Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കട്ടക്കിൽ റൺമഴ; ആവേശപ്പോരിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യയ്ക്ക് ജയം, പരമ്പര

CRICKET-IND-ENG ഇംഗ്ലണ്ട് താരം ജോ റൂട്ട് പുറത്തായപ്പോൾ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം.

കട്ടക്ക് ∙ ബരാബതിയിൽ ഇന്നലെ കണ്ടത് ഏകദിന മൽസരമായിരുന്നില്ല. ഓരോ ഓവറിലും റൺപടക്കം നിറച്ചു വച്ച ഒന്നിലേറെ ട്വന്റി20 മൽസരങ്ങൾ! വിരാട് കോഹ്‌ലിയുടെ ‘യങ് ഇന്ത്യൻ’ ടീമിലെ വെറ്ററൻ താരങ്ങളായ യുവ്‌രാജ് സിങിന്റെയും (127 പന്തിൽ 150) മഹേന്ദ്ര സിങ് ധോണിയുടെയും (122 പന്തിൽ 134) സെഞ്ചുറികൾക്ക് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗന്റെ (81 പന്തിൽ 102) ഉജ്വല സെഞ്ചുറിയിലൂടെ തിരിച്ചടി നൽകിയപ്പോൾ പരമ്പരയിലെ രണ്ടാം മൽസരവും അവസാന ഓവർ വരെ ആവേശകരം. ആറിന് 381 എന്ന ഇന്ത്യൻ സ്കോറിന് അതേ നാണയത്തിൽ തിരിച്ചടി നൽകിയ ഇംഗ്ലണ്ടിന്റെ വെല്ലുവിളി പക്ഷേ പതിനഞ്ചു റൺസ് അകലെ അവസാനിച്ചു. സ്കോർ: ഇന്ത്യ– 50 ഓവറിൽ ആറിന് 381. ഇംഗ്ലണ്ട്– 50 ഓവറിൽ എട്ടിന് 366. ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടേത് പോലൊരു ഇന്നിങ്സായിരുന്നു മോർഗന്റേതെങ്കിലും കളിയുടെ ഗതി മാറ്റാൻ കൂട്ടിന് കേദാർ ജാദവിനെപ്പോലൊരാൾ ഇംഗ്ലണ്ട് നിരയിലുണ്ടായില്ല. ജയത്തോടെ പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കി. മൂന്നാം മൽസരം ഞായറാഴ്ച കൊൽക്കത്തയിൽ.

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പഴയ യുവരാജാവും മഹാരാജാവും പിച്ചിനെ അടക്കി ഭരിച്ചപ്പോൾ ഇംഗ്ലണ്ട് ഒരിക്കൽ കൂടി ഇന്ത്യൻ മണ്ണിന്റെ റൺകൂററിഞ്ഞു. രണ്ടാം ഇന്നിങ്സിലെ മഞ്ഞുവീഴ്ച മുന്നിൽ കണ്ട്, ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. അഞ്ച് ഓവർ തികയുന്നതിനു മുൻപ് കെ.എൽ രാഹുൽ(അഞ്ച്), ശിഖർ ധവാൻ(11), വിരാട് കോഹ്‌‍ലി (എട്ട്) എന്നിവർ മടങ്ങിയെത്തി. മൂന്നു പേരെയും വീഴ്ത്തിയത് ക്രിസ് വോക്സ്. 5–3–14–3 എന്നായിരുന്നു ആദ്യ സ്പെല്ലിൽ വോക്സിന്റെ പ്രകടനം. എന്നാൽ അഞ്ചാം ഓവറിൽ ക്രീസിൽ ഒത്തു ചേർന്ന യുവ്‌രാജും ധോണിയും പിരിയുന്നത് 43–ാം ഓവറിൽ. അപ്പോൾ സ്കോർ 281 റൺസ്. നാലാം വിക്കറ്റിൽ 256 റൺസാണ് ഇരുവരും കൂടി നേടിയത്. അനായാസമായ സ്ട്രോക്കുകളുമായി യുവരാജ് മുന്നേറിയപ്പോൾ കരുതലുള്ള കൂട്ടായിരുന്നു ധോണി. സ്വതസിദ്ധമായ പിച്ചിനെ തൂത്തുവാരിയുള്ള ഡ്രൈവുകൾ വീണ്ടുമൊരിക്കൽ കൂടി യുവിയുടെ ബാറ്റിൽ നിന്ന് തുടരെ പിറന്നു. ബാറ്റിന്റെ ഗ്രിപ്പ് നെഞ്ചിനോടു മുട്ടിച്ചുള്ള യുവിയുടെ സെഞ്ചുറി ആഘോഷത്തോട് കട്ടക്കിലെ ഗാലറി എഴുന്നേറ്റു നിന്നാണ് പ്രതികരിച്ചത്. ഏകദിന കരിയറിൽ യുവിയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 127 പന്തിൽ 21 ഫോറും മൂന്നു സിക്സും സഹിതം.

CRICKET-IND-ENG ഇന്ത്യയുടെ മൂന്നു മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ ക്രിസ് വോക്സിന്റെ (നടുവിൽ) ആഹ്ലാദം.

