാൻ കോടതി തീരുമാനിച്ചത്.

കേരള ക്രിക്കറ്റ് വിഭാഗങ്ങൾ തമ്മിൽ തർക്കം

ന്യൂഡൽഹി∙ ലോധ കമ്മിറ്റിയുമായി ബന്ധപ്പെട്ട വാദത്തിനിടെ കേരള ക്രിക്കറ്റ് അസോസിയേഷനിലെ രണ്ടു വിഭാഗങ്ങൾ തമ്മിൽ സുപ്രീം കോടതിയിൽ തർക്കം. ഭരണസമിതിയെ നിശ്ചയിക്കുന്നതിനു മുൻപ് സംസ്ഥാന അസോസിയേഷനുകളുടെ ഭാഗം കൂടി കേൾക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിങ് ആവശ്യപ്പെട്ടു.

എന്നാൽ, കാലിക്കറ്റ് ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് സതീഷ്ചന്ദ്രനു വേണ്ടി ഹാജരായ അഡ്വ. വി.കെ. ബിജു ഇതിനെ എതിർത്തു. കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ത്വരിത പരിശോധനാ റിപ്പോർട്ടുകൾ വിജിലൻസ് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Your Rating: