Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നൈറ്റ് വാച്ച്മാനായി’ റായ്

PTI1_30_2017_000134B (ഘടികാരക്രമത്തിൽ) ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഡയാന എദുൽജി, ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫിനാൻസ് കമ്പനി (എഡിഎഫ്സി) സിഇഒ വിക്രം ലിമായെ, മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വിനോദ് റായി, ക്രിക്കറ്റ് പംക്തീകാരൻ കൂടിയായ ചരിത്രകാരൻ രാമചന്ദ്ര ഗുഹ.

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിലെ ശുദ്ധീകരണ പ്രക്രിയയ്ക്കു മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി നിയോഗിച്ച നാലംഗ ഇടക്കാല ബിസിസിഐ സമിതിയെ മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വിനോദ് റായി നയിക്കും.

ക്രിക്കറ്റ് പംക്തീകാരൻ കൂടിയായ ചരിത്രകാരൻ രാമചന്ദ്ര ഗുഹ, ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫിനാൻസ് കമ്പനി (എഡിഎഫ്സി) സിഇഒ വിക്രം ലിമായെ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഡയാന എദുൽജി എന്നിവരാണു മറ്റംഗങ്ങൾ. കായിക സെക്രട്ടറിയെ സമിതിയിൽ അംഗമാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ശുപാർശ കോടതി തള്ളി. സർക്കാർ ഉദ്യോഗസ്ഥർ ക്രിക്കറ്റ് ഭരണസമിതിയിൽ അംഗങ്ങളാകുന്നതിനെ ലോധ കമ്മിറ്റി വിലക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ലോധ കമ്മിറ്റി ശുപാർശകൾ നടപ്പാക്കുകയാണ് ഇവരുടെ ചുമതല.

അടുത്ത മാസം രണ്ടിനു നടക്കുന്ന ഐസിസി യോഗത്തിൽ പങ്കെടുക്കാൻ വിക്രം ലിമായെ, ബിസിസിഐ മുൻ ഭാരവാഹികളായ അമിതാഭ് ചൗധരി, അനിരുദ്ധ് ചൗധരി എന്നിവരെ ചുമതലപ്പെടുത്തി. ഇന്ത്യൻ ക്രിക്കറ്റ് ഭരണരംഗം ശുദ്ധീകരിക്കുന്നതിനു സുപ്രീം കോടതി തുടങ്ങിവച്ച ദീർഘകാല നടപടിയുടെ നിർണായക ഘട്ടമാണ് ഇതോടെ പൂർത്തിയായത്. ശുദ്ധി കലശത്തിനെതിരെ ഓരോ ഘട്ടത്തിലും എതിർപ്പുയർത്തിയ ബിസിസിഐയിലെ വൻതോക്കുകൾ ഇതോടെ തീർത്തും കളത്തിനു പുറത്തായി.

ലോധ സമിതി ശുപാർശകൾ പരിപൂർണമായി നടപ്പാക്കി തിരഞ്ഞെടുപ്പിലൂടെ പുതിയ ഭരണ സമിതി ചുമതലയേൽക്കുന്നതുവരെയാണ് ഇടക്കാല ഭരണസമിതി തുടരുക. കാലാവധി നിശ്ചയിച്ചിട്ടില്ല. ലോധ സമിതി ശുപാർശകൾ അംഗീകരിച്ച 2016 ജൂലൈയിലെ സുപ്രീം കോടതി വിധി എത്രത്തോളം നടപ്പാക്കിയെന്നു ബിസിസിഐ ഒരാഴ്ചയ്ക്കകം ഇടക്കാല സമിതിയെ അറിയിക്കണമെന്നു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ ഇനി നടപ്പാക്കാനുള്ള നിർദേശങ്ങൾ കൂടി അടങ്ങുന്ന റിപ്പോർട്ട് ഇടക്കാല സമിതി നാലാഴ്ചയ്ക്കകം സുപ്രീം കോടതിയിൽ സമർപ്പിക്കണം. കേസ് ഇനി മാർച്ച് 27ന് പരിഗണിക്കും. സുതാര്യത ഉറപ്പാക്കുന്നതിനു ബോർഡിന്റെ കണക്കുകൾ പരിശോധിക്കാൻ വിനോദ് റായിയെ ചുമതലപ്പെടുത്തണമെന്നു കേസിലെ അമിക്കസ് ക്യൂറിമാരായ ഗോപാൽ സുബ്രഹ്മണ്യവും അനിൽ ദിവാനും നേരത്തേ ശുപാർശ ചെയ്തിരുന്നു.

കണക്കുകളിൽ മാത്രമല്ല, പ്രവർത്തനത്തിലും സുതാര്യത ഉറപ്പാക്കുന്നതിനാണു വിട്ടുവീഴ്ചയില്ലാത്ത കൃത്യനിർവഹണ ശേഷിക്കു പേരുകേട്ട വിനോദ് റായിയെ കോടതി ഇടക്കാല സമിതിയുടെ ചുമതല ഏൽപിച്ചത്. ലോധ ശുപാർശകൾ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയ പ്രസിഡന്റ് അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ള ഭാരവാഹികളെ നേരത്തേ സുപ്രീംകോടതി നീക്കിയിരുന്നു.

നിലവിൽ ബോർഡിന്റെ ചുമതല വഹിക്കുന്നതു സിഇഒ രാഹുൽ ജോഹ്രിയാണ്. ഇടക്കാല സമിതിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ കോടതി സിഇഒയ്ക്കു നിർദേശം നൽകി. ജസ്റ്റിസ് എ.എൻ.കൻവിൽകാർ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ചിന്റേതാണു നടപടി. കോടതിയുടെ മറ്റു പ്രധാന പരാമർശങ്ങൾ ഇവയാണ്:

∙ ഇടക്കാല ഭരണസമിതിക്കു പ്രതിഫലം നൽകരുതെന്ന ബിസിസിഐയുടെയും ചില സംസ്ഥാന അസോസിയേഷനുകളുടെയും ആവശ്യം തള്ളി. ഇവർക്കു നൽകുന്ന പ്രതിഫലവുമായി ബന്ധപ്പെട്ട നിർദേശം സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

∙ കേന്ദ്രസർക്കാരിന്റെ ബാങ്കിങ് ബോർഡ് ചെയർമാൻ പദവി വഹിക്കുന്ന വിനോദ് റായിയെ ഉൾപ്പെടുത്തിയതു ലോധ സമിതി ശുപാർശയുടെ ലംഘനമെന്ന് അസോസിയേഷനുകൾക്കു വേണ്ടി ഹാജരായ കപിൽ സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഇതു സർക്കാർ പദവിയല്ലെന്ന അമിക്കസ് ക്യൂറിയുടെ വാദം കോടതി അംഗീകരിച്ചു.

വിനോദ് റായ് (അധ്യക്ഷൻ)

1972 കേരള ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ. കേരളത്തിലെ സർവീസിനിടെ തൃശൂർ കലക്ടർ സ്ഥാനമുൾപ്പെടെ നിരവധി പദവികൾ വഹിച്ചു. കേന്ദ്ര ധനകാര്യ- വാണിജ്യ മന്ത്രാലയങ്ങളിൽ വിവിധ പദവികൾ വഹിച്ചശേഷം 2008ൽ ഇന്ത്യയുടെ പതിനൊന്നാമതു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി സ്ഥാനമേറ്റു. 2013 വരെ പദവിയിൽ തുടർന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ കൊടുങ്കാറ്റുയർത്തിയ ടൂജി സ്പെക്ട്രം അഴിമതിക്കേസ് പുറത്തുകൊണ്ടുവന്നത് ഇക്കാലത്താണ്. നിലവിൽ ഐക്യരാഷ്ട്രസഭയുടെ എക്സ്റ്റേണൽ ഓഡിറ്റേഴ്സ് പാനലിന്റെ ചെയർമാൻ.

‘നൈറ്റ് വാച്ച്മാന്റെ ജോലിയാണു സുപ്രീം കോടതി എന്നെ ഏൽപിച്ചിരിക്കുന്നത്. അത് പരമാവധി ഭംഗിയായി ചെയ്യും. എനിക്ക് ഏറെ ഇഷ്ടമുള്ള കളിയാണു ക്രിക്കറ്റ്. അത് നേരായ ദിശയിലാണു പോകുന്നതെന്ന് ഉറപ്പാക്കും.’

രാമചന്ദ്ര ഗുഹ

ചരിത്രകാരനായ രാമചന്ദ്ര ഗുഹ രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന നോൺ-ഫിക്‌ഷൻ എഴുത്തുകാരിൽ ഒരാളാണ്. വിവിധ പ്രസിദ്ധീകരണങ്ങളിൽ ക്രിക്കറ്റ് കോളമെഴുതുന്ന ഗുഹ, കോർണർ ഓഫ് ഫോറിൻ ഫീൽഡ് എന്ന പേരിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രമെഴുതിയിട്ടുണ്ട്.

ലോകപ്രശസ്തമായ യാലെ, സ്റ്റാൻഫോർഡ്, ഓസ്‌ലോ സർവകലാശാലകളിൽ പഠിപ്പിച്ചിട്ടുണ്ട്. കലിഫോർണിയ സർവകലാശാലയിൽ വിസിറ്റിങ് പ്രഫസറായിരുന്നു. പാരിസ്ഥിതിക ചരിത്രവുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങളെഴുതി. ഇന്ത്യ ആഫ്റ്റർ ഗാന്ധി ഏറെ ചർച്ച ചെയ്യപ്പെട്ട കൃതിയാണ്.

‘സുപ്രീം കോടതി നിർദേശം സ്വീകരിക്കുന്നു. ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ല.’

ഡയാന എദുൽജി

സമിതിയിലെ ഏക കായികതാരം. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ. പതിനേഴു വർഷം നീണ്ടുനിന്ന രാജ്യാന്തര കരിയറിനിടെ 20 ടെസ്റ്റ് മൽസരങ്ങളും നൂറോളം ഏകദിന മൽസരങ്ങളും കളിച്ചു. 1983ൽ അർജുന അവാർഡും 2002ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു.

‘ഇതു ബഹുമതിയായി കാണുന്നു. വനിതാ ക്രിക്കറ്റ് പ്രോൽസാഹിപ്പിക്കുന്നതിനു കൂടുതൽ ഊന്നൽ നൽകും. ഭാരിച്ച ചുമതലയോട് നീതി പുലർത്താൻ പരമാവധി ശ്രമിക്കും’

വിക്രം ലിമായെ

ചാർട്ടേഡ് അക്കൗണ്ടന്റ്. ഇൻഫ്രാസ്ട്രെക്ചർ ഡവലപ്മെന്റ് ഫിനാൻസ് കമ്പനി ലിമിറ്റഡ് (ഐഡിഎഫ്സി) സിഇഒ. അമേരിക്കയിൽ നിന്ന് എംബിഎ ബിരുദം നേടിയ ലിമായെയ്ക്ക് സാമ്പത്തിക മേഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. അടിസ്ഥാനസൗകര്യ വികസനം, സാമ്പത്തിക നയം, വിപണി, വ്യാപാരം എന്നീ മേഖലകളിൽ വിവിധ സർക്കാർ സമിതികളുടെ നയരൂപീകരണത്തിൽ പങ്ക് വഹിച്ചു.

‘വിനോദ് റായ് ഉൾപ്പെടെ സത്യസന്ധരായ വ്യക്തികൾക്കൊപ്പം ജോലി ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷം’.

related stories