നിലയുറപ്പിച്ചതോടെ പടുകൂറ്റൻ സിക്സറുകളുമായി ധോണിയും ഗാലറിയെ ഹരം കൊള്ളിച്ചു. പത്തു ഫോറുകളും ആറു സിക്സുകളുമാണ് മുൻ ക്യാപ്റ്റന്റെ ബാറ്റിൽ നിന്നു പിറന്നത്. യുവി പോയതിനു ശേഷം കേദാർ ജാദവ് (10 പന്തിൽ 22), ഹാർദിക് പാണ്ഡ്യ (9 പന്തിൽ 19), രവീന്ദ്ര ജഡേജ (8 പന്തിൽ 16) എന്നിവരെ കൂട്ടുപിടിച്ച് ധോണി സ്കോർ 350 കടത്തി. 48–ാം ഓവറിൽ വില്ലിയുടെ പന്തിൽ ബൗണ്ടറി ലൈനിനരികെ പ്ലങ്കറ്റിനു ക്യാച്ച് കൊടുത്താണ് ധോണി പുറത്തായത്. അവസാന പത്ത് ഓവറിൽ 120 റൺസാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ് തുടക്കം ഗംഭീരമായിരുന്നു. രണ്ടാം വിക്കറ്റിൽ ജേസൺ റോയിയും (82) ജോ റൂട്ടും (54) ചേർന്നപ്പോൾ സെഞ്ചുറി കൂട്ടുകെട്ട് പിറന്നു. റൂട്ടിനെ അശ്വിൻ മടക്കിയപ്പോൾ അതിനെക്കാൾ പ്രഹരശേഷിയുള്ള ബാറ്റുമായി ക്യാപ്റ്റൻ മോർഗൻ. ഇന്ത്യ അനായാസം ജയിക്കുമെന്നു കരുതിയ മൽസരത്തെ മോർഗൻ അവസാനമായപ്പോഴേക്കും അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടാവുന്ന നിലയിലാക്കി. മൊയീൻ അലി (43 പന്തിൽ 55), പ്ലങ്കറ്റ് (17 പന്തിൽ 26) എന്നിവർ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. എന്നാൽ 49–ാം ഓവറിന്റെ മൂന്നാം പന്തിൽ മോർഗനെ ബുംറ റൺഔട്ടാക്കിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ അവസാനിച്ചു.

സ്കോർ ബോർഡ്

India England Cricket ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ യുവരാജ് സിങ്ങും മഹേന്ദ്ര സിങ് ധോണിയും ബാറ്റിങ്ങിനിടെ.

ഇന്ത്യ: കെ.എൽ രാഹുൽ സി സ്റ്റോക്സ് ബി വോക്സ്–അഞ്ച്, ശിഖർ ധവാൻ ബി വോക്സ്–11, വിരാട് കോഹ്‌ലി സി സ്റ്റോക്സ് ബി വോക്സ്–എട്ട്, യുവ്‌രാജ് സിങ് സി ബട്‌ലർ ബി വോക്സ്–150, എം.എസ് ധോണി സി വില്ലി ബി പ്ലങ്കറ്റ്–134, കേദാർ ജാദവ് സി ബോൾ ബി പ്ലങ്കറ്റ്–22, ഹാർദിക് പാണ്ഡ്യ നോട്ടൗട്ട്–19, രവീന്ദ്ര ജഡേജ നോട്ടൗട്ട്–16, എക്സ്ട്രാസ്–16. ആകെ 50 ഓവറിൽ ആറു വിക്കറ്റിന് 381.

വിക്കറ്റ് വീഴ്ച: 1–14, 2–22, 3–25, 4–281, 5–323, 6–358.

ബോളിങ്: വോക്സ് 10–3–60–4, വില്ലി 5–0–32–0, ബോൾ 10–0–80–0, പ്ലങ്കറ്റ് 10–1–91–2, സ്റ്റോക്ക്സ് 9–0–79–0, അലി 6–0–33–0.

ഇംഗ്ലണ്ട്: ജേസൺ റോയ് ബി ജഡേജ–82, ഹെയ്ൽസ് സി ധോണി ബി ബുംറ–14, ജോ റൂട്ട് സി കോഹ്‌ലി ബി അസ്വിൻ–54, ഒയിൻ മോർഗൻ റൺഔട്ട്–102, ബെൻ സ്റ്റോക്സ് ബി അശ്വിൻ–ഒന്ന്, ജോസ് ബട്‌ലർ സ്റ്റംപ്ഡ് ധോണി ബി അശ്വിൻ–10, മോയിൻ അലി ബി ഭുവനേശ്വർ–55, ക്രിസ് വോക്സ് ബി ബുംറ–അഞ്ച്, ലിയാം പ്ലങ്കറ്റ് നോട്ടൗട്ട്–26, ഡേവിഡ് വില്ലി നോട്ടൗട്ട്–അഞ്ച്, എക്സ്ട്രാസ്–12. ആകെ 50 ഓവറിൽ എട്ടു വിക്കറ്റിന് 366.

വിക്കറ്റ് വീഴ്ച: 1–28, 2–128, 3–170, 4–173, 5–206, 6–299, 7–304, 8–354.

ബോളിങ്: ഭുവനേശ്വർ 10–1–63–1, ബുംറ 9–0–81–2, ജഡേജ 10–0–45–1, ഹാർദിക് 6–0–60–0, അശ്വിൻ 10–0–65–3, കേദാർ 5–0–45–0.

related stories