Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിനും ഗാംഗുലിക്കും ദ്രാവിഡിനും സാധിക്കാത്തത് കരുൺ നേടി; മൂന്നാം ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി!

Karun-Nair സെഞ്ചുറി നേടിയ കരുൺ നായരുടെ ആഹ്ളാദം.

ചെന്നൈ ∙ കന്നി ടെസ്റ്റ് സെഞ്ചുറിക്ക് ഇരട്ടസെഞ്ചുറിയുടെയും പിന്നാലെ ട്രിപ്പിൾ സെഞ്ചുറിയുടെയും ശോഭ പകർന്ന മലയാളി താരം കരുൺ നായരുടെ മികവിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ടെസ്റ്റിലെ ഏറ്റവും ഉയർന്ന സ്കോർ. കരുണിന്റെ ട്രിപ്പിൾ സെഞ്ചുറിക്കരുത്തിൽ ഇന്ത്യ നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 759 റൺസ്. ടെസ്റ്റിൽ സെ‍ഞ്ചുറി നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സ്വന്തമാക്കി മണിക്കൂറുകൾക്കുള്ളിലാണ് ഈ നേട്ടത്തെ ഇരട്ടസെഞ്ചുറിയും പിന്നാലെ ട്രിപ്പിള്‍ സെഞ്ചുറിയുമാക്കി രൂപാന്തരപ്പെടുത്തി കരുൺ അഭിമാനതാരമായത്.

	 Karun-Nair ഇംഗ്ലണ്ടിനെതിരെ കരുൺ നായരുടെ ബാറ്റിങ്.

സാക്ഷാൽ സുനിൽ ഗാവാസ്കറിനും സച്ചിൻ തെൻഡുൽക്കറിനും സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയ വമ്പൻമാർക്കും സാധിക്കാത്ത നേട്ടമാണ് വെറും മൂന്നാം ടെസ്റ്റ് കളിക്കുന്ന കരുൺ നായർ സ്വന്തം പേരിൽ കുറിച്ചത്. ഈ മൽസരത്തിന് മുൻപ് കരുണിന്റെ ടെസ്റ്റിലെ ഉയർന്ന സ്കോർ വെറും 13 റൺസായിരുന്നു. സാക്ഷാൽ വീരേന്ദർ സെവാഗിനുശേഷം ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ താരമാണ് ബെംഗളൂരു മലയാളിയായ കരുൺ നായർ. സെവാഗ് രണ്ടു തവണ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുണ്ട്.

Karun-Nair

കരുണിന്റെ ട്രിപ്പിൾ സെഞ്ചുറിയുടെയും ഇരട്ടസെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ ലോകേഷ് രാഹുലിന്റെയും അർധസെഞ്ചുറി നേടിയ പാർഥിവ് പട്ടേൽ (71), അശ്വിൻ (67), ജഡേജ (51) എന്നിവരുടെയും മികവിലാണ് ടെസ്റ്റിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോർ ഇന്ത്യ കുറിച്ചത്. കരുൺ ട്രിപ്പിൾ സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഇന്നിങ്സ് ഡിക്ലയർ ചെയ്തു. കരുൺ 303 റൺസോടെയും ഉമേഷ് യാദവ് ഒരു റണ്ണോടെയും പുറത്താകാതെ നിന്നു.

നിലവിൽ ഇന്ത്യയ്ക്ക് 282 റൺസ് ലീഡുണ്ട്. ആറാം വിക്കറ്റിൽ അശ്വിനൊപ്പം 181 റൺസും ഏഴാം വിക്കറ്റിൽ ജഡേജയ്ക്കൊപ്പം 138 റൺസും കൂട്ടിച്ചേർത്ത കരുൺ നായരാണ് ടീമിന് റെക്കോർഡ് സ്കോർ സമ്മാനിച്ചത്. 2009ൽ ശ്രീലങ്കയ്ക്കെതിരെ മുംബൈയിൽ നേടിയ 726 റൺസിന്റെ റെക്കോർഡാണ് ഇന്ത്യ തിരുത്തിയത്. അവസാന ദിനം പിച്ച് സ്പിന്നിനെ വഴിവിട്ടു സഹായിച്ചാൽ ഇന്ത്യയ്ക്ക് അനായാസം വിജയത്തിലെത്താം.

കരിയറിലെ മൂന്നാം ടെസ്റ്റ് മാത്രം കളിക്കുന്ന കരുണിന്റെ ട്രിപ്പിൾ സെഞ്ചുറി തികച്ചും ആധികാരികമായിരുന്നു. കഴിഞ്ഞ ദിവസം വെറും ഒരു റണ്ണകലെ ഇരട്ടസെഞ്ചുറി നഷ്ടമായ കർണാടക ടീമിലെ സുഹൃത്തുകൂടിയായ ലോകേഷ് രാഹുലിന്റെ പിഴവ് ആവർത്തിക്കാതെ അനായാസം തന്നെ കരുൺ ട്രിപ്പിൾസെഞ്ചുറിയിലേക്കെത്തി. 381 പന്തിൽ 32 ബൗണ്ടറിയും നാലു സിക്സും നിറം ചാർത്തിയതായിരുന്നു ആ ഇന്നിങ്സ്. 55 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സുമുൾപ്പെടെ 51 റൺസെടുത്ത ജഡേജ കരുണിന് യോജിച്ച കൂട്ടായി. അർധസെഞ്ചുറി നേടിയ രവിചന്ദ്ര അശ്വിനൊപ്പം (67) ആറാം വിക്കറ്റിൽ കരുൺ നായർ പടുത്തുയർത്തിയ 181 റൺസിന്റെ കൂട്ടുകെട്ടും മൽസരത്തിൽ നിർണായകമായി. സ്റ്റ്യുവാർട്ട് ബ്രോഡിന്റെ പന്തിൽ ജോസ് ബട്‌ലറിന് ക്യാച്ചു സമ്മാനിച്ചാണ് അശ്വിൻ മടങ്ങിയത്. 149 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും നിറം ചാർത്തിയ ഇന്നിങ്സ്. 29 റൺസെടുത്ത മുരളി വിജയിന്റെ വിക്കറ്റാണ് ഇന്ന് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. അരങ്ങേറ്റക്കാരൻ ലിയാം ഡേവ്സന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് മുരളി വിജയ് മടങ്ങിയത്.

മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 391 എന്ന നിലയിലായിരുന്നു. 199 റൺസ് നേടിയ ലോകേഷ് രാഹുലിന്റെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലേക്ക് എത്തിയത്.

മൽസരത്തിലെ ചില സവിശേഷതകൾ

∙ ടോസ് നഷ്ടമായ ശേഷം ഈ പരമ്പരയിൽ ഇന്ത്യ 400ൽ കൂടുതലുള്ള സ്കോർ നേടുന്നത് ഇത് നാലാം തവണയാണ്. ഈ നേട്ടം മൂന്നിൽ കൂടുതൽ തവണ നേടിയ ടീം ഇന്ത്യ മാത്രമാണ്.

∙ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ മറികടക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണ് 477. 1982-83ൽ ഡൽഹിയിൽ 476 റൺസിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ മറികടന്നതാണ് ഇതിന് മുൻപുള്ള റെക്കോർഡ്.

∙ കരുൺ നായരും സെഞ്ചുറി പൂർത്തിയാക്കിയതോടെ ഈ പരമ്പരയിൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങളുടെ എണ്ണം ആറായി. ഇത് നാലാം തവണയാണ് ടീം ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. 1978-79ൽ വെസ്റ്റ് ഇൻഡീസിനെതിരെയൊണ് ഈ നേട്ടം അവസാനമായി കൈവരിച്ചത്.

∙ ടെസ്റ്റിൽ 199 റൺസിൽ പുറത്താകുന്ന ഒൻപതാമത്തെ താരമാണ് ലോകേഷ് രാഹുൽ. രണ്ടാമത്തെ ഇന്ത്യൻ താരവും. മുഹമ്മദ് അസ്ഹറുദ്ദീനാണ് ആദ്യതാരം.

∙ ഇംഗ്ലണ്ടിനെതിരെ ഒരു ഇന്ത്യൻ ഓപ്പണർ നേടുന്ന ഉയർന്ന രണ്ടാമത്തെ സ്കോറാണ് 199. 1979ൽ സുനിൽ ഗാവാസ്കർ നേടിയ 221 റൺസാണ് ഉയർന്ന സ്കോർ.

∙ ഓപ്പണിങ്ങിൽ ഇന്ത്യൻ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നത് 31 ഇന്നിങ്സുകൾക്ക് ശേഷമാണ്. ഈ ടെസ്റ്റിൽ പാർഥിവ് പട്ടേൽ-ലോകേഷ് രാഹുൽ സഖ്യം 152 റൺസെടുത്തു.

∙ ഈ ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ഡേവ്സൻ നേടിയ 66 റൺസ് ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇംഗ്ലണ്ടിന്റെ എട്ടാം നമ്പർ താരം നേടുന്ന ഉയർന്ന സ്കോറാണ്.

related stories
Your Rating